അബുദാബി മെട്രോ 2023ല്‍ ഓടിത്തുടങ്ങും

Posted on: April 17, 2015 6:30 pm | Last updated: April 17, 2015 at 6:30 pm

abudabiഅബുദാബി: പൊതു ഗതാഗത രംഗത്ത് പുതിയ ചരിത്രം സൃഷ്ടിച്ച് അബുദാബി മെട്രോയെക്കുറിച്ചുള്ള പഠനത്തിന്റെ രണ്ടാം ഘട്ടം പൂര്‍ത്തിയായതായി ഡിപാര്‍ട്‌മെന്റ് ഓഫ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ (ഡോട്ട്) വെളിപ്പെടുത്തി. 2023ല്‍ അബുദാബി നഗരത്തില്‍ മെട്രോ ഓടിത്തുടങ്ങുമെന്നും ഡോട്ട് അധികൃതര്‍ അറിയിച്ചു.

മെട്രോയുമായി ബന്ധപ്പെട്ട പഠനത്തിന്റെ രണ്ടാം ഘട്ടം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പിച്ചു. പദ്ധതിയും എഞ്ചിനീയറിംഗ് ഡിസൈനിംഗാണ് പഠനത്തിന്റെ രണ്ടാം ഘട്ടം. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ അനുമതിക്കുള്ള അപേക്ഷകള്‍ ഉടന്‍ സമര്‍പിക്കും. അനുമതി ലഭിക്കുന്ന പക്ഷം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും, ഡോട്ടിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ടെന്‍ഡറുകള്‍ വൈകാതെ പ്രഖ്യാപിക്കും. നിര്‍മാണം നടക്കുന്ന കാലഘട്ടത്തില്‍ ആവശ്യമായിടങ്ങളില്‍ പൊതു ഗതാഗതത്തിന് ബദല്‍ സംവിധാനങ്ങള്‍ ഏര്‍പെടുത്തും. അബുദാബിയുടെ ഏറ്റവും വലിയ പദ്ധതികളിലൊന്നായി മാറും മെട്രോ പദ്ധതി. നഗരഭംഗി കൂട്ടുന്നതിനും വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിലും മെട്രോ കാര്യമായ പങ്കുവഹിക്കും.
അബുദാബി നഗരം ഇന്നനുഭവിക്കുന്ന ഗതാഗതക്കുരുക്ക് നഗര വികസനം അതിവേഗത്തിലാകുന്നതിന്റെ ഭാഗമാണ്. ഓരോ വര്‍ഷവും അബുദാബിയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ശരാശരി 71,000 വാഹനങ്ങളുടെ അധിക രജിസ്‌ട്രേഷനാണ് നടക്കുന്നത്. ഇതും അബുദാബി നഗരം വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് ജീവിക്കാന്‍ പ്രിയപ്പെട്ട നഗരമാണെന്ന് വിളിച്ചോതുന്നു. ഈ സാഹചര്യത്തില്‍ നഗര വികസനത്തിന്റെ ഭാഗമായി പൊതുഗതാഗത സൗകര്യങ്ങളും വര്‍ധിപ്പിക്കാനുള്ള ഡോട്ടിന്റെ പദ്ധതികളുടെ ഭാഗമാണ് അബുദാബി മെട്രോ.
പദ്ധതി 2023ല്‍ യാഥാര്‍ഥ്യമാകുന്നതോടെ നഗരം ഇന്നു നേരിടുന്ന ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ പരിഹാരമാകുമെന്നും ഡോട്ട് അധികൃതര്‍ പ്രത്യാശ പ്രകടിപ്പിച്ചു.