ദിവ വെറ്റെക്‌സ് 2015 എക്‌സ്ബിഷന്‍ 21ന് തുടങ്ങും

Posted on: April 13, 2015 6:35 pm | Last updated: April 13, 2015 at 6:35 pm

ദുബൈ: 21 മുതല്‍ 23 വരെ ദിവയുടെ ആഭിമുഖ്യത്തില്‍ വാട്ടര്‍, എനര്‍ജി, ടെക്‌നോളജി ആന്‍ഡ് എന്‍വയണ്‍മെന്റ് എക്‌സ്ബിഷന്‍ (വെറ്റെക്‌സ് 2015) നടത്തും. ദുബൈ ഇന്റര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്‌സ്ബിഷന്‍ സെന്ററിലാണ് എക്‌സ്ബിഷന്‍ നടത്തുകയെന്നും ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും ദിവ എംഡിയും സി ഇ ഒയുമായ സഈദ് മുഹമ്മദ് അല്‍ തായര്‍ വ്യക്തമാക്കി. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ നിര്‍ദേശത്തിലാണ് വെറ്റെക്‌സ് 2015 നടത്തുന്നത്. ദുബൈ ഉപഭരണാധികാരിയും സാമ്പത്തിക മന്ത്രിയും ദിവ പ്രസിഡന്റുമായ ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ രക്ഷാകര്‍തൃത്വവും പരിപാടിക്കുണ്ട്. വെറ്റെക്‌സ് 2015 എക്‌സ്ബിഷന്റെ 17-ാമത് എഡിഷനാണ് നടക്കാന്‍ പോവുന്നത്. 46 രാജ്യങ്ങളില്‍ നിന്നായി 1,696 പ്രദര്‍ശകര്‍ പങ്കെടുക്കും. കഴിഞ്ഞ വര്‍ഷം നടന്ന എക്‌സ്ബിഷനില്‍ 1,564 പ്രദര്‍ശകരായിരുന്നു പങ്കാളികളായത്. കഴിഞ്ഞ വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ വര്‍ഷം പ്രദര്‍ശകരുടെ എണ്ണത്തില്‍ എട്ടു ശതമാനത്തില്‍ അധികം വര്‍ധനവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ വെറ്റെക്‌സ് എക്‌സ്ബിഷനില്‍ 42 രാജ്യങ്ങളായിരുന്നു പങ്കാളികളായത്.
26 നാഷനല്‍ പവലിയനുകളും 27 സര്‍ക്കാര്‍ സംഘടനകളും ഇത്തവണ പങ്കാളികളാവും. 25,000 സന്ദര്‍ശകരെയാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 11 ശതമാനം വര്‍ധനവാണ് സന്ദര്‍ശകരുടെ എണ്ണത്തില്‍ ഉണ്ടാവുക. കഴിഞ്ഞവര്‍ഷം 22,602 സന്ദര്‍ശകരായിരുന്നു എത്തിയത്.
ഈ വര്‍ഷം എക്‌സ്ബിഷന്റെ സ്ഥലം 55,000 ചതുരശ്ര മീറ്ററായി ഉയര്‍ത്തിയിട്ടുണ്ട്. ഒമ്പത് ഹാളുകളിലായാണ് വെറ്റെക്‌സ് 2015 പ്രദര്‍ശനം മൂന്നു ദിവസങ്ങളിലായി നടക്കുക.
ഈ വര്‍ഷം 51 സ്‌പോണ്‍സര്‍മാരാണ് ഉണ്ടാവുക. ഒരു ടൈറ്റാനിയം, 16 സ്ട്രാറ്റജിക് സ്‌പോണ്‍സര്‍മാരും 11 പ്ലാറ്റിനം സ്‌പോണ്‍സര്‍മാരും 23 ഗോള്‍ഡ് സ്‌പോണ്‍സര്‍മാരുമാണുണ്ടാവുക.
ഇലക്ട്രിക് ആന്‍ഡ് ഹൈബ്രിഡ് കാറുകളാവും ഈ വര്‍ഷത്തെ പ്രദര്‍ശനത്തിന്റെ പ്രത്യേകത. പരിസ്ഥിതി സംരക്ഷണവും സുസ്ഥിര വികസനവും ഉറപ്പാക്കുന്നതിന് ഉതകുന്ന ഉപകരണങ്ങള്‍ക്കാണ് പ്രദര്‍ശനത്തില്‍ ഊന്നല്‍ നല്‍കുകയെന്നും അല്‍ തായര്‍ പറഞ്ഞു.