Connect with us

Thrissur

ജനസമ്പര്‍ക്കം: ജില്ലയില്‍ ലഭിച്ചത് 8500 അപേക്ഷകള്‍

Published

|

Last Updated

തൃശൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജൂണ്‍ നാലിന് നടത്തുന്ന ജനസമ്പര്‍ക്ക പരിപാടിയിലേക്ക് ജില്ലയില്‍ നിന്ന് 8500 പരാതികള്‍ ലഭിച്ചു. പരിപാടിയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഇന്നലെയായിരുന്നു. അപേക്ഷകള്‍ തുടര്‍ന്നും സ്വീകരിക്കുമെങ്കിലും ഇന്നലെവരെ ലഭിച്ച അപേക്ഷകള്‍ ജനസമ്പര്‍ക്ക പരിപാടിയോടെ തീര്‍പ്പാകും. ഇന്ന് മുതല്‍ ലഭിക്കുന്ന അപേക്ഷകളില്‍ മുഖ്യമന്ത്രി ജൂണ്‍ നാലിന് ജനസമ്പര്‍ക്ക പരിപാടിയില്‍ നേരിട്ട് സ്വീകരിക്കുന്ന അപേക്ഷകളോടൊപ്പമാണ് പരിഗണിക്കുക.
ജില്ലാ കലക്ടറേറ്റ് , താലൂക്ക് ഓഫീസുകള്‍, അക്ഷയ കേന്ദ്രങ്ങള്‍ എന്നിവ മുഖേന ഓണ്‍ലൈനായാണ് ജനസമ്പര്‍ക്ക പരിപാടിയിലേക്ക് ഇത്തവണ അപേക്ഷ സ്വീകരിച്ചത്. ഇതു കൂടാതെ www.jsp.keral a.gov.in എന്ന വെബ്‌സൈറ്റില്‍ നേരിട്ട് പരാതികള്‍ രജിസ്റ്റര്‍ ചെയ്യാനും പൊതുജനങ്ങള്‍ക്ക് അവസരമുണ്ടായിരുന്നു.
ഇതുവരെ ലഭിച്ചിട്ടുള്ള അപേക്ഷകള്‍ കലക്ടറേറ്റിലെ പ്രത്യേക സെല്ലില്‍ സ്വീകരിച്ച ശേഷം തീര്‍പ്പിനായി ബന്ധപ്പെട്ട വകുപ്പുകളിലേക്ക് അയച്ചു കൊടുത്തിട്ടുണ്ട്. അപേക്ഷകളിന്‍മേല്‍ ഉചിതമായ നടപടിയെടുത്ത ശേഷം വകുപ്പുകളുടെ ജില്ലാ മേധാവികള്‍ നടപടി റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് നല്‍കണം. ജില്ലാ കലക്ടറുടെ തീര്‍പ്പിനു ശേഷം അപേക്ഷകള്‍ ജില്ലാതലത്തില്‍ ഇതു സംബന്ധിച്ചു രൂപവ്തികരിച്ചിട്ടുള്ള മോണിട്ടറിംഗ് സമിതിയുടെ പരിഗണനക്ക് വിടും. മന്ത്രി സി എന്‍ ബാലകൃഷ്ണന്റെ അധ്യക്ഷതയിലുള്ളതാണ് ഈ സമിതി. മോണിട്ടറിംഗ് സമിതിയുടെ പരിഗണനയിലും തീര്‍പ്പാകാത്ത അപേക്ഷകളാണ് മുഖ്യമന്ത്രിക്ക് വിടുക. ജില്ലയില്‍ ലഭിച്ച അപേക്ഷകൡ സമയബന്ധിതമായി തീര്‍പ്പു കല്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ വിവിധ വകുപ്പുകൡലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.