Connect with us

Gulf

ഹോട്ടല്‍ മുറികളില്‍ രഹസ്യ ക്യാമറകളില്ലെന്ന് ദുബൈ പോലീസ്

Published

|

Last Updated

ദുബൈ: ദുബൈയിലെ ഹോട്ടല്‍ മുറികളില്‍ രഹസ്യ നിരീക്ഷണ ക്യാമറകളില്ലെന്ന് ദുബൈ പോലീസ് ആന്‍ഡ് പബ്ലിക് സെക്യൂരിറ്റി വൈസ് ചെയര്‍മാന്‍ ലഫ്. ദാഹി ഖല്‍ഫാന്‍ തമീം പ്രസ്താവിച്ചു. കഴിഞ്ഞ ദിവസം നഗരത്തിലെ ഒരു ഹോട്ടല്‍ മുറിയില്‍ രഹസ്യക്യാമറയുണ്ടെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത് ക്യാമറയല്ലെന്നും ദാഹി ഖല്‍ഫാന്‍ വിശദീകരിച്ചു.
ഏറ്റവും ആധുനിക രീതിയിലുള്ള ഒരുതരം റസീവറാണതെന്നും ഹോട്ടല്‍ മുറിയിലെത്തിയ അതിഥിക്ക് ഇത് മുന്‍പരിചയമില്ലാത്തതിനാല്‍ ക്യാമറയാണെന്ന് തെറ്റിദ്ധരിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഹോട്ടല്‍ മുറിയിലെത്തുന്ന അതിഥികളുടെ സ്വകാര്യതകള്‍ ഒപ്പിയെടുക്കുന്ന രഹസ്യ ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നതിന് തെളിവായി ഇയാള്‍ ഇത് ക്യാമറയില്‍ പകര്‍ത്തി പുറത്തുവിട്ടിരുന്നു.
ദുബൈയുടെ വിനോദസഞ്ചാര മേഖലക്ക് ദുഷ്‌പേരിന് കാരണമാകുന്ന ഇത്തരമൊരു കാര്യം ചെയ്ത വ്യക്തിയെ കണ്ടെത്തി പിടികൂടുകയും ചോദ്യം ചെയ്യുകയും ചെയ്തതായി ദുബൈ പോലീസിലെ കുറ്റാന്വേഷണ വിഭാഗം തലവന്‍ മേജര്‍ ജനറല്‍ ഖലീല്‍ ഇബ്‌റാഹീം അല്‍ മന്‍സൂരി അറിയിച്ചു. ജി സി സി പൗരനായ ഇയാള്‍ താമസിച്ച ഹോട്ടല്‍ മുറിയില്‍ പോലീസ് സംഘം പ്രത്യേകം പരിശോധനയും നടത്തിയിരുന്നതായി അല്‍ മന്‍സൂരി വ്യക്തമാക്കി.
രഹസ്യ ക്യാമറയെന്ന് പറഞ്ഞു ഹോട്ടല്‍ മുറിയില്‍ ഇയാള്‍ പോലീസിന് കാണിച്ചു കൊടുത്ത ഉപകരണം വിശദമായി പരിശോധിച്ച പോലീസ് ഏറ്റവും പുതിയ രീതിയിലുള്ള റസീവറാണിതെന്നും നിരീക്ഷണ ക്യാമറയല്ലെന്നും വ്യക്തമാക്കി. തനിക്കു അപരിചിതമായ വസ്തു മുറിയില്‍ കണ്ട ഇയാള്‍ ചിത്രമെടുത്ത് പുറത്തുവിടുന്നതിനു മുമ്പ് ഹോട്ടല്‍ അധികൃതരോട് അന്വേഷിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നതെന്നും പോലീസ് അധികൃതര്‍ പറഞ്ഞു.

Latest