ഇന്റലിജന്‍സ് നിരീക്ഷണം; യു ഡി എഫില്‍ വിവാദം പുകയുന്നു

Posted on: April 14, 2015 6:05 pm | Last updated: April 15, 2015 at 5:01 pm

thankachanതിരുവനന്തപുരം: യു ഡി എഫിലെ ഘടകകക്ഷികളെ ഇന്റലിജന്‍സ് നിരീക്ഷിച്ച സംഭവം വിവാദമാകുന്നു. ജനതാദള്‍ യു, ആര്‍ എസ് പി കക്ഷികളെയാണ് പോലീസ് നിരന്തര നിരീക്ഷണത്തിന് വിധേയമാക്കിയത്. യോഗ സ്ഥലങ്ങളിലേക്ക് പോലീസിനെ അയച്ചും നേതാക്കളുടെ ഫോണ്‍ ചോര്‍ത്തിയും വിവരം ശേഖരിച്ചെന്നാണ് സൂചന. ഇന്റലിജന്‍സ് നിരീക്ഷണം നടത്തിയ കാര്യം മുന്നണി കണ്‍വീനര്‍ പി പി തങ്കച്ചന്‍ വെളിപ്പെടുത്തിയതിന് പിന്നാലെ ജനതാദള്‍ യു ഇതിനെതിരെ ശക്തമായി രംഗത്തുവന്നു. നാളെ ചേരുന്ന മുന്നണി യോഗത്തില്‍ വിഷയം ഉന്നയിക്കാനാണ് തീരുമാനം. ഘടകകക്ഷികളെ ഇന്റലിജന്‍സ് നിരീക്ഷിച്ച സംഭവത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും രംഗത്തു വന്നു.
ബാര്‍ കോഴ വിവാദം കത്തിനില്‍ക്കെ, ചെറുകക്ഷികളില്‍ രൂപപ്പെട്ട അസ്വസ്ഥത മുതലെടുക്കാന്‍ എല്‍ ഡി എഫ് ശ്രമിക്കുമെന്ന ആശങ്കയിലാണ് രഹസ്യാന്വേഷണം ശക്തമാക്കിയത്. പി സി ജോര്‍ജ് മുന്നണിയുമായി ഇടഞ്ഞതും രാജ്യസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്നതും സര്‍ക്കാറിനെ ഈ നീക്കത്തിന് പ്രേരിപ്പിച്ചു. യു ഡി എഫ് ഘടകകക്ഷികളെ അടര്‍ത്തിയെടുക്കാന്‍ എല്‍ ഡി എഫ് ആളെ അയച്ചെന്നും കോവളത്ത് ചേര്‍ന്ന മുന്നണി യോഗത്തിന് ശേഷവും തങ്കച്ചന്‍ പ്രതികരിച്ചിരുന്നു. പോലീസിന്റെ രഹസ്യാന്വേഷണത്തെക്കുറിച്ച് അന്നും തങ്കച്ചന്‍ പരോക്ഷ സൂചന നല്‍കിയിരുന്നു.
തങ്കച്ചന്റെ പ്രസ്താവന ജനാധിപത്യവിരുദ്ധമാണെന്നും നാളെ ചേരുന്ന മുന്നണി യോഗത്തില്‍ വിഷയം ഉന്നയിക്കുമെനും ജനതാദള്‍ യു സെക്രട്ടറി ജനറല്‍ വര്‍ഗീസ് ജോര്‍ജ് പ്രതികരിച്ചു. തുടര്‍ നടപടിയെന്ത് വേണമെന്ന് 18ന് കോഴിക്കോട് ചേരുന്ന പാര്‍ട്ടി യോഗം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംശയത്തിന്റെ നിഴലില്‍ നിര്‍ത്തേണ്ട പാര്‍ട്ടിയല്ല ജെ ഡി യുവെന്ന് ജനറല്‍ സെക്രട്ടറി ഷേയ്ഖ് പി ഹാരിസും പ്രതികരിച്ചു.
