ഇത് ബ്രാഹ്മണ്യത്തെ പുനരാനയിക്കാനുള്ള കോപ്പ്

Posted on: April 14, 2015 4:42 am | Last updated: April 13, 2015 at 8:46 pm

mohan bhagavath and smrithi iraniതലമുറകളുടെ ചിന്താഘടനയെ തന്നെ തങ്ങള്‍ക്കാവശ്യമായ രീതിയില്‍ പരിവര്‍ത്തനപ്പെടുത്തിയും പരുവപ്പെടുത്തിയുമാണ് ചരിത്രത്തിലുടനീളം ഫാസിസം വളര്‍ന്നുവന്നിട്ടുള്ളത്. Cach tham young എന്നത് ഹിറ്റ്‌ലറുടെ നാസീ പ്രത്യയശാസ്ത്രത്തിന്റെ പ്രയോഗ പദ്ധതിയായിരുന്നു. വിദ്യാഭ്യാസത്തെ ഫാസിസ്റ്റ് പ്രത്യയശാസ്ത്ര പ്രബോധനത്തിനുള്ള മാധ്യമമാക്കുക എന്നതായിരുന്നു ഹിറ്റ്‌ലറുടെ തന്ത്രം. ഇന്ത്യന്‍ ഫാസിസത്തിന്റെ പ്രത്യയശാസ്ത്രമായ ഹിന്ദുരാഷ്ട്രവാദം അതിന്റെ വേരുകളുറപ്പിക്കാനുള്ള തന്ത്രമെന്ന നിലയിലാണ് വിദ്യാഭ്യാസത്തെ കാവിവത്കരിക്കാനുള്ള നീക്കങ്ങള്‍ ത്വരിതഗതിയിലാക്കിയിരിക്കുന്നത്.
മതനിരപേക്ഷതയെ നിരാകരിക്കുന്നതും മതന്യൂനപക്ഷ വിരോധം പടര്‍ത്തുന്നതുമായ വര്‍ഗീയ പ്രത്യയശാസ്ത്രമാണ് ഹിന്ദുരാഷ്ട്രവാദികള്‍ മുന്നോട്ട് വെച്ചിട്ടുള്ളത്. സംഘ്പരിവാറിന്റെ ലക്ഷ്യമായ ഹിന്ദുരാഷ്ട്രം സാക്ഷാത്കരിക്കാനുള്ള പ്രത്യയശാസ്ത്ര പ്രസരണം കേന്ദ്ര സര്‍ക്കാര്‍ വിദ്യാഭ്യാസത്തിലൂടെ യാഥാര്‍ഥ്യമാക്കുന്നു.
സംസ്‌കൃത പാരമ്പര്യത്തിലധിഷ്ഠിതമായ, ബ്രാഹ്മണ മൂല്യങ്ങളിലധിഷ്ഠിതമായ മധ്യകാല യാഥാസ്ഥിതികത്വത്തെ പുനരുജ്ജീവിപ്പിക്കുന്നതും ശാസ്ത്രാവബോധത്തെയും ആധുനിക ജീവിത വീക്ഷണങ്ങളെയും വില കുറച്ചുകാണിക്കുന്നതുമായ വിദ്യാഭ്യാസ സമീപനമാണ് സംഘ്പരിവാറിന്റേത്. മോദി സര്‍ക്കാറിലെ മാനവവിഭവശേഷി വകുപ്പ് മന്ത്രി തന്നെ അര്‍ഥശങ്കക്കിടയില്ലാത്ത വിധം ഇത് വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്തെ ഭാരതവത്കരണമെന്നത് വേദങ്ങളും ഉപനിഷത്തുകളും ഗീതയും പഠിക്കലാണെന്നാണ് സ്മൃതി ഇറാനി പറഞ്ഞത്. ഇപ്പോള്‍ ആര്‍ എസ് എസ് ശാഖകളില്‍ പഠിപ്പിക്കുന്ന അപകടകരമായ സാമൂഹിക ശാസ്ത്ര, ചരിത്ര പാഠപുസ്തകങ്ങളെ ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കാന്‍ നീക്കങ്ങള്‍ നടക്കുന്നു. വര്‍ഗീയ വിദ്വേഷത്തിന്റെതായ സാമൂഹിക ശാസ്ത്ര പാഠങ്ങളും ചരിത്രകൃതികളുമാണ് ആര്‍ എസ് എസ് പണ്ഡിതന്മാര്‍ ഭാരതവത്കരിക്കപ്പെട്ട വിദ്യാഭ്യാസ പദ്ധതിയായി കാണുന്നത്.
