Connect with us

Kannur

പുതിയ റേഷന്‍ കാര്‍ഡ് വിതരണം അനിശ്ചിതമായി നീണ്ടേക്കും

Published

|

Last Updated

കണ്ണൂര്‍: ഫോട്ടോയെടുപ്പ് ഉള്‍പ്പെടെയുള്ള സാങ്കേതിക കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വൈകുന്നതിനാല്‍ സംസ്ഥാനത്തെ പുതുക്കിയ റേഷന്‍ കാര്‍ഡുകളുടെ വിതരണം അനിശ്ചിതമായി നീണ്ടേക്കും. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ റേഷന്‍കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട ഫോട്ടോയെടുപ്പ് രണ്ടാംഘട്ടവും അനന്തമായി നീളുന്നതാണ് കാര്‍ഡിന്റെ അച്ചടി വൈകാനുള്ള പ്രധാന കാരണമാകുന്നത്. ആയിരം അപേക്ഷകരെങ്കിലുമുള്ള ഒരു പ്രദേശത്ത് നിന്നും രണ്ട് ഘട്ടം ഫോട്ടോയെടുപ്പ് പൂര്‍ത്തിയാക്കിയാലും പത്ത ശതമാനത്തിലധികം പേരെങ്കിലും ഒഴിഞ്ഞിട്ടുണ്ടാവും. എല്ലാവരെയും ഉള്‍പ്പെടുത്തിവേണം അന്തിമ പട്ടിക തയ്യാറാക്കാന്‍ എന്ന നിര്‍ദേശമുള്ളതു കൊണ്ട് തന്നെ മുഴുവനാളുകള്‍ക്കും വേണ്ടി ദീര്‍ഘനാള്‍ കാത്തിരിക്കുകയാണ് അധികൃതര്‍ ചെയ്യുന്നത്. അതുകൊണ്ട് തന്നെ കാര്‍ഡുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ പൂര്‍ത്തീകരണം അനന്തമായി വൈകുകയാണ്. ഫോട്ടോയെടുപ്പ് ഉള്‍പ്പെടെയുള്ളവ പൂര്‍ത്തിയായ ശേഷം മാത്രമേ കാര്‍ഡിന്റെ അച്ചടി നടക്കുകയുള്ളൂ. കാര്‍ഡിനുള്ള അപേക്ഷാഫോറത്തിന്റെ വിതരണം ജനുവരി ഒന്നുമുതല്‍ തന്നെ തുടങ്ങിയിരുന്നു. റേഷന്‍ കടകള്‍ വഴിയാണ് എല്ലാ ജില്ലകളിലും അപേക്ഷാ ഫോറം നല്‍കിയത്. റേഷന്‍കാര്‍ഡ് പുതുക്കല്‍ വൈകുകയാണെന്ന പരാതി വ്യാപകമായതിനെ തുടര്‍ന്നാണ് യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാന്‍ നടപടി ആരംഭിച്ചത്. ബാര്‍കോഡുകള്‍ രേഖപ്പെടുത്തിയ പ്രിന്റ് ചെയ്ത അപേക്ഷാ ഫോറങ്ങള്‍ അതാത് താലൂക്ക് സപ്ലൈ ഓഫീസുകള്‍ വഴിയാണ് റേഷന്‍ കടകളിലെത്തിച്ചത്. 1500 റേഷന്‍കാര്‍ഡുകള്‍ക്ക് ഒരു കേന്ദ്രമെന്ന നിലയില്‍ പ്രാദേശികമായി ഫോട്ടോയെടുപ്പ് ക്യാമ്പുകള്‍ ആദ്യഘട്ടം തന്നെ സംഘടിപ്പിച്ചു. പുതുക്കിയ കാര്‍ഡില്‍ കാര്‍ഡ് ഉടമ കുടുംബത്തിലെ മുതിര്‍ന്ന വനിതാ അംഗമായിരിക്കും. 18 വയസ്സോ അതില്‍ കൂടുതലോ ഉള്ള വനിതാ അംഗങ്ങള്‍ ഇല്ലെങ്കില്‍ പുരുഷനായിരിക്കും കാര്‍ഡുടമ.
സംസ്ഥാനത്ത് നിലവില്‍ 82,60,619 റേഷന്‍ കാര്‍ഡുകളാണുളളത്. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ റേഷന്‍കാര്‍ഡുളളത്. 9,14,613 റേഷന്‍കാര്‍ഡാണുള്ളത്. വയനാട്ടിലാണ് ഏറ്റവും കുറവ് റേഷന്‍ കാര്‍ഡുളളത്. വയനാട്ടില്‍ 1,99,060 റേഷന്‍കാര്‍ഡാണുളളത്. ഓരോ ജില്ലയിലും പുതുക്കുന്ന റേഷന്‍കാര്‍ഡുകള്‍. കൊല്ലം(707553), പത്തനംതിട്ട(333865), ആലപ്പുഴ(5,65,998), കോട്ടയം (5,00,934), ഇടുക്കി (2,92,954), എറണാകുളം(81,9124), തൃശൂര്‍(7,96,208), പാലക്കാട്(7,00,015), മലപ്പുറം(8,51,233), കോഴിക്കോട് (7,16,860), കണ്ണൂര്‍ (5,79,424), കാസര്‍കോട് (2,82,773) റേഷന്‍ കാര്‍ഡ് അവസാനം പുതുക്കിയത് 2007ല്‍ ആണ്.
നിലവിലുളള റേഷന്‍കാര്‍ഡിന്റെ കാലാവധി 2012ല്‍ അവസാനിച്ചിരുന്നു. അഞ്ച് വര്‍ഷത്തെ കാലാവധി കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ പുതുക്കല്‍ ആരംഭിച്ചത്. പുതുതായി റേഷന്‍ കാര്‍ഡുകള്‍ പൂര്‍ണമായും കമ്പ്യൂട്ടര്‍വത്കരിച്ചായിരിക്കും ഇനി നല്‍കുക. അതേസമയം റേഷന്‍ കാര്‍ഡ് പുതുക്കിനല്‍കാത്തതിനാല്‍ മാവേലി സ്റ്റോറുകളില്‍ സാധനങ്ങള്‍ നല്‍കുന്നില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.

Latest