യമനിലെ പകുതിയിലധികം പേരും പട്ടിണിയുടെ പിടിയിലെന്ന്‌

Posted on: April 17, 2015 6:00 am | Last updated: April 17, 2015 at 12:23 am

ലണ്ടന്‍: യുദ്ധം താറുമാറാക്കിയ യമനില്‍ പകുതിയിലധികം ജനങ്ങളും പട്ടിണിയുടെ പിടിയിലെന്ന് ഐക്യരാഷ്ട്ര സഭയുടെ ഭക്ഷ്യസുരക്ഷാ വിഭാഗം(ഡബ്ല്യൂ എഫ് പി). യുദ്ധം മൂലം ഷോപ്പുകള്‍ അടച്ചിട്ടതും ഭക്ഷണ വിതരണ റൂട്ടുകള്‍ തടസ്സപ്പെട്ടതും കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയെന്നും സംഘടന ചൂണ്ടിക്കാട്ടി. സുരക്ഷിതമായ ഭക്ഷണം ലഭിക്കാതെ യമനില്‍ ഇപ്പോള്‍ ഒരു കോടിയിലധികം ആളുകളുണ്ട്. ഇതിന് പുറമെ ഇതുവരെയുണ്ടായ വിവിധ സംഘര്‍ഷങ്ങളില്‍ 600ലധികം സാധാരണക്കാര്‍ കൊല്ലപ്പെട്ടു. 2,200ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഒരു ലക്ഷത്തിലധികം യമനികള്‍ അവരുടെ വീടുപേക്ഷിക്കാന്‍ നിര്‍ബന്ധിതരാകുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ സെപ്തംബറില്‍ ഹൂത്തി വിമതര്‍ യമന്‍ തലസ്ഥാനമായ സന്‍ആ പിടിച്ചടക്കിയിരുന്നു. ഇതിന് ശേഷമാണ് യമനിന്റെ സ്ഥിതി കൂടുതല്‍ വഷളായത്. സംഘര്‍ഷം നിലനില്‍ക്കുന്നത് കാരണം രാജ്യത്തെ മിക്ക ഷോപ്പുകളും അടഞ്ഞുകിടക്കുകയാണെന്ന് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.