മലപ്പുറം സൂപ്പര്‍ ഫൈറ്റേഴ്‌സ് സെമിയില്‍

Posted on: April 17, 2015 4:43 am | Last updated: April 17, 2015 at 12:43 am

മലപ്പുറം: വാശിയേറിയ മത്സരത്തില്‍ എം എസ് പി ഡെല്‍റ്റാ ഫോഴ്‌സിനെ തോല്‍പ്പിച്ച് മലപ്പുറം സൂപ്പര്‍ ഫൈറ്റേഴ്‌സ് മലബാര്‍ പ്രീമിയര്‍ ലീഗ് സെമിയില്‍. രണ്ടിനെതിരെ നാല് ഗോളിനാണ് ജയിച്ചാണ് സൂപ്പര്‍ ഫൈറ്റേഴ്‌സ് സെമിയിലെത്തുന്ന ആദ്യ ടീമായത്. ആദ്യ മത്സരത്തില്‍ സമനില വഴങ്ങിയ എം എസ് പി ഇന്നലെ തുടക്കത്തിലേ ഗോള്‍ നേടി ആക്രമിച്ച് കളിച്ചെങ്കിലും വിട്ടുകൊടുക്കാന്‍ സൂപ്പര്‍ ഫൈറ്റേഴ്‌സ് തയാറായില്ല. കൃത്യതയാര്‍ന്ന പാസുകളും തകര്‍പ്പന്‍ ഷോട്ടുകളുമായി കളിക്കളം അടക്കിവാണ സൂപ്പര്‍ ഫൈറ്റേഴ്‌സിന്റെ കൂട്ടായ ശ്രമമാണ് വിജയത്തില്‍ കലാശിച്ചത്.
പത്താം മിനുട്ടില്‍ കേരളാ പോലീസ് താരം ഫിറോസ് എം എസ് പിയെ മുന്നിലെത്തിച്ചു. എന്നാല്‍ തുടര്‍ന്ന് മലപ്പുറം സൂപ്പര്‍ ഫൈറ്റേഴ്‌സിന്റെ ആക്രമണമാണ് കണ്ടത്. ഇരുപതാം മിനുട്ടില്‍ ഷജീര്‍ സൂപ്പര്‍ ഫൈറ്റേഴ്‌സിന് സമനില നേടിക്കൊടുത്തു. രണ്ട് മിനുട്ടിനുള്ളില്‍ ഗോള്‍ സ്‌കോര്‍ ചെയ്ത് മിഥുന്‍ വെല്‍വെറ്റ് മലപ്പുറത്തിന്റെ ലീഡ് വര്‍ധിപ്പിച്ചു. അമ്പത്തിയൊമ്പതാം മിനുട്ടില്‍ അഖില്‍ ജിത്ത് സൂപ്പര്‍ ഫൈറ്റഴ്‌സിനായി ഒരു ഗോള്‍ നേടി. എന്നാല്‍ അമ്പത്തിയഞ്ചാം മിനുട്ടില്‍ എതിര്‍ ബോക്‌സിനടുത്തു നിന്നു പന്ത് കൈക്കലാക്കിയ എം എസ് പിയുടെ ഫിറോസ് പന്ത് പോസ്റ്റിലേക്കു പായിച്ചു. സൂപ്പര്‍ ഫൈറ്റേഴ്‌സ് ഗോളി സന്ദീപിന്റെ കൈകള്‍ക്കു മീതെ കൂടി ഉയര്‍ന്ന പന്തു വലയിലേക്കു താഴ്ന്നിറങ്ങുകയായിരുന്നു.
എഴുപത്തി രണ്ടാം മിനുട്ടില്‍ സൂപ്പര്‍ ഫൈറ്റേഴ്‌സിന്റെ അഖില്‍ ജിത്ത് ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. (4-2). മത്സരത്തിലെ കേമനായി സൂപ്പര്‍ ഫൈറ്റേഴ്‌സിന്റെ അഖില്‍ ജിത്തിനെ തിരഞ്ഞെടുത്തു. ഇന്നു കളിയില്ല. നാളെ മമ്പാട് ടൈറ്റന്‍സും സോക്കര്‍ സുല്‍ത്താന്‍ അരീക്കോടും തമ്മില്‍ ഏറ്റുമുട്ടും.