ഹദര്‍ മൗത്തിലെ മലയാളി വിദ്യാര്‍ഥികള്‍ സലാലയിലെത്തി

Posted on: April 13, 2015 6:31 pm | Last updated: April 13, 2015 at 6:31 pm

മസ്‌കത്ത് :ഒമാന്‍ അതിര്‍ത്തിക്ക് സമീപത്തെ ഹദര്‍ മൗത്തിലെ ദാറുല്‍ മുസ്തഫയില്‍ ഉന്നതപഠനം നടത്തുന്ന മലയാളി വിദ്യാര്‍ഥികള്‍ സലാലയിലെത്തി. വിവിധ ജില്ലകളില്‍ നിന്നുള്ള 12 പേരാണ് ഇന്നലെ രാത്രി 11 ഓടെ സുരക്ഷിതമായി എത്തിയത്. യമനിലെ ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ട പ്രകാരം സന്‍അയിലെത്താന്‍ സാധിക്കാതിരുന്നതോടെയാണ് ഇവര്‍ ഒമാന്‍ അതിര്‍ത്തി വഴി സലാലയിലേക്ക് വന്നത്. സലാല വഴി നാട്ടിലേക്ക് പോകാന്‍ തയാറെടുക്കുന്ന വിദ്യാര്‍ഥികളെ കുറിച്ച് ബുധനാഴ്ച ഒമാന്‍ സിറാജ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സിറാജിലെ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഐ സി എഫ് നേതാക്കളും പ്രവര്‍ത്തകരും ദാറുല്‍ മുസ്തഫ അധികൃതരുമായും മറ്റും ഇടപെട്ടാണ് ഇവരെ സലാലയിലെത്തിച്ചത്. സലാലയില്‍ നിന്ന് വ്യാഴാഴ്ച പത്ത് മണിക്ക് ഇവര്‍ കോഴിക്കോട്ടേക്ക് വിമാനം കയറും. നാട്ടിലേക്ക് മടങ്ങുന്നത് വരെയുള്ള താമസം ടിക്കറ്റ് തുടങ്ങിയ മുഴുവന്‍ കാര്യങ്ങളും ചെയ്തുകൊടുക്കുന്നത് ഐ സി എഫ് സാന്ത്വനം കാബിനെറ്റാണ്. സലാലയിലെത്തിയ കുട്ടികളെ ഐ സി എഫ് സലാല സെക്രട്ടറി അശ്‌റഫ് ബാഖവിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ സ്വീകരിച്ചു.
അതിര്‍ത്തിയിലെത്തിയ ഇവര്‍ക്ക് ഇന്ന് വിസ നല്‍കി സലാലയിലേക്ക് എത്തിക്കാനായിരുന്നു കരുതിയതെന്നും എംബസിയുടെയും ഒമാനി ഉദ്യോഗസ്ഥരുടെയും സഹായത്തെ തുടര്‍ന്നാണ് ഇന്നലെ രാത്രി തന്നെ വിദ്യാര്‍ഥികളെ സലാലയിലെത്തിക്കാന്‍ സാധിച്ചതെന്ന് ഐ സി എഫ് നാഷനല്‍ നേതൃത്വം വ്യക്തമാക്കി.
വിമത ആക്രമണമോ വ്യോമാക്രമണോ ഹദര്‍ മൗത്ത് പ്രവിശ്യയെ ബാധിച്ചിട്ടില്ലെങ്കിലും വിദേശികള്‍ രാജ്യം വിടണമെന്ന യമന്‍ സര്‍ക്കാറിന്റെയും ഇന്ത്യക്കാരോട് നാട്ടിലേക്ക് വരണമെന്ന കേന്ദ്ര സര്‍ക്കാറിന്റെയും നിര്‍ദേശം പാലിച്ചാണ് തങ്ങള്‍ സലാലയിലേക്ക് കടക്കാന്‍ തീരുമാനിച്ചതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.
അതേസമയം, പ്രശ്‌ന സങ്കീര്‍ണായ സാഹചര്യത്തില്‍ യമനിലെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയവര്‍ ഇന്ത്യന്‍ എംബസിയുമായി നിരന്തരം ഇടപെട്ടെങ്കിലും കാര്യമായ സഹകരണം ഇവരില്‍ നിന്നുണ്ടായിരുന്നില്ല. സന്‍അ, ഏതന്‍, ഹുദൈദ തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് കേന്ദ്ര സര്‍ക്കാറിന്റെയും സൈന്യത്തിന്റെയും നേതൃത്വത്തില്‍ സജീവമായ രക്ഷാ പ്രവര്‍ത്തനം നടക്കുമ്പോഴും ഇവിടേക്ക് ഇന്ത്യക്കാരെ എത്തിക്കുന്നതിലും വിസയില്ലാതെയും മറ്റും കുടുങ്ങിയവരെ സുരക്ഷിത സ്ഥാനത്തെത്തിക്കുന്നതിലും എംബസിക്ക് ഗുരുതരമായ വീഴ്ചയാണ് പറ്റിയത്. പലപ്പോഴും മനുഷ്യത്വ രഹിതമായിട്ടാണ് ഇവര്‍ സംസാരിച്ചതെന്ന് ഹുദൈദയില്‍ നിന്ന് നാവിക സേന രക്ഷിച്ച തിരുവനന്തപുരം സ്വദേശിയായ ഷിബിന്‍ പറഞ്ഞു.
സന്‍അക്ക് സമീപത്തെ ആശുപത്രിയില്‍ നഴ്‌സായി സേവനം അനുഷ്ഠിച്ച ഷിബിന്‍ അടക്കമുള്ള മലയാളി നഴ്‌സുമാരെ വിസയില്ലാത്തതിന്റെ പേരില്‍ എംബസി ഉദ്യോഗസ്ഥര്‍ പ്രായസപ്പെടുത്തിയിരുന്നു. പുതിയ ജോലി അന്വേഷിക്കുന്ന തിരിക്കിലാണ് താനുള്ളതെന്നും യമനിലുണ്ടായ അനുഭവങ്ങള്‍ മറക്കാന്‍ ശ്രമിക്കുകയാണെന്നും ഷിബിന്‍ പറഞ്ഞു.