നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് പൂര്‍ണമായും സൗജന്യമാക്കും: തൊഴില്‍മന്ത്രി

Posted on: April 18, 2015 6:00 am | Last updated: April 17, 2015 at 11:35 pm

തിരുവനന്തപുരം: നഴ്‌സുമാര്‍ക്ക് വിദേശ റിക്രൂട്ട്‌മെന്റ് ഇനി മുതല്‍ സൗജന്യമാക്കുമെന്ന് തൊഴില്‍ മന്ത്രി ഷിബുബേബി ജോണ്‍. കേരളത്തിലെ നഴ്‌സുമാര്‍ക്ക് വിദേശജോലി ഉറപ്പാക്കാന്‍ അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്റിന് (കേസ്) കീഴില്‍ ആരംഭിക്കുന്ന നൈസിന്റെ പ്രവേശന പരീക്ഷയുടെ പ്രോസ്‌പെക്ടസ് പ്രകാശനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
വിദേശത്തേക്ക് ജോലിക്ക്‌പോകുന്ന നഴ്‌സുമാര്‍ക്ക് ഏറ്റവും കൂടുതല്‍ പണം ചെലവാകുന്നത് റിക്രൂട്ട്‌മെന്റിനാണ്. എന്നാല്‍ ജോലി നേടിക്കഴിഞ്ഞാലും ഇക്കൂട്ടര്‍ ചൂഷണത്തിന് വിധേയരാകുന്നു. അധിക പണച്ചെലവ് അവരെ കടബാധ്യതയിലെത്തിക്കുന്നു. പണച്ചെലവ് കുറക്കാനും വിദേശരാജ്യങ്ങളില്‍ നഴ്‌സുമാര്‍ക്ക് ജോലി ഉറപ്പാക്കുന്നതിനുള്ള നൂതന പരീശീലന പരിപാടിയാണ് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നത്. അതിനായിട്ടാണ് നഴ്‌സിംഗ് ഫോര്‍ കരിയര്‍ എന്‍ഹാന്‍സ്‌മെന്റ് ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വിദേശ രാജ്യങ്ങളുടെ അംഗീകാരമുള്ള പരിശീലന പദ്ധതിയാണ് നൈസ് തയാറാക്കുന്നത്. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഗള്‍ഫ് രാജ്യങ്ങളുള്‍പ്പെടെ ലോകത്താകമാനമുള്ള പ്രമുഖ ആശുപത്രികളില്‍ നൈസ് ജോലി ഉറപ്പ് നല്‍കും. വിദേശത്ത് നഴ്‌സിംഗ് ജോലിക്ക് റിക്രൂട്ട്‌മെന്റ് നടത്താനുള്ള ചുമതല സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് മാത്രമാണെന്ന് പ്രവാസികാര്യ മന്ത്രാലയം നിര്‍ദേശിച്ചിരുന്നു. അതിന്റെ പശ്ചാതലത്തില്‍ ഒ ഡി ഇ പി സി, നോര്‍ക്ക എന്നീ ഏജന്‍സികള്‍ വഴി റിക്രൂട്ട്‌മെന്റ് കരാറില്‍ ഏര്‍പ്പെടാന്‍ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു.