രാഹുല്‍ തിരിച്ചെത്തിയതോടെ കോണ്‍ഗ്രസില്‍ വലിയമാറ്റങ്ങളുണ്ടാകുമെന്ന് റിപ്പോര്‍ട്ട്‌

Posted on: April 18, 2015 5:44 am | Last updated: April 17, 2015 at 11:45 pm

ന്യൂഡല്‍ഹി: 56 ദിവസത്തെ അവധിക്ക് ശേഷം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തിരിച്ചുവന്നതോടെ പാര്‍ട്ടി തലപ്പത്ത് വന്‍ മാറ്റങ്ങളുണ്ടാകും. പാര്‍ട്ടി നേതൃത്വത്തിലും സംഘടനാതലത്തിലും വന്‍മാറ്റങ്ങള്‍ ഉടന്‍ പ്രതീക്ഷിക്കാമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പാര്‍ട്ടിയില്‍ മാറ്റങ്ങളുണ്ടാകുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗ് പറഞ്ഞു.
സംഘടനാതലത്തില്‍ മാറ്റങ്ങളുണ്ടാകും. രാഹുല്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ നിങ്ങള്‍ക്ക് ഉടനെ കാണാമെന്നും ദിഗ്‌വിജയ് സിംഗ് പറഞ്ഞു. ഭൂമിയേറ്റെടുക്കല്‍ ബില്ലിനെതിരെ ഞായറാഴ്ച നടക്കുന്ന കിസാന്‍ റാലിയുടെ തയ്യാറെടുപ്പുകളെ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ എ ഐ സി സി വിളിച്ചുചേര്‍ത്ത യോഗത്തിന് മുന്നോടിയായാണ് ദിഗ്‌വിജയ് സിംഗ് ഇക്കാര്യം പറഞ്ഞത്. നരേന്ദ്ര മോദി സര്‍ക്കാറിനെതിരായ റാലിക്ക് രാഹുലാണ് നേതൃത്വം നല്‍കുക. 2011ല്‍ ഉത്തര്‍ പ്രദേശിലെ ഭാട്ട പര്‍സൗളയില്‍ ബലംപ്രയോഗിച്ച് കര്‍ഷകരുടെ ഭൂമിയേറ്റെടുക്കുന്നതിനെതിരെ രാഹുല്‍ പ്രത്യക്ഷ സമരത്തിന് നേതൃത്വം നല്‍കിയിരുന്നു. തുടര്‍ന്നാണ് അന്നത്തെ യു പി എ സര്‍ക്കാര്‍ ഭൂമിയേറ്റെടുക്കല്‍, പുനരധിവാസം, താമസമുറപ്പിക്കല്‍ നിയമം- 2013 കൊണ്ടുവന്നത്. മോദി സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നതിനെതിരെ രാജ്യത്തുടനീളം വന്‍ കര്‍ഷക പ്രക്ഷോഭം നടത്താനാണ് കോണ്‍ഗ്രസിന്റെ നീക്കം. അതിന്റെ ആദ്യപടിയാണ് ഡല്‍ഹിയിലെ കിസാന്‍ റാലി. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിന് തൊട്ടുതലേന്നാണ് റാലിയെന്നതും ശ്രദ്ധേയമാണ്. ഭൂമിയേറ്റുടക്കല്‍ ഓര്‍ഡിനന്‍സിന്റെ കാലാവധി കേന്ദ്രം ദീര്‍ഘിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ശനിയാഴ്ച കര്‍ഷക പ്രതിനിധികളെ രാഹുല്‍ കണ്ടേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ബജറ്റ് സമ്മേളനത്തിന്റെ തൊട്ടുതലേന്ന് അപ്രത്യക്ഷനായ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസമാണ് ഡല്‍ഹിയിലെത്തിയത്. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്ന് അവധിയെടുക്കുകയായിരുന്നു.