മലയാളം കൈയെഴുത്തുമായി ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ആപ്പ്

Posted on: April 17, 2015 2:29 pm | Last updated: April 17, 2015 at 2:59 pm
SHARE

googleആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണുകളില്‍ മലയാളം കൈയെഴുത്തിനുള്ള ആപ്ലിക്കേഷന്‍ ഗൂഗിള്‍ പുറത്തിറക്കി. മലയാളം ഉള്‍പ്പെടെ 82 ഭാഷകള്‍ ഇനി ആന്‍ഡ്രോയിഡ് ഫോണില്‍ ലളിതമായി കൈകാര്യം ചെയ്യാം. ഗൂഗിള്‍ ഹാന്‍ഡ്‌റ്റൈിംഗ് ഇന്‍പുട്ട് എന്ന ആപ്പാണ് ഗൂഗിള്‍ പുറത്തിറക്കിയിരിക്കുന്നത്. ഒരു ദിവസത്തിനകം തന്നെ അയ്യായിരത്തോളം പേര്‍ ഇത് ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞു. സ്ക്രീനില്‍ കെെ കൊണ്ടോ സ്റ്റെെലസ് പെന്‍ കൊണ്ടോ എഴുതിയാല്‍ മലയാളത്തില്‍ ടെെപ്പ് ചെയ്യുമെന്നതാണ് ആപ്പിന്റെ പ്രത്യേകത.

ഇംഗ്ലീഷ് കൈയെഴുത്ത് ഉപകരണങ്ങള്‍ നിലവില്‍ ലഭ്യമായിരുന്നുവെങ്കിലും പ്രാദേശിക ഭാഷകളില്‍ ഇത്തരമൊരു സംവിധാനം ഉണ്ടായിരുന്നില്ല. ചില സോഫ്റ്റ്‌വെയര്‍ കമ്പനികള്‍ ഇതിനായുള്ള ശ്രമം നടത്തിയിരുന്നുവെങ്കിലും പൂര്‍ണവിജയവുമായിരുന്നില്ല. തൂലിക എന്ന ഒരു ആപ്പ് മലയാളം കൈയെഴുത്തിന് വേണ്ടി തയ്യാറാക്കിയിട്ടുണ്ടെങ്കിലും എല്ലാ അക്ഷരങ്ങളും ഇതിന് തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല.

ഗൂഗിളിന്റെ ആപ്പ് ഉപയോഗിച്ച് സ്‌ക്രീനില്‍ കൈകൊണ്ടോ സാംസംഗ് നോട്ട് പോലെയുള്ള ഫോണുകളോടൊപ്പമുള്ള സ്‌റ്റൈലസ് പെന്‍ ഉപയോഗിച്ചോ എഴുതാം. ഇതിന് ഇന്റര്‍നെറ്റിന്റെ ആവശ്യവുമില്ല. പൂര്‍ണമായും ഓഫ്‌ലൈനായി ഉപയോഗിക്കാന്‍ സാധിക്കും. അറബി ഉള്‍പ്പെടെ ഭാഷകളില്‍ വോയിസ് ഇന്‍പുട്ടും ഈ ആപ്പ് സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മലയാളത്തില്‍ നിലവില്‍ വോയിസ് ഇന്‍പുട്ട് ലഭ്യമല്ല.

ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.