നാട് വിഷുത്തിരക്കില്‍; ക്രമസമാധാനപാലനത്തിന് പോലീസ് സ്‌ക്വാഡുകള്‍

Posted on: April 14, 2015 3:44 am | Last updated: April 13, 2015 at 9:58 pm

കാസര്‍കോട്: ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായി മലയാളികള്‍ ആഘോഷിക്കുന്ന വിഷുവിനെ വരവേല്‍ക്കാന്‍ നാടൊരുങ്ങി. ജില്ലയിലെ നഗരങ്ങളും ഗ്രാമങ്ങളും ഇപ്പോള്‍തന്നെ ആഘോഷലഹരിയില്‍ അമര്‍ന്നുകഴിഞ്ഞു. പടക്കവിപണിയും വസ്ത്രവിപണിയും സജീവമാണ്. പച്ചക്കറി ചന്തയിലും തിരക്ക് വര്‍ധിച്ചു. ചുരുങ്ങിയ വിലയ്ക്കുള്ള ഇടപാടുകള്‍ നടക്കുന്നതിനാല്‍ വഴിയോര വസ്ത്ര വില്‍പനയും ഗൃഹോപകരണ വില്‍പനയും പൊടിപൊടിക്കുന്നു.
കണിയൊരുക്കുന്നതിന് പ്രധാനമായ കൃഷ്ണവിഗ്രഹത്തിന് പൂജാസ്റ്റോറുകളിലും കരകൗശലവിപണന കേന്ദ്രങ്ങളിലും ആവശ്യക്കാരുടെ തിരക്ക് വര്‍ധിച്ചു. പടക്ക വിപണിയില്‍ ചൈനീസ് പടക്കങ്ങള്‍ക്കു തന്നെയാണ് ഇത്തവണയും പ്രിയം. വിപണി സജീവമാകുകയും ജനത്തിരക്ക് വര്‍ധിക്കുകയും ചെയ്തതോടെ ജില്ലയിലെ പ്രധാന നഗരങ്ങളില്‍ ക്രമസമാധാന പാലനങ്ങള്‍ക്കായി പോലീസ് സ്‌ക്വാഡുകളും രംഗത്തിറങ്ങി.
കാസര്‍കോട്, കാഞ്ഞങ്ങാട് നഗരങ്ങളില്‍ വിഷുത്തിരക്കിന്റെ മറവില്‍ അക്രമവും പിടിച്ചുപറിയും മോഷണവും നടക്കാനുള്ള കണക്കിലെടുത്താണ് പോലീസ് സ്‌ക്വാഡുകളെ നിയോഗിച്ചിരിക്കുന്നത്.