Connect with us

Gulf

കരിപ്പൂര്‍ വിമാനത്താവളത്തില്‍ മോഷണവും

Published

|

Last Updated

അബുദാബി: മൊബൈല്‍ ഫോണും വാച്ചുമെല്ലാം പെട്ടിയിലാക്കി കരിപ്പൂരില്‍ വിമാനം ഇറങ്ങുന്നവര്‍ സൂക്ഷിക്കുക, പെട്ടിപൊട്ടിക്കുമ്പോള്‍ അതെല്ലാം ഉണ്ടായിക്കൊള്ളണമെന്നില്ല.
അബുദാബിയില്‍ നിന്നും കരിപ്പൂരിലെത്തിയ റിയാസ് ഹസനും കുടുംബവുമാണ് ഇങ്ങിനെ വഞ്ചിക്കപ്പെട്ടതായി പരാതിപ്പെട്ടത്. എക്‌സറേ പരിശോധനക്കായി ഭാര്യയുടെ വാച്ച് ഊരി ബാഗിലിടാന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബാഗേജ് ക്ലിയറന്‍സിന് ശേഷം വാച്ച് എടുക്കാന്‍ ഹാന്റ് ബാഗ് തുറന്നപ്പോള്‍ ബാഗില്‍ വാച്ചുകാണാനില്ലെന്ന് റിയാസ് പറയുന്നു. റിയാസിന്റെ പരാതിപ്രകാരം കരിപ്പൂര്‍ പോലീസ് കേസെടുത്തു. സി സി ടി വി പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനെതിരെ ഇത്തിഹാദ് എയര്‍ ലൈന്‍സിലും റിയാസ് പരാതി നല്‍കി. എന്നാല്‍, ഇത്തരം നിരവധി പരാതികള്‍ ദിവസവും കരിപ്പൂരില്‍ നിന്നും ലഭിക്കുന്നുണ്ടെന്നാണ് ഇത്തിഹാദ് അധികൃതര്‍ വ്യക്തമാക്കിയതെന്ന് റിയാസ് പറഞ്ഞു. നിരവധി രാജ്യങ്ങളില്‍ യാത്ര ചെയ്തിട്ടുള്ള തനിക്ക് ഈ അനുഭവം ആദ്യമായാണെന്നും റിയാസ് പറഞ്ഞു.
ഇത്തരം നാല് പരാതികളാണ് കരിപ്പൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട് ഒരു മാസത്തിനിടയില്‍ കരിപ്പൂര്‍ പോലീസ് സ്റ്റേഷനില്‍ ലഭിച്ചത്. മൊബൈല്‍ ഫോണ്‍, വാച്ച്, ആഭരണങ്ങള്‍ തുടങ്ങിയവയാണ് നഷ്ടമാകുന്നത്. വിമാനത്താവളത്തിലെ പോലീസ് എയ്ഡ് പോസ്റ്റില്‍ പരാതി കൊടുക്കുവാന്‍ സംവിധാനമില്ല.
കരിപ്പൂര്‍ പോലീസ് സ്റ്റേഷനില്‍ തന്നെ ചെല്ലണം. ഇത് കൊണ്ട് തന്നെ മിക്കവരും പരാതി നല്‍കാതെ മടങ്ങുകയാണ് പതിവ്. അന്വേഷണത്തിന്റെ ഭാഗമായി ഈ ഭാഗത്തെ സി സി ടി വി പരിശോധിക്കുമ്പോള്‍ വ്യക്തമല്ലാത്ത ദൃശ്യമാണ് ലഭിക്കുന്നത്. പരാതി നല്‍കി കേസിന്റെ പിറകെ പോകുവാന്‍ സമയമില്ലാത്തതിനാല്‍ പലരും അതിന് തുനിയാറില്ല.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

Latest