സി പി എം 21-ാം പാര്‍ട്ടി കോണ്‍ഗ്രസിന് പ്രൗഢമായ തുടക്കം

Posted on: April 14, 2015 12:07 pm | Last updated: April 15, 2015 at 12:29 am

cpm party congress

വിശാഖപട്ടണം :ഇടത് ഐക്യത്തിനുള്ള ആഹ്വാനവുമായി സി പി എം 21ാം പാര്‍ട്ടി കോണ്‍ഗ്രസിനു വിശാഖപട്ടണത്ത് പ്രൗഢമായ തുടക്കം. അന്തരിച്ച മുതിര്‍ന്ന നേതാവ് സമര്‍ മുഖര്‍ജിയുടെ പേരിലുള്ള പോര്‍ട്ട് കലാവാണി ഓഡിറ്റോറിയത്തില്‍ സജ്ജീകരിച്ച പതിനിധിസമ്മേളന നഗറില്‍ രാവിലെ പത്തിന് മുന്‍ പൊളിറ്റ്ബ്യൂറോ അംഗവും മുതിര്‍ന്ന നേതാവുമായ മുഹമ്മദ് അമീന്‍ പതാക ഉയര്‍ത്തി. പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ളയുടെ അധ്യക്ഷതയിലായിരുന്നു ഉദ്ഘാടന സമ്മേളനം. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു.

ഇടതുപക്ഷത്തിനും സി പി എമ്മിനും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടി ലഭിച്ചെന്ന് കാരാട്ട് പറഞ്ഞു. പശ്ചിമബംഗാളിലുണ്ടായ തിരിച്ചടിയാണ് ഇടതുപക്ഷം ദുര്‍ബലമാകാന്‍ കാരണം. പാര്‍ട്ടിയും ഇടതുപക്ഷവും പശ്ചിമബംഗാളില്‍ കടുത്ത ആക്രമണത്തെയാണ് നേരിടുന്നത്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ പ്രധാന കടമ സ്വന്തമായി ശക്തിവളര്‍ത്തുകയാണ്. പാര്‍ട്ടിികോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന കരട് രാഷ്ട്രീയപ്രമേയത്തിന്റെ കാതലാണ് ഇത്. പശ്ചിമബംഗാളില്‍ തൃണമൂല്‍ അക്രമത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ഇടതുപക്ഷ പ്രവര്‍ത്തകരുടെ രക്തസാക്ഷിത്വത്തിന് അര്‍ഥമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സി പി ഐ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഢി, ആര്‍ എസ് പി സെക്രട്ടറി അബനിറോയ്, ഫോര്‍വേഡ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ദേബബ്രത ബിശ്വാസ്, സി പി ഐ എം എല്‍ നേതാവ് കവിത കൃഷ്ണന്‍, എസ് യു സി ഐ നേതാവ് പ്രവാസ് ഘോഷ് എന്നിവര്‍ ഉദ്ഘാടനസമ്മേളനത്തില്‍ സംബന്ധിച്ചു. അംബേദ്ക്കര്‍ ജയന്തിയായതിനാല്‍ ഭരണഘടനാ ശില്‍പ്പിയോട് ആദരവ് പ്രകടിപ്പിച്ച് രാവിലെ എട്ടരക്ക് നഗരത്തിലെ ദാബാഗാര്‍ഡനില്‍ ഡോ. ബി ആര്‍ അംബേദ്കറുടെ പ്രതിമയില്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും പി ബി അംഗങ്ങളും പുഷ്പചക്രം അര്‍പ്പിച്ചു. ബി ജെ പിയെയും മോദി സര്‍ക്കാറിനെയും കടന്നാക്രമിച്ചുകൊണ്ടായിരുന്നു കാരാട്ടിന്റെ ഉദ്ഘാടന പ്രസംഗം.
ഉദ്ഘാടന സമ്മേളനത്തിന് ശേഷം നാലുമണിക്ക് ആരംഭിച്ച പ്രതിനിധി സമ്മേളനത്തില്‍ പ്രകാശ് കാരാട്ട് രാഷ്ട്രീയ അവലോകനരേഖ അവതരിപ്പിച്ചു ഇരുപത്തേഴ് സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും പ്രതിനിധാനംചെയ്ത് 749 പേരാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്.
ഇതിനുപുറമെ 72 നിരീക്ഷകരും ഏഴ് പ്രത്യേക ക്ഷണിതാക്കളുമുണ്ട്. എസ് രാമചന്ദ്രന്‍പിള്ള ചെയര്‍മാനായ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. കേരളത്തില്‍ നിന്നുള്ള മുന്‍മന്ത്രി എ കെ ബാലനും പ്രസീഡിയത്തിലുണ്ട്.
മുന്‍ പൊളിറ്റ്ബ്യൂറോ അംഗം അന്തരിച്ച ആര്‍ ഉമാനാഥിന്റെ പേരിലാണ് സമ്മേളനവേദി. രാഷ്ട്രീയ അടവുനയം സംബന്ധിച്ച കരട് അവലോകന റിപ്പോര്‍ട്ടും കരട് രാഷ്ട്രീയപ്രമേയവും സമ്മേളനം വിശദമായി ചര്‍ച്ച ചെയ്യും. രണ്ട് കരട് റിപ്പോര്‍ട്ടുകളും പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി പൊതുചര്‍ച്ചക്കായി പ്രസിദ്ധപ്പെടുത്തിയിരുന്നു. ഈമാസം 19ന് എം രാമകൃഷ്ണബീച്ചിലെ ബസവപുന്നയ്യ നഗറില്‍ സമാപന മഹാറാലി നടക്കും.