Connect with us

Palakkad

2.65 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളുമായി ശ്രീകൃഷ്ണപുരം ബ്ലോക്ക്‌

Published

|

Last Updated

പാലക്കാട്: ഈ സാമ്പത്തിക വര്‍ഷം ശ്രീകൃഷ്ണപുരം ബ്ലോക്ക് ജനറല്‍ വിഭാഗത്തില്‍ 2.65 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്ന് പ്രസിഡന്റ് കെ സി രാമന്‍കുട്ടി അറിയിച്ചു.
ഐ എ വൈ ഭവന പദ്ധതിയില്‍ ആകെ 1.84 കോടിയും പദ്ധതി നിര്‍വഹണത്തിനായി 2 ലക്ഷം രൂപയും കേരളോത്സവം, വികലാംഗ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് എന്നിവക്കായി യഥാക്രമം 50,000 രൂപയും, അഞ്ച് ലക്ഷം രൂപയും വകയിരുത്തി. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ മഹിള കിസാന്‍ സശാക്തീകരണ പരിയോജന മികച്ച രീതിയില്‍ നടക്കുന്ന ഒരു ബ്ലോക്ക് പഞ്ചായത്താണ് ശ്രീകൃഷ്ണപുരം.
ലേബര്‍ ബാങ്കില്‍ ഉള്‍പ്പെട്ട വനിതകള്‍ക്ക് യുണിഫോമും തിരിച്ചറിയല്‍ കാര്‍ഡുകളും വിതരണം ചെയ്യുന്നതിന് 2.04 ലക്ഷം രൂപയും വനിതാ സ്വയം സഹായ സംഘങ്ങള്‍ക്ക് വരുമാന ദായക തൊഴില്‍ സംരംഭങ്ങളും പരിശീലനവും നല്കുന്നതിനു 6.18 ലക്ഷം രൂപയും കണ്ടെത്തിയ ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ മേഖലയിലും കാര്യമായ ഫണ്ട് നീക്കിവച്ചിട്ടുണ്ട് .
ചെര്‍പ്പുളശ്ശേരി ആലുംപാര അങ്കണവാടി നിര്‍മ്മാണം, കടമ്പഴിപ്പുറം നലുശ്ശേരി അംങ്കണവാടി നിര്‍മ്മാണം, പൂക്കോട്ടുകാവ് ലക്ഷം വീട് അങ്കണവാടി, ചെര്‍പ്പു ളശ്ശേരി വെള്ളാട്ട്കുറിശ്ശി അങ്കണവാടി എന്നിവക്കായി 36.24 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
ഉഴവുകൂലി നടീല്‍ സഹായമായി 12 ലക്ഷവും തൃക്കടീരി മനപ്പടി റോഡ്, മന്നമ്പട്ട എസ്‌റ്റേറ്റ് കൂട്ടിലക്കടവ് റോഡ്, കരിമ്പുഴ കോട്ടപ്പുറം എസ് എന്‍ കോളേജ് റോഡു നവീകരണത്തിനുമായി 15 ലക്ഷം രൂപയും അച്ചാരത്ത് തോടിനു പാലം നിര്‍മ്മിക്കുന്നതിനു അഞ്ച് ലക്ഷവും വെള്ളിനേഴി ലക്ഷം വീട് കോളനി കുടിവെള്ള പദ്ധതി പൂര്‍ത്തീകരണത്തിനും പതിനെട്ടാംപടി കുടിവെള്ള പദ്ധതിക്കുമായി 3.95 ലക്ഷവും വകയിരുത്തിയെന്നും പ്രസിഡന്റ് അറിയിച്ചു.