ആത്മഹത്യ ചെയ്ത കര്‍ഷകന്റെ കുടുംബത്തിന് നഷ്ട പരിഹാരം 100 രൂപ

Posted on: April 13, 2015 7:16 pm | Last updated: April 13, 2015 at 7:16 pm

farmer-suicide01ഫൈസാബാദ്(ഉത്തര്‍പ്രദേശ്): ആത്മഹത്യ ചെയ്ത കര്‍ഷകന്റെ കുടുംബത്തിന് സര്‍ക്കാര്‍ നല്‍കിയ നഷ്ട പരിഹാരം 100 രൂപ. ഉത്തര്‍പ്രദേശിലെ അഖിലേഷ് യാദവ് സര്‍ക്കാറാണ് കനത്ത വേനല്‍ മഴയില്‍ കൃഷി നശിച്ച കര്‍ഷകരെ അപമാനിക്കുന്ന രീതിയില്‍ നടപടി സ്വീകരിച്ചത്. 63 രൂപയുടേയും 100 രൂപയുടേയും ചെക്കുകളാണ് സര്‍ക്കാര്‍ നല്‍കിയത്.

അരയേക്കര്‍ സ്ഥലത്തെ കൃഷി നാശത്തിനാണ് ജില്ലാ ഭരണകൂടം 63 രൂപയുടെ ചെക്ക് നല്‍കിയത്. 75 സെന്റ് സ്ഥലത്തെ കൃഷിനാശത്തിന് 84 രൂപയും ഒരേക്കറിലെ കൃഷിനാശത്തിന് 100 രൂപയുമാണ് ഫൈസാബാദ് ഭരണകൂടം നഷ്ടപരിഹാരമായി നല്‍കിയത്. കൃഷിനാശത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കര്‍ഷകന്റെ കുടുംബത്തിന് ലഭിച്ചത് 100 രൂപയുടെ ചെക്കും.

വാര്‍ത്ത പുറത്തുവന്നതോടെ പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. അതേസമയം ജില്ലാ ഭരണകൂടത്തിന് തെറ്റുപറ്റിയതാണെന്നും പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും സംസ്ഥാന റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി പറഞ്ഞു.