ചൊവ്വ പര്യവേഷണത്തിന് അറബിക് പേര് നിര്‍ദേശിക്കാന്‍ ശൈഖ് മുഹമ്മദിന്റെ ആഹ്വാനം

Posted on: April 16, 2015 6:53 pm | Last updated: April 16, 2015 at 6:53 pm

sheikh muhammed bin rashidദുബൈ: രാജ്യത്തിന്റെ അഭിമാന പദ്ധതികളില്‍ ഒന്നായ ചൊവ്വ പര്യവേഷണത്തിന് അനുയോജ്യമായ അറബിക് പേര് കണ്ടെത്താന്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ആഹ്വാനം ചെയ്തു.

ചൊവ്വ പര്യവേഷണത്തില്‍ ലോകത്തിലെ മുന്‍നിര രാജ്യങ്ങള്‍ക്കൊപ്പം പങ്കാളിയാവുന്നതിന്റെ ഭാഗമായി 2021ല്‍ സ്‌പെയ്‌സ്ഷിപ്പ് അയക്കാന്‍ യു എ ഇ ഒരുങ്ങുന്നതിനിടയിലാണ് ശൈഖ് മുഹമ്മദ് ഇത്തരം ഒരു ആഹ്വാനം നടത്തിയിരിക്കുന്നത്. പദ്ധതി അറബിക്-ഇസ്‌ലാമിക് സംയുക്ത സംരംഭമാണ്. അറബികള്‍ ശൂന്യാകാശത്ത് വ്യക്തിമുദ്ര പതിപ്പിക്കുന്നതിന് സഹായകമാവുന്നതുമാണ്. ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണ് ചൊവ്വാ പര്യവേഷണ ദൗത്യമെന്നും ശൈഖ് മുഹമ്മദ് ഓര്‍മിപ്പിച്ചു.
ആളില്ലാ സ്‌പെയ്‌സ്ഷിപ്പാണ് അയക്കുക. അറബ് രാജ്യങ്ങള്‍ക്കിടയില്‍ ഈ നേട്ടത്തിനായി ശ്രമിക്കുന്ന ആദ്യ രാജ്യമെന്ന ബഹുമതിയും ഇതിലൂടെ യു എ ഇ പ്രതീക്ഷിക്കുന്നു. ദൗത്യത്തിന് നേതൃത്വം നല്‍കാനാണ് യു എ ഇ സ്‌പെയ്‌സ് ഏജന്‍സിക്ക് രൂപം നല്‍കിയത്. ഒമ്പത് രാജ്യങ്ങള്‍ മാത്രമാണ് ചൊവ്വ പര്യവേഷണത്തിന് പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്നത്. യു എ ഇ രൂപീകരണത്തിന്റെ 50ാം വര്‍ഷികത്തിന്റെ ഭാഗമായാണ് 2021ല്‍ സ്‌പെയ്ഷിപ്പ് വിക്ഷേപിക്കുക. ചൊവ്വ പര്യവേഷണത്തില്‍ സഹകരിക്കാന്‍ യു എ ഇയും ഫ്രാന്‍സും തീരുമാനിച്ചതായി അധികൃതര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഫ്രാന്‍സിന്റെ സെന്റര്‍ ഡി’എറ്റിയൂഡ്‌സ് സ്പാര്‍ഷ്യല്‍(സി എന്‍ ഇ എസ്)സുമായി യു എ ഇ സ്‌പേയ്‌സ് ഏജന്‍സി ധാരണാപത്രത്തില്‍ ഒപ്പിട്ടതായി യു എ ഇ സ്‌പെയ്‌സ് ഏജന്‍സി ചെയര്‍മാന്‍ ഡോ. ഖലീഫ അല്‍ റുമൈതി വെളിപ്പെടുത്തി. ശൂന്യാകാശത്തെ പര്യവേക്ഷണത്തിനായി യു എ ഇ ഒരു വിദേശ രാജ്യവുമായി ഒപ്പിടുന്ന ആദ്യ കരാറാണിതെന്നും അദ്ദേഹം പറഞ്ഞിരുന്നു.