Connect with us

Editors Pick

കാടാറുമാസം, നാടാറു മാസം; ഇത് ആവറുകുട്ടി

Published

|

Last Updated

തൊടുപുഴ: കൊടുംവനത്തിനുള്ളിലെ ആവറുകുട്ടി ഗ്രാമം ആറു മാസത്തേക്ക് തനി നാടിയി മാറും. ഈ ഗ്രമത്തിലൂടെ ഇനി ലോറികള്‍ ഇരമ്പികയറിയിറങ്ങും. തൊഴിലാളികളുടെ ആരവം കേള്‍ക്കും. കഴിഞ്ഞ ആറു മാസം ഇവിടം കൊടുംകാടായിരുന്നു. ആറ് മാസത്തിന് ശേഷം നാട്ടുകാര്‍ മലയിറങ്ങുമ്പോള്‍ ഈ ഗ്രാമം വീണ്ടും ഒറ്റപ്പെട്ടുപോയ കാടായി മാറും.
ഈറ്റ വെട്ടുന്നതിനായി തൊഴിലാളികള്‍ കാട് കയറി വരുമ്പോഴാണ് അടിമാലിക്കടുത്തുളള ആവറുകുട്ടി ഉണരുന്നത്. അതോടെ ഇവിടം തനി നാടാകും. താത്കാലിക ചായക്കടകള്‍ വരെ ഉയരും. അതേസമയം, തൊഴിലാളികളെ കിട്ടാത്തതിനാല്‍ ഇപ്പോള്‍ ഈറ്റശേഖരണം നാമ മാത്രമായി. ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ഫാക്ടറിക്കും കേരള സ്‌റ്റേറ്റ് ബാംബു കോര്‍പറേഷനും വേണ്ടിയാണ് ഈറ്റ ശേഖരിക്കുന്നത്. അരനൂറ്റാണ്ടുകാലമായി ഈ പ്രദേശത്ത് സീസണ്‍കാലങ്ങളില്‍ ഈറ്റശേഖരിച്ചിരുന്നു. മറ്റു മേഖലയില്‍ തൊഴില്‍ ലഭിക്കാത്തവരും തൊഴില്‍ നഷ്ടപ്പെട്ടവരും മുന്‍കാലങ്ങളില്‍ ഉപജീവനത്തിനു മാര്‍ഗം കണ്ടിരുന്നത് വനത്തില്‍ നിന്നുള്ള ഈറ്റശേഖരണമായിരുന്നു.
രാവിലെ നാട്ടും പുറത്തുനിന്നും വനപാതയിലൂടെ ഈറ്റകൊണ്ടുവരാന്‍ ലോറികളില്‍ കയറി ധാരാളം തൊഴിലാളികള്‍ എത്താറുണ്ടായിരുന്നു. കുട്ടമ്പുഴ, വടാട്ടുപാറ, നേര്യമംഗലം, പഴംപള്ളിച്ചാല്‍ മേഖലയില്‍ ഇത് നിത്യകാഴ്ചയായിരുന്നു. ഇപ്പോഴിത് പേരിന് മാത്രം. സ്ത്രീ തൊഴിലാളികള്‍ ഈറ്റമേഖലയില്‍നിന്നും പൂര്‍ണമായും ഒഴിവായി. വനത്തില്‍ ഏറുമാടത്തില്‍ താമസിച്ച് വന്യമൃഗങ്ങളെ പേടിച്ച് പണിചെയ്താല്‍ 300ഓളം രൂപയാണ് പരമാവധി കൂലി ലഭിക്കുന്നത്. നാട്ടിന്പുറത്ത് ഏതുമേഖലയില്‍ പണിചെയ്താലും ഇത്രയും അധ്വാനമില്ലാതെ ഇതില്‍കൂടുതല്‍ വരുമാനം ലഭിക്കുന്നതാണ് വനമേഖലയില്‍നിന്നും തൊഴിലാളികള്‍ പിന്തിരിയാന്‍ കാരണം. നിലവിലുള്ള വേതനം ഇരട്ടിയായി വര്‍ധിപ്പിക്കുകയും സേവനവ്യവസ്ഥകള്‍ മെച്ചപ്പെടുത്തുകയും ചെയ്തില്ലെങ്കില്‍ ഇപ്പോള്‍ ജോലിചെയ്യുന്നവരും കൂടി പിന്തിരിയും. പുതിയ തൊഴിലാളികള്‍ വരികയുമില്ല. നെയ്ത്ത് തൊഴിലാളികള്‍ക്ക് നല്‍കാന്‍ ഈറ്റയില്ലാതെ ബാംബുകോര്‍പറേഷന്‍ ബുദ്ധിമുട്ടും. പനമ്പു നെയ്ത്ത് തൊഴിലാളികളുടെ എണ്ണം കുറഞ്ഞതും ബാംബു ഉല്‍പ്പന്നങ്ങളുടെ ഡിമാന്റ് കുറഞ്ഞതുമാണ് കോര്‍പ്പറേഷന് ഇപ്പോള്‍ പ്രതിസന്ധിയിലായത്.