സന്ദര്‍ശകര്‍ ഉദ്യാനങ്ങളിലുണ്ടാക്കുന്ന കേടുപാടുകള്‍ നന്നാക്കാന്‍ 95 ലക്ഷം

Posted on: April 13, 2015 6:36 pm | Last updated: April 13, 2015 at 6:36 pm
SHARE

DSC_0857ദുബൈ: നഗര പരിധിയിലെ പൊതു ഉദ്യാനങ്ങളില്‍ സന്ദര്‍ശകര്‍ കാരണമായുണ്ടാകുന്ന കേടുപാടുകള്‍ ശരിയാക്കാന്‍ നഗരസഭ വര്‍ഷത്തില്‍ ചിലവഴിക്കുന്നത് 95 ലക്ഷം ദിര്‍ഹം.
പാര്‍ക്കുകളിലെ പൂക്കള്‍, ചെടികള്‍, മരങ്ങള്‍ തുടങ്ങിയവ നശിപ്പിക്കുന്നതും സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നതും നിയമ വിരുദ്ധമെന്ന് സൂചിപ്പിക്കുന്ന ബോര്‍ഡുകളും അറിയിപ്പുകളുമുണ്ടെങ്കിലും അതെല്ലാം അവഗണിച്ചുകൊണ്ടാണ് സന്ദര്‍ശകരില്‍ ചിലര്‍ ഉദ്യാനങ്ങളില്‍ നാശനഷ്ടം വരുത്തുന്നത്. നിയമ വിരുദ്ധമായി പാര്‍ക്കുകളില്‍നിന്ന് പൂക്കള്‍ പറിച്ചതിന് കഴിഞ്ഞ വര്‍ഷം അധികൃതര്‍ പിടികൂടിയത് 1,100 പേരെയാണ്. ഇത്തരത്തില്‍ പിടിക്കപ്പെടുന്നവര്‍ക്ക് നഗരസഭ ചുമത്തുന്ന പിഴ 500 ദിര്‍ഹമാണ്.
നഗരസഭക്കു കീഴിലെ പൊതു ഉദ്യാനങ്ങളില്‍ ചെടികളും പൂക്കളും നശിപ്പിക്കുന്നതും പൊതു സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നതും പിടികൂടാന്‍ പ്രത്യേക പരിശോധക സംഘങ്ങളെ നിയമിച്ചിട്ടുണ്ട്. ഉദ്യാനങ്ങളിലെ നിരോധിത പ്രദേശങ്ങളില്‍ ഇരിക്കുന്നതും കിടക്കുന്നതും ചെടികളും പൂക്കളും നശിപ്പിക്കുന്ന ഗണത്തിലാണ് പരിശോധകര്‍ ഉള്‍പെടുത്തുക. ഇത്തരക്കാര്‍ക്കും പിഴയൊടുക്കേണ്ടിവരുമെന്ന് നഗരസഭയിലെ പാര്‍ക്ക്‌സ് ആന്‍ഡ് അഗ്രികള്‍ച്ചറല്‍ വിഭാഗം തലവന്‍ മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ വ്യക്തമാക്കി.
നിര്‍ദേശങ്ങളും നിയമങ്ങളും ലംഘിച്ചുകൊണ്ടും അധികൃതരുടെ കണ്ണുവെട്ടിച്ചും ചില സന്ദര്‍ശകര്‍ ഉദ്യാനങ്ങളില്‍ ഉണ്ടാക്കുന്ന വൃത്തികേടുകളും നാശനഷ്ടങ്ങളും നികത്താന്‍ വര്‍ഷത്തില്‍ നഗരസഭ 95 ലക്ഷം ദിര്‍ഹം ചിലവഴിക്കുന്നുണ്ടെന്ന് മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ പറഞ്ഞു. ഇതിലധികവും കുടുംബത്തിന്റെ ഭാഗമായെത്തുന്ന കുട്ടികള്‍ വരുത്തുന്ന നാശനഷ്ടങ്ങളാണ്. രക്ഷിതാക്കളുടെ അശ്രദ്ധയാണ് പലപ്പോഴും കുട്ടികളെ ഇത്തരം പ്രവണതകളിലേക്കെത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.