Connect with us

Ongoing News

ഹര്‍ഭജന്‍ കൊടുങ്കാറ്റായി; വിജയം പക്ഷേ, പഞ്ചാബിന്

Published

|

Last Updated

മുംബൈ: ഹര്‍ഭജന്‍ സിംഗിന്റെ അക്ഷരാര്‍ഥത്തിലുള്ള വെടിക്കെട്ട് ബാറ്റിംഗിനും മുംബൈ ഇന്ത്യന്‍സിനെ രക്ഷിക്കാനായില്ല. അവസാന ഓവറില്‍ 30 റണ്‍സ് വേണ്ടിയിരുന്ന മുംബൈക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളു. പഞ്ചാബ് കിംഗ്‌സ് ഇലവന് 18 റണ്‍സ് ജയം.
ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ജോര്‍ജ് ബെയ്‌ലിയുടെ വേഗതയാര്‍ന്ന അര്‍ധശതതത്തിന്റെ (32 പന്തില്‍ നിന്ന് 61 റണ്‍സ്) പിന്‍ബലത്തില്‍ പഞ്ചാബ് കിംഗ്‌സ് ഇലവന്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സെടുത്തു. സേവാഗ്, മുരളി വിജയ്, ഡി മില്ലര്‍ എന്നിവരും പഞ്ചാബിന്റെ സ്‌കോര്‍ബോര്‍ഡിലേക്ക് കാര്യമായ സംഭാവന നല്‍കി.
19 പന്തില്‍ നിന്ന് 36 റണ്‍സെടുത്ത സേവാഗിനെ ഹര്‍ബജന്‍ പുറത്താക്കി. 29 പന്തില്‍ നിന്ന് 35 റണ്‍സെടുത്ത മുരളി വിജയും ഹര്‍ബജന്റെ പന്തില്‍ ക്യാച്ച് നല്‍കി പിന്നെലെ മടങ്ങി. കൂറ്റന്‍ അടികള്‍ക്ക് മുതിരാതെ ഡി മില്ലറും ബെയ്‌ലിയും ചേര്‍ന്ന് ടീം സ്‌കോര്‍ നൂറ് കടത്തി. വ്യക്തിഗത സ്‌കോര്‍ 24ല്‍ എത്തിയപ്പോള്‍ മലിങ്കയുടെ പന്തില്‍ ആദിത്യ താരെക്ക് പിടിനല്‍കി മില്ലര്‍ മടങ്ങി. പിന്നെ ബെയ്‌ലിയുടെ ഊഴമായിരുന്നു. ഓടിയും ഇടക്കോരോ ഫോറും സിക്‌സറും പറത്തി ബെയ്‌ലി 61ലും പഞ്ചാബ് 177ലും എത്തി, ജോണ്‍സന്‍ മൂന്നും ധവാനും മാക്‌സ്‌വെലും ആറ് വീതവും റണ്‍സ് എടുത്തു.
മുംബൈ ഇന്ത്യന്‍സിന് വേണ്ടി മലിങ്കയും ഹര്‍ബജന്‍ രണ്ട് വീതവും സുജിത് ഒന്നും വിക്കറ്റെടുത്തു.
178 റണ്‍സ് പിന്‍തുടരാന്‍ ഗ്രൗണ്ടിലെത്തിയ മുംബൈ ഇന്ത്യന്‍സിന്റെ തുടക്കം തന്നെ നിരാശയോടെയായിരുന്നു. നേരിട്ട രണ്ടാം പന്തില്‍ സന്ദീപ് ശര്‍മയുടെ പന്തില്‍ എല്‍ ബി ഡബ്ല്യുവില്‍ കുടുങ്ങി. സ്‌കോര്‍ 50 തികക്കും മുമ്പ് അഞ്ച് വിക്കറ്റുകള്‍ തുടരെത്തുടരെ. മൂന്നാം ഓവറില്‍ താരെയും (7) ആറാം ഓവറില്‍ ഫിഞ്ചും (8) എട്ടാം ഓവറില്‍ ആന്റേഴ്‌സണും (5) 12ാം ഓവറില്‍ റായുഡുവും (13) പുറത്തായി. 20 റണ്‍സെടുത്ത കീരണ്‍ പൊള്ളാര്‍ഡ് പുറത്താകുമ്പോള്‍ മുംബൈയുടെ സ്‌കോര്‍ വെറും 60. 15ാം ഓവറില്‍ ഹര്‍ഭജന്‍ സിംഗ് നാല് ബൗണ്ടറികള്‍ പായിച്ച് സ്‌കോറിംഗിന് വേഗം കൂട്ടാന്‍ ശ്രമിച്ചു. 16ാം ഓവറില്‍ ജോണ്‍സന്റെ പന്തില്‍ ഹര്‍ബജനും സുചിതും ഓരോ സിക്‌സര്‍ നേടുമ്പോഴും സ്‌കോര്‍ 100 എത്തിയിരുന്നില്ല.
17ാം ഓവറില്‍ അനുരീത് സിംഗിനെ അടുപ്പിച്ച് രണ്ട് സിക്‌സര്‍ പറത്തിയാണ് ഹര്‍ഭജന്‍ മുംബൈയെ നൂറ് കടത്തിയത്. ഒരു പന്ത് ശേഷിക്കേ അനുരീതിന്റെ പന്തില്‍ ഹര്‍ബജന്‍ ഔട്ടായി. 24 പന്തില്‍ നിന്ന് 64 റണ്‍സായിരുന്നു ഹര്‍ഭന്റെ വെടിക്കെട്ട്. സുജിത് 21 പന്തില്‍ നിന്ന് 34 റണ്‍സെടുത്ത് കൂടെക്കൂടി. പക്ഷേ വിജയം കൈവിട്ടു. അനുരീത് സിംഗ് ഒന്നും അക്‌സര്‍ പട്ടേല്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

Latest