ഓറിയന്റലിസ്റ്റുകളായ പണ്ഡിതന്മാരും ബ്രിട്ടീഷ് സാമൂഹിക ശാസ്ത്രജ്ഞരും ചേര്‍ന്ന് തയ്യാറാക്കിയ കൊളോണിയല്‍ ബ്രാഹ്മണ പ്രത്യയശാസ്ത്രമാണ് സംഘ്പരിവാറിന്റെ ഭാരതവത്കരണത്തിന് അടിത്തറ. ജയിംസ് മില്ലിനെ പോലുള്ള ബ്രിട്ടീഷ് ചരിത്രകാരന്മാര്‍ തയ്യാറാക്കിയ മതാധിഷ്ഠിതമായ ചരിത്ര രചനയെ ആര്‍ എസ് എസിന്റെ ‘ഭാരതവത്കരണ’ സിദ്ധാന്തത്തിന്റെ സൈദ്ധാന്തികമായ അന്തര്‍ധാരയായി അവര്‍ കാണുന്നു. അത്യന്തം പ്രതിലോമകരമായ ഈ പ്രത്യയശാസ്ത്രം ഭൂതകാലത്തില്‍ അഭിരമിക്കുന്നതും മധ്യകാല ബ്രാഹ്മണാധികാരത്തെ ആദര്‍ശവത്കരിക്കുന്നതുമാണ്. മധ്യകാല ഫ്യൂഡല്‍ മതാധികാര വ്യവസ്ഥയുടെ പ്രത്യയശാസ്ത്രമായ ബ്രാഹ്മണ്യവും കൊളോണിയല്‍ ചിന്താപദ്ധതികളും ചേര്‍ന്നാണ് സംഘ്പരിവാറിന്റെ പ്രത്യയശാസ്ത്രം രൂപപ്പെടുത്തിയത്. കൊളോണിയല്‍ കാലത്ത് രൂപപ്പെട്ടുവന്ന ഇന്ത്യന്‍ ഭരണവര്‍ഗത്തിന്റെ പ്രത്യയശാസ്ത്രപരമായ ഒരു നിര്‍ണായക സത്ത എന്ന നിലയിലാണ് ബ്രാഹ്മണ്യത്തിന്റെ മാറുന്ന ധര്‍മങ്ങളെ സംബന്ധിച്ച് പലരും നിരീക്ഷിച്ചിട്ടുള്ളത്. കൊളോണിയല്‍ അധിനിവേശത്തോടെ പുതിയ രൂപവും ഭാവവും ആര്‍ജിച്ച ബ്രാഹ്മണ്യം ഇന്ത്യന്‍ ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തെ ഭിന്നിപ്പിക്കാനും വര്‍ഗീയവത്കരിക്കാനുമുള്ള പ്രത്യയശാസ്ത്ര ധര്‍മമാണ് നിര്‍വഹിച്ചിട്ടുള്ളത്.
