വിനോദ് കൊലക്കേസ് അന്വേഷണം പേരാവൂര്‍ സി ഐക്ക്‌

Posted on: April 17, 2015 5:30 am | Last updated: April 17, 2015 at 12:31 am

തലശ്ശേരി: പാനൂര്‍ സെന്‍ട്രല്‍ പൊയിലൂരില്‍ സി പി എം പ്രവര്‍ത്തകന്‍ പാറയുള്ള പറമ്പത്ത് വള്ളിച്ചാല്‍ വിനോദനെ ബോംബെറിഞ്ഞ് കൊല ചെയ്ത കേസന്വേഷണ ചുമതല പേരാവൂര്‍ സി ഐ ജോഷി ജോസഫിന്. അക്രമസംഭവത്തെ പറ്റി കൃത്യമായ വിവരങ്ങള്‍ പോലീസിന് ലഭിച്ചു.
ബി ജെ പി, ആര്‍ എസ് എസ് പ്രവര്‍ത്തകരായ 20 അംഗ സംഘമാണ് ബോംബാക്രമണത്തില്‍ പങ്കെടുത്തതെന്നാണ് സൂചനകള്‍. ഇതില്‍ അഞ്ചുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടെ കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെയും കൊലപാതക കുറ്റം ചുമത്തി. തീവ്രവാദവിരുദ്ധ നിയമം യു എ പി എയും പ്രതികള്‍ക്കെതിരെയുണ്ട്. കൊലപാതകം സംഭവിക്കുന്നതിന് മുമ്പെ സ്ഥലത്ത് സംഘടിച്ചെത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഏതാനും സി പി എം പ്രവര്‍ത്തകരെ തടഞ്ഞുവെച്ച് അക്രമിച്ചിരുന്നു. ഇതേപ്പറ്റി അന്വേഷിക്കാന്‍ സഹപ്രവര്‍ത്തകരൊത്ത് പോകുന്നതിനിടയിലാണ് വിനോദന് നേരെ ബോംബേറുണ്ടായതെന്നാണ് പോലീസിന് ലഭിച്ച സൂചനകള്‍.