തൊഴിലിടങ്ങളിലെ സ്ത്രീസുരക്ഷ: സുപ്രീം കോടതി നിര്‍ദേശങ്ങള്‍ ഇനിയും നടപ്പായില്ല

Posted on: April 13, 2015 2:19 am | Last updated: April 13, 2015 at 12:23 am

womenതിരുവനന്തപുരം: സ്ത്രീ സുരക്ഷക്കായി സുപ്രീം കോടതി നിര്‍ദേശിച്ച ചട്ടങ്ങള്‍ കാറ്റില്‍പറത്തുന്നു. തൊഴിലിടങ്ങളിലെ സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ 2013ലാണ് സുപ്രീംകോടതി നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. ജോലിസ്ഥലത്ത് സ്ത്രീകള്‍ക്കെതിരെയുള്ള പീഡനം തടയാന്‍ ലക്ഷ്യമിട്ടുള്ള നിയമത്തിലെ സുപ്രധാന നിര്‍ദേശങ്ങള്‍ ഇനിയും നടപ്പാക്കിയിട്ടില്ല. സര്‍ക്കാറിന്റെ താത്പര്യക്കുറവാണ് പ്രധാനകാരണം. ഉത്തരവ് അനുസരിച്ച് സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ വിവിധ കമ്മിറ്റികള്‍ രൂപവത്കരിക്കേണ്ടതുണ്ട്. സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ രൂപവത്കരിക്കേണ്ട ഈ കമ്മിറ്റികള്‍ ഇനിയും യാതാര്‍ഥ്യമായിട്ടില്ല.
എല്ലാ സ്ഥാപനങ്ങളിലും ഇന്റേണല്‍ കംപ്ലെയ്ന്റ് കമ്മിറ്റികള്‍ രൂപവത്കരിക്കണമെന്നാണ് നിയമത്തിലെ പ്രധാന നിര്‍ദേശം. ഈ കമ്മിറ്റികളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ജില്ലാതല മോണിറ്ററിംഗ് സെല്ലുകളും വേണം. എന്നാല്‍, ഒരു ജില്ലയില്‍ പോലും മോണിറ്ററിംഗ് സെല്‍ രൂപവത്കരിച്ചിട്ടില്ല. ലോക്കല്‍ കംപ്ലെയ്ന്റ് കമ്മിറ്റിയിലേക്ക് ഉദ്യോഗസ്ഥരെ നിയമിക്കുന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ക്കും സംവിധാനങ്ങളെക്കുറിച്ച് അറിവില്ലെന്നുള്ളത് നിയമം നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന താത്പര്യക്കുറവിന്റെ തെളിവാണ്.
തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതായി വനിതാ കമ്മീഷന്റെയും വനിതാസംഘടനകളുടെയും പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു. തൊഴിലിടങ്ങളിലെ പ്രശ്‌നങ്ങള്‍ എവിടെ പരാതിപ്പെടണമെന്ന് പോലും പലര്‍ക്കും അറിയില്ല. തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ സംബന്ധിച്ച് 2013 ഡിസംബര്‍ ഒമ