Connect with us

Kerala

മെഡിക്കല്‍ കോളജുകളില്‍ മിനി ആര്‍ സി സി അനുവദിക്കും:വി എസ് ശിവകുമാര്‍

Published

|

Last Updated

കോഴിക്കോട്: ക്യാന്‍സര്‍ രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മികച്ച ക്യാന്‍സര്‍ ചികിത്സ ഉറപ്പ് വരുത്തുന്നതിന് അഞ്ച് മെഡിക്കല്‍ കോളജുകളില്‍ മിനി ആര്‍ സി സി അനുവദിക്കുമെന്ന് മന്ത്രി വി എസ് ശിവകുമാര്‍. സര്‍ക്കാര്‍ ആശുപത്രികള്‍ വഴി ലാബ് പരിശോധന, സ്‌കാനിംഗ്, ഡയാലിസിസ് തുടങ്ങിയവ സൗജന്യമായി നല്‍കുന്നതിന് കാരുണ്യ കേരളം പദ്ധതി ഒരു വര്‍ഷത്തിനുള്ളില്‍ നടപ്പാക്കുമെന്നും ആരോഗ്യ സര്‍വകലാശാലയുടെ റീജ്യണല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. മിഷന്‍ 676 ല്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോളജിലെ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. വന്ധ്യതാ നിവാരണ വിഭാഗം, ആരോഗ്യ ഗവേഷണ കേന്ദ്രം എന്നിവയുടെ ഉദ്ഘാടനവും ലക്ചറര്‍ തിയേറ്റര്‍ കോംപ്ലക്‌സ്, വിദ്യാര്‍ഥികളുടെ ക്വാര്‍ട്ടേഴ്‌സ് പദ്ധതികളുടെ ശിലാസ്ഥാപനവും മന്ത്രി നിര്‍വഹിച്ചു.
മെഡിക്കല്‍ കോളജുകളില്‍ വന്ധ്യതാ നിവാരണ ചികിത്സാ സൗകര്യം ഉറപ്പാക്കും. വന്ധ്യതാ നിവാരണ ചികിത്സയുടെ രണ്ടാം ഘട്ടമായ ഫിറ്റോ മെറ്റേണല്‍ യൂണിറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അനുവദിക്കും. കേരളത്തില്‍ ആദ്യമായാണ് ഈ സൗകര്യം ഏര്‍പ്പെടുത്തുന്നത്. കൂടുതല്‍ സൗകര്യം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഡ്രഗ് സെന്ററുകള്‍ ആരംഭിക്കും. എമര്‍ജന്‍സി മെഡിസിന്‍, ഫാമിലി മെഡിസിന്‍ പഠനം പൂര്‍ത്തിയാവുന്നവര്‍ക്ക് ജോലി ഉറപ്പ് വരുത്തുമെന്നും മന്ത്രി പറഞ്ഞു.
പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ച് വരുകയാണ്. കാരുണ്യ മെഡിക്കല്‍ സെന്ററുകള്‍ വഴി 5000 ത്തോളം ആവശ്യ മരുന്നുകള്‍ നല്‍കി. മരുന്ന ലഭ്യതയെ പറ്റി പരാതിയുള്ളവര്‍ മെഡിക്കല്‍ ഓഫീസറുമായി ബന്ധപ്പെടണമെന്ന് മന്ത്രി പറഞ്ഞു. മന്ത്രി എം കെ മുനീര്‍ അധ്യക്ഷതവഹിച്ചു. മെഡിക്കല്‍ കോളജിലെ എമര്‍ജന്‍സി മെഡിസിന്‍, ഫാമിലി മെഡിസിന്‍ എന്നിവയുടെ ഉദ്ഘാടനം എം കെ രാഘവന്‍ എം പി നിര്‍വഹിച്ചു. എമര്‍ജന്‍സി മെഡിസിനും ഫാമിലി മെഡിസിനും കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് ആദ്യമായി നടപ്പിലാക്കുന്നത്. കലക്ടര്‍ എന്‍ പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല, മേയര്‍ എ കെ പ്രേമജം, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ സി രവീന്ദ്രന്‍ പങ്കെടുത്തു.