Connect with us

Gulf

പഠനം പാതിവഴിയില്‍ മുടങ്ങിയ വിഷമത്തോടെ അവര്‍ നാട്ടിലേക്ക്...

Published

|

Last Updated

സലാല: യമനിലെ ദാറുല്‍ മുസ്തഫ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയിലെ നനവുള്ള ഓര്‍മകളുമായി അവര്‍ നാട്ടിലേക്ക് മടങ്ങുന്നു. ഇസ്‌ലാമിക വൈജ്ഞാനിക മേഖലയില്‍ പാരമ്പര്യത്തിന്റെ നന്മയും വിശുദ്ധിയും കാത്തുസൂക്ഷിക്കുന്ന ദാറുല്‍ മുസ്തഫയില്‍ നിന്ന് പാതിവഴിയില്‍ പടിയിറങ്ങേണ്ടി വരുമെന്ന് ഒരിക്കല്‍ പോലും ഇവര്‍ കരുതിയിരുന്നില്ല. ഹൂത്തി വിമതരുടെ കലാപവും സഊദി അറേബ്യയുടെ വ്യോമാക്രമണവും ശക്തമായപ്പോഴും ശാന്തമായിരുന്നു ഹദര്‍ മൗത്ത്.
യമനിലെ ഇന്ത്യക്കാരോട് നാട്ടിലേക്ക് മടങ്ങണമെന്ന കേന്ദ്ര സര്‍ക്കാറിന്റെ ആഹ്വാനവും വിദേശികളോട് രാജ്യം വിടണമെന്ന യമന്റെ പ്രഖ്യാപനവും വരുന്നത് വരെ ദാറുല്‍ മുസ്തഫയില്‍ നിന്നുള്ള വിടവാങ്ങലിനെ കുറിച്ച് ഇവര്‍ ചിന്തിച്ചിരുന്നില്ല. കോഴ്‌സ് കഴിഞ്ഞാലും അവിടെ തന്നെ നില്‍ക്കണമെന്ന് തങ്ങള്‍ പലപ്പോഴും ചിന്തിച്ചിരുന്നുവെന്ന് അവര്‍ പറയുന്നു. കേവലം പത്ത് മാസം മുമ്പാണ് ഉന്നത വിദ്യാഭ്യാസം ലക്ഷ്യംവെച്ച് ഈ വിദ്യാര്‍ഥികള്‍ ഹദര്‍ മൗത്തിലെ ദാറുല്‍ മുസ്തഫയിലെത്തിയത്.
യമനിലെ ഹദര്‍ മൗത്ത് പ്രവിശ്യയില്‍ നിന്ന് റോഡ് മാര്‍ഗം സലാലയിലെത്തിയ 12 മലയാളി വിദ്യാര്‍ഥികള്‍ക്ക് പറയാനുള്ളത് കലാപ ഭൂമിയെ കുറിച്ചോ വ്യോമാക്രമണ ഭീതിയെ കുറിച്ചോ അല്ല; രാജ്യം രക്തകലുഷിതമാകുമ്പോഴും ശാന്തമായ ഹദര്‍ മൗത്ത് പ്രദേശവും അവിടെ ലോകത്തിന് നന്മയുടെ സന്ദേശം വിളിച്ചോതുന്ന ദാറുല്‍ മുസ്തഫയെന്ന കലാലയത്തെ സംബന്ധിച്ചുമായിരുന്നു. രാജ്യത്ത് നടക്കുന്ന രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്ക് സമാധനപരമായ അവസാനമുണ്ടാകണമെന്ന് ആത്മാര്‍ഥമായി പ്രാര്‍ഥിക്കുകയും അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ് ഹദര്‍മൗത്തിലെ പണ്ഡിതന്മാരും അവര്‍ക്ക് കീഴിലെ ജനങ്ങളും.
മുല്ലപ്പു വിപ്ലവത്തിനെ തുടര്‍ന്ന് യമനില്‍ കലാപം പൊട്ടിപുറപ്പെട്ടപ്പോഴും ഹദര്‍മൗത്തും സമീപ പ്രദേശങ്ങളും സമാധാന പൂര്‍ണമായിരുന്നു. രാജ്യത്തെ നിലവിലെ രാഷ്ട്രീയ അരക്ഷിതാവസ്ഥ മുതലെടുത്ത് സലഫി പ്രസ്ഥാനങ്ങളുടെയും തീവ്രവാദ സംഘടനകളുടെയും നേതൃത്വത്തില്‍ നടക്കുന്ന ആക്രമണങ്ങളാണ് യമനിലെ സമാധാന അന്തരീക്ഷത്തിന് ആഘാതമുണ്ടാക്കുന്നതെന്നും അവിടുത്തെ സലഫി പ്രസ്ഥാനങ്ങള്‍ക്ക് കീഴിലെ സ്ഥാപനങ്ങള്‍ രാജ്യത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നുവെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.
ഇസ്‌ലാമിക സംസ്‌കാരത്തിന്റെ യഥാര്‍ത്ത ആശയങ്ങള്‍ പഠിപ്പിക്കുകയും ഇസ്‌ലാമിക വൈജ്ഞാനിക മേഖലയില്‍ ഉന്നത പഠനത്തിനും ഗവേഷണങ്ങള്‍ക്കും സാഹചര്യം ഒരുക്കുകയും ചെയ്യുന്ന ദാറുല്‍ മുസ്തഫക്ക് യമനിനും ലോകത്തിനും വെളിച്ചം പകരാന്‍ സാധിക്കും. ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് പുറമെ യൂറോപ്യന്‍, അമേരിക്ക, ആഫ്രിക്ക എന്നി വന്‍കരളില്‍ നിന്നുള്ള 42 ഓളം രാജ്യങ്ങളിലെ നൂറുകണക്കിന് വിദ്യാര്‍ഥികളാണ് ഹദര്‍ മൗത്തില്‍ പഠനം നടത്തുന്നത്.
പ്രശ്‌നങ്ങളെല്ലാം അവസാനിച്ചാല്‍ വീണ്ടും ദാറുല്‍ മുസ്തഫയിലേക്ക് മടങ്ങണമെന്നും കോഴ്‌സ് പൂര്‍ത്തിയാക്കണമെന്നുമുള്ള പ്രാര്‍ഥന മാത്രമാണ് വിദ്യാര്‍ഥികള്‍ക്കുള്ളത്. തങ്ങള്‍ക്ക് ഒമാനിലേക്ക് കടക്കാനും നാട്ടിലേക്കെത്താനുമുള്ള സൗകര്യം ഏര്‍പ്പെടുത്തിയ ഐ സി എഫ് പ്രവര്‍ത്തകര്‍ക്കും എംബസി, നോര്‍ക ഉദ്യോഗസ്ഥര്‍ക്കും കൃതജ്ഞത ഏര്‍പ്പെടുത്തുന്നുവെന്നും അതിര്‍ത്തിയിലെ ഒമാനി ഉദ്യോഗസ്ഥര്‍ ഏറെ ഭവ്യതയോടെയാണ് പെരുമാറിയതെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.