അതേസമയം, ഘടകകക്ഷികളെ ഇന്റലിജന്‍സ് നിരീക്ഷിച്ചെന്ന് പറഞ്ഞിട്ടില്ലെന്ന് പി പി തങ്കച്ചന്‍ പിന്നീട് വിശദീകരിച്ചു. മാധ്യമങ്ങള്‍ വാക്കുകള്‍ അടര്‍ത്തിയെടുക്കുകയായിരുന്നു. ആര്‍ എസ് പിയെയും ജെ ഡി യുവിനെയും അടര്‍ത്തിയെുടുക്കാനുള്ള ഇടത് ശ്രമം പരാജയപ്പെട്ടെന്നും തങ്കച്ചന്‍ പറഞ്ഞു.
ആര്‍ എസ് പി ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല. ഡെപ്യൂട്ടി സ്പീക്കര്‍ പദവി വേണമെന്ന ആവശ്യത്തില്‍ കോണ്‍ഗ്രസ് എന്ത് തീരുമാനിക്കുമെന്ന് കാത്തിരിക്കുകയാണ് അവര്‍. നാളെ ചേരുന്ന മുന്നണി യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന. ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമായി നിലനില്‍ക്കെയാണ് നാളെ മുന്നണി യോഗം ചേരുന്നത്. ജി കാര്‍ത്തികേയന്റെ നിര്യാണത്തെ തുടര്‍ന്ന് എന്‍ ശക്തന്‍ സ്പീക്കറായതോടെയാണ് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ഒഴിവുവന്നത്. കോണ്‍ഗ്രസിന്റെ കൈവശമുള്ള ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തിന് ആര്‍ എസ് പി അവകാശവാദം ഉന്നയിക്കുകയായിരുന്നു.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ആര്‍ എസ് പിക്ക് നല്‍കിയേക്കും. കോണ്‍ഗ്രസ് ഇക്കാര്യം ഗൗരവമായി പരിഗണിക്കുന്നുണ്ട്. ആര്‍ എസ് പിക്ക് ലഭിച്ചാല്‍ കോവൂര്‍ കുഞ്ഞുമോന്‍ ഡെപ്യൂട്ടി സ്പീക്കറാകും. നിയമസഭയില്‍ യു ഡി എഫിന്റെ ഇപ്പോഴത്തെ അംഗബലം 73 ആണ്. ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് പുറത്താക്കിയതോടെ ഇടഞ്ഞുനില്‍ക്കുന്ന പി സി ജോര്‍ജിനെ മാറ്റിനിര്‍ത്തിയാല്‍ അംഗസംഖ്യ ഫലത്തില്‍ 72 ആകും. ഈ പശ്ചാത്തലത്തില്‍ ചെറുകക്ഷികളെ കൂടെ നിര്‍ത്തേണ്ടത് അടിയന്തരാവശ്യമാണ്.
ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസിലും നേരത്തെ ഗ്രൂപ്പ് തര്‍ക്കം ഉടലെടുത്തിരുന്നു. പാലോട് രവിയെ എ ഗ്രൂപ്പ് പിന്തുണച്ചപ്പോള്‍ കെ മുരളീധരനെ ഡെപ്യൂട്ടി സ്പീക്കറാക്കണമെന്ന് ഐ ഗ്രൂപ്പും ആവശ്യമുന്നയിച്ചു. സാഹചര്യം മാറിമറിഞ്ഞതോടെ സര്‍ക്കാറിന്റെ നിലനില്‍പ്പ് അപകടത്തിലാകുമോയെന്ന ആശങ്ക ഗ്രൂപ്പ് തര്‍ക്കങ്ങള്‍ മാറ്റിവെക്കാനും ഒറ്റക്കെട്ടായി തീരുമാനമെടുക്കാനും കോണ്‍ഗ്രസിനെ പ്രേരിപ്പിക്കും.
രാജ്യസഭാ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പും നാളത്തെ യോഗത്തിലെ മുഖ്യ അജന്‍ഡയാണ്. വയലാര്‍ രവിയും പി വി അബ്ദുല്‍വഹാബുമാണ് യു ഡി എഫിന്റെ സ്ഥാനാര്‍ഥികള്‍. അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ രണ്ട് പേരും ജയിക്കുമെങ്കിലും രണ്ടാമതൊരു സ്ഥാനാര്‍ഥിയെ എല്‍ ഡി എഫ് നിര്‍ത്തിയത് ചെറിയതോതിലെങ്കിലും യു ഡി എഫിന് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.