Connect with us

National

ജനതാ പാര്‍ട്ടികള്‍ ലയനം പ്രഖ്യാപിച്ചു; മുലായം സിംഗ് നേതാവ്‌

Published

|

Last Updated

ന്യൂഡല്‍ഹി: ആഴ്ചകള്‍ നീണ്ട കാത്തിരിപ്പിന് ശേഷം ആറ് ജനതാ പരിവാര്‍ പാര്‍ട്ടികളുടെ ലയനത്തില്‍ തീരുമാനമായി. ആറ് പാര്‍ട്ടികളുടെ നേതാക്കളും ചേര്‍ന്ന് ലയനം പ്രഖ്യാപിച്ചു. സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗാണ് പാര്‍ട്ടി നേതാവ്. പാര്‍ട്ടി പേര്, പതാക, ചിഹ്നം, നയം തുടങ്ങിയവയെ സംബന്ധിച്ച് ആറംഗ സമിതി പിന്നീട് തീരുമാനമെടുക്കും.
ഇതോടെ കോണ്‍ഗ്രസി (68)നും ബി ജെ പി(47)ക്കും പിന്നില്‍ 30 അംഗങ്ങളുള്ള ജനതാ പാര്‍ട്ടികള്‍ ആയിരിക്കും രാജ്യസഭയില്‍ മൂന്നാമത്. ലോക്‌സഭയില്‍ 15 എം പിമാരുണ്ടാകും. സഭയില്‍ എട്ടാം സ്ഥാനത്താണ്. എച്ച് ഡി ദേവഗൗഡ (ജനതാദള്‍ എസ്), ശരദ് യാദവ് (ജനതാ ദള്‍ യുനൈറ്റഡ്), ഓം പ്രകാശ് ചൗത്താല (ഇന്ത്യന്‍ നാഷനല്‍ ലോക്ദള്‍), കമല്‍ മൊറാര്‍ക (സമാജ്‌വാദി ജനതാ പാര്‍ട്ടി), റാം ഗോപാല്‍ യാദവ് (സമാജ്‌വാദി പാര്‍ട്ടി) എന്നിവരാണ് ആറംഗ സമിതിയില്‍ ഉണ്ടാകുക. സമാജ്‌വാദി ജനതാ ദള്‍ എന്ന പേരും സമാജ്‌വാദി പാര്‍ട്ടിയുടെ ചിഹ്നമായ സൈക്കളും സ്വീകരിക്കാന്‍ പ്രാഥമിക ധാരണയായിട്ടുണ്ട്. ജെ ഡി യു പിളര്‍ത്തി കഴിഞ്ഞ മാസം പുതിയ പാര്‍ട്ടി തുടങ്ങിയ ബീഹാര്‍ മുന്‍മുഖ്യമന്ത്രി ജിതന്‍ റാം മഞ്ജി, ജെ ഡി യുവിന്റെ പതാകയിലും ചിഹ്നത്തിലും അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. തൊണ്ണൂറുകളിലെ ജനതാ പാര്‍ട്ടികളുടെ സുവര്‍ണകാലഘട്ടം പുനഃസൃഷ്ടിക്കാനാകുമെന്ന് പുതിയ നീക്കത്തിന്റെ മുന്‍പന്തിയില്‍ നില്‍ക്കുന്ന ലാലുപ്രസാദ് യാദവും ജെ ഡി യുവും കുരുതുന്നു.
ബീഹാറില്‍ ഈ വര്‍ഷം അവസാനം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ആയിരിക്കും ജനതാ പാര്‍ട്ടികളുടെ കൂട്ടായ്മകളുടെ ആദ്യ പരീക്ഷണവേദി. ബി ജെ പിയുടെ നേതൃത്വത്തിലുള്ള സഖ്യം ഉയര്‍ത്തുന്ന വെല്ലുവിളി ചെറുക്കാന്‍ ഇവരുടെ ഒന്നിക്കല്‍ കൊണ്ട് സാധിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. നിലവില്‍, ബി ജെ പി സംഖ്യത്തിന്റെയും ജെ ഡി യു- ആര്‍ ജെ ഡി പാര്‍ട്ടികളുടെയും വോട്ടിംഗ് ശതമാനം തുല്യമാണ്.
ബി ജെ പി സര്‍ക്കാറിന്റെ നയങ്ങളെ തിരുത്താന്‍ ഇരുസഭകളിലും ജനതാ പാര്‍ട്ടികളുടെ അംഗങ്ങള്‍ ഒന്നിക്കും. ലോക്‌സഭയില്‍ ഭീഷണിയില്ലെങ്കിലും രാജ്യസഭയിലാണ് ബി ജെ പി കൂടുതല്‍ വെള്ളം കുടിക്കുക. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം പ്രഖ്യാപിക്കുന്ന മുറക്ക് ജനതാ പാര്‍ട്ടികളുടെ നയത്തെ സംബന്ധിച്ച് ഏകദേശ ധാരണയുണ്ടാകും. അതേസമയം, ബി ജെ പി സര്‍ക്കാറിനെ അസ്ഥിരപ്പെടുത്തുകയല്ല ജനതാ പാര്‍ട്ടികളുടെ ലക്ഷ്യമെന്ന് നേതാക്കളിലൊരാളായ ദേവഗൗഡ വ്യക്തമാക്കി.