ബ്രിട്ടീഷ് സാമ്രാജ്യത്വ താത്പര്യങ്ങളോടൊപ്പം നിന്ന ഹിന്ദുത്വവാദികള്‍ ഭൂരിപക്ഷ മതത്തെ രാഷ്ട്രമാക്കി അവതരിപ്പിക്കുകയായിരുന്നു. ഹിന്ദു, മുസ്‌ലിം രാഷ്ട്രവാദം ഇന്ത്യയുടെ ദേശീയ സ്വാതന്ത്ര്യ സമരത്തെ തകര്‍ക്കാനുള്ള സാമ്രാജ്യത്വ അജന്‍ഡയുടെ പരിലാളനയിലാണ് വളര്‍ന്നുവന്നത്. പശ്ചാത്യവിദ്യാഭ്യാസം ലഭിച്ചവരും ബ്രിട്ടീഷ് ഏജന്റുമാരുമായ ഹിന്ദുത്വവാദികള്‍ ഇന്ത്യന്‍ സമൂഹത്തിന്റെ ബഹുമതസ്വഭാവത്തെയും വൈജാത്യങ്ങളെയും നിഷേധിക്കുന്ന സാംസ്‌കാരിക ദേശീയതയുടെ പ്രചാരകരായി. കൊളോണിയല്‍ സാമൂഹിക ശാസ്ത്രജ്ഞരുടെ പ്രതിലോമകരമായ ചിന്താധാരകളെ പിന്‍പറ്റിയാണ് സാംസ്‌കാരിക ദേശീയത എന്ന സങ്കല്‍പ്പം തന്നെ രൂപവത്കൃതമാകുന്നത്. നാനാത്വത്തില്‍ ഏകത്വത്തെ നിഷേധിക്കുകയും ഏകത്വത്തിലേക്ക് നാനാത്വത്തെ ബലാത്കാരമായി വിലയിപ്പിച്ചെടുക്കുകയും ചെയ്യുന്ന രീതിശാസ്ത്രമാണ് സാംസ്‌കാരിക ദേശീയത മുന്നോട്ട് വെച്ചത്.
സംസ്‌കാര വൈവിധ്യങ്ങളുടെ മഹാസംഘാതമായ ഇന്ത്യ എന്ന ദേശരാഷ്ട്രത്തെ ഹൈന്ദവ സംസ്‌കാരത്തിന്റെ ഏകത്വത്തിലേക്ക് പരിമിതപ്പെടുത്താനും നിയന്ത്രിച്ചുനിര്‍ത്താനുമുള്ള കടന്നാക്രമണങ്ങളാണ് സംഘ്പരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. എല്ലാവിധ ലിബറല്‍ ജനാധിപത്യ മൂല്യങ്ങളെയും കൈയൊഴിഞ്ഞ ഇന്ത്യന്‍ ഭരണവര്‍ഗം ചാതുര്‍വര്‍ണ്യവ്യവസ്ഥിതിയുടെയും വര്‍ഗീയ ഫാസിസത്തിന്റെ സഖ്യശക്തിയായി പരിണമിച്ചിരിക്കുന്നു. ആഗോളഫൈനാന്‍സ് മൂലധനത്തിന്റെ സാമന്തന്മാരായി ഇന്ത്യന്‍ ഭരണവര്‍ഗങ്ങള്‍ ഹിന്ദുത്വവാദികളിലൂടെ നാടിന്റെ വിഭവങ്ങളും സമ്പത്തുത്പാദന മേഖലകളും പിടിച്ചെടുക്കാനാണ് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്.
ഭരണഘടനയുടെ മതനിരപേക്ഷ ഫെഡറല്‍ മൂല്യങ്ങളെയും ജനാധിപത്യ വ്യവസ്ഥകളെയും അട്ടിമറിക്കാനും ഹിന്ദുത്വത്തിന്റെ ഫാസിസ്റ്റ് താത്പര്യങ്ങള്‍ക്ക് രാജ്യത്തെ കീഴ്‌പ്പെടുത്താനുമുള്ള നീക്കങ്ങള്‍ നടക്കുന്നു. ഈയൊരു നീക്കങ്ങള്‍ വിദ്യാഭ്യാസ മേഖലയിലാണ് കൂടുതല്‍ ആപത്കരമായ മാറ്റങ്ങള്‍ വരുത്തുക എന്ന ഭീതിതമായ യാഥാര്‍ഥ്യം തിരിച്ചറിയേണ്ടതുണ്ട്.
ആര്‍ എസ് എസിന്റെ പ്രസിദ്ധനായ വിദ്യാഭ്യാസ വിചക്ഷണന്‍ ദീനനാഥ് ബത്ര ഔപചാരിക വിദ്യാഭ്യാസത്തെയാകെ കാവിവത്കരിക്കാനുള്ള തിരക്കിലാണ്. അദ്ദേഹം എഴുതിയ ഒമ്പത് പാഠപുസ്തകങ്ങളാണ് ഗുജറാത്തിലെ 43,000 സ്‌കൂളുകളില്‍ പഠിപ്പിക്കുന്നത്. മധ്യപ്രദേശ്, ഛത്തീസ്ഖഢ്, രാജസ്ഥാന്‍ തുടങ്ങി ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗുജറാത്ത് മാതൃകയില്‍ പാഠ്യപദ്ധതി നടപ്പിലാക്കി വരികയാണ്. കേന്ദ്ര സര്‍ക്കാറിന് വേണ്ടി ബത്രയാണ് വിദ്യാഭ്യാസ പരിഷ്‌കരണത്തിനുള്ള നയരേഖ തയ്യാറാക്കുന്നത്. പുരാണങ്ങളിലെ കെട്ടുകഥകളെയും ഐതിഹ്യങ്ങളെയും ശാസ്ത്രമായി അവതരിപ്പിക്കുന്ന ബത്രയുടെ പുസ്തകങ്ങള്‍ കടുത്ത വിജ്ഞാനവിരോധത്തിന്റെയും സങ്കുചിതമായ ദേശീയവികാരത്തിന്റെയും ആശയങ്ങളാണ് മുന്നോട്ട് വെക്കുന്നത്.
ഇപ്പോള്‍ ഭഗവത്ഗീതയെ ദേശീയ ഗ്രന്ഥമായി അംഗീകരിക്കണമെന്ന വാദം ഉയര്‍ത്തിയത് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് തന്നെയാണല്ലോ. ഹരിയാന സര്‍ക്കാര്‍ ഗീതയിലെ ശ്ലോകങ്ങള്‍ പാഠഭാഗമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. മുംബൈ മുന്‍സിപ്പല്‍ സ്‌കൂളുകളില്‍ ഗീത പഠിപ്പിക്കാന്‍ പോകുകയാണെന്നാണ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്വന്തം ബന്ധുജനങ്ങളെ പോലും അരിഞ്ഞുവീഴ്ത്താന്‍ അര്‍ജുനന് ഉപദേശം നല്‍കുന്ന ഗീത യുദ്ധോത്സുകമായൊരു സംസ്‌കാരത്തെ ആദര്‍ശവത്കരിക്കുന്ന കൃതിയാണ്. ‘ചാതുര്‍വര്‍ണ്യമയാസൃഷ്ട’മെന്ന് ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഏറ്റുപറയുന്നത് ഗീതയിലൂടെയാണല്ലോ. സ്ത്രീകളും ശൂദ്രരും നീചജന്മങ്ങളാണെന്നും അവര്‍ക്കൊന്നും ഇഹത്തിലും പരത്തിലും രക്ഷയില്ലെന്നും ഗീതാകാരന്‍ മറയില്ലാതെ പ്രഖ്യാപിക്കുന്നു. ഒരു മതനിരപേക്ഷ രാജ്യത്തിന്റെ പാഠ്യപദ്ധതിയില്‍ ഗീതപോലൊരു മതഗ്രന്ഥം പഠിപ്പിക്കുന്നത് ഭൂരിപക്ഷ മതാധികാരം ലക്ഷ്യം വെക്കുന്ന യുദ്ധോത്സുകതക്കും അപരമതവിരോധത്തിലധിഷ്ഠിതമായ ഫാസിസ്റ്റ് സംസ്‌കാര നിര്‍മിതിക്കും വേണ്ടിയാണ്. മധ്യകാല ബ്രാഹ്മണാധികാരം സൃഷ്ടിച്ച ജാതി വ്യവസ്ഥയും ജീര്‍ണമായ ആചാര വിധികളും പുനരുജ്ജീവിപ്പിക്കാനുള്ള പ്രത്യയശാസ്ത്ര പ്രവര്‍ത്തനമാണ് വിദ്യാഭ്യാസ രംഗത്തെ കാവിവത്കരണത്തിലൂടെ സംഘ്പരിവാര്‍ ലക്ഷ്യമിടുന്നത്.