Connect with us

National

മുംബൈയില്‍ ഭീകരാക്രമണ ഭീഷണി; ഐ ബി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

Published

|

Last Updated

മുംബൈ: അടുത്ത രണ്ട്- മൂന്ന് മാസങ്ങള്‍ക്കിടയില്‍ മുംബൈയില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് ബ്യൂറോ. ഭീകരാക്രമണ സാധ്യതയെ കുറിച്ച് റെയില്‍വേ പോലീസ് കമ്മീഷണര്‍ തീവ്രവാദവിരുദ്ധ സ്‌ക്വാഡി (എ ടി എസ്)ന് കത്ത് എഴുതിയതിനെ തുടര്‍ന്ന് ഐ ബി ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
കടല്‍മാര്‍ഗം പത്തോളം പാക്കിസ്ഥാന്‍ തീവ്രവാദികള്‍ മുംബൈയിലെത്തി ഹോട്ടലുകളും റെയില്‍വേ സ്റ്റേഷനുകളും ലക്ഷ്യംവെക്കുമെന്നാണ് റെയില്‍വേ കമ്മീഷണറുടെ കത്തില്‍ പറയുന്നത്. ലഷ്‌കറെ ത്വയ്യിബയുടെ തീവ്രവാദികളായിരിക്കുമെന്നും ചാവേറുകള്‍ വരെ സംഘത്തിലുണ്ടാകുമെന്നും ഐ ബിയുടെ ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു. എല്ലാ സംസ്ഥാനങ്ങളിലും വിമാനത്താവളങ്ങളിലും ജാഗ്രത പുലര്‍ത്തുന്നുണ്ട്.
2008 നവംബര്‍ 26ന് മുംബൈയിലെത്തിയ പത്ത് ലഷ്‌കറെ ത്വയ്യിബ തീവ്രവാദികള്‍ നടത്തിയ ഭീകരാക്രമണത്തില്‍ 166 പേര്‍ കൊല്ലപ്പെട്ടിരുന്നു. താജ് ഹോട്ടലിലും നരിമാന്‍ പോയിന്റിലും മൂന്ന് ദിവസം ജനങ്ങളെ ഇവര്‍ ബന്ദികളാക്കിയിരുന്നു. മുഹമ്മദ് അജ്മല്‍ അമീര്‍ കസബ് എന്നയാളൊഴികെ എല്ലാ തീവ്രവാദികളും കൊല്ലപ്പെട്ടു. കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 2012 നവംബര്‍ 21ന് പൂനെയിലെ യെര്‍വാഡ ജയിലില്‍ കസബിനെ തൂക്കിലേറ്റി. തീവ്രവാദികള്‍ക്ക് പരിശീലനവും ധനസഹായവും നല്‍കി പറഞ്ഞയച്ചത് പാക്കിസ്ഥാനാണെന്നാണ് ഇന്ത്യയുടെ വാദം. ഇതിന് നിരവധി തെളിവുകളും കൈമാറിയിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ കൃത്യമായ നടപടി സ്വീകരിക്കാന്‍ പാക്കിസ്ഥാന്‍ തയ്യാറായിട്ടില്ല. മാത്രമല്ല കഴിഞ്ഞ ദിവസം ആക്രമണത്തിന്റെ സൂത്രധാരന്‍ സാകിയുര്‍റഹ്മാന്‍ ലഖ്‌വിയെ ജയില്‍ മോചിതനാക്കുകയും ചെയ്തിരുന്നു.

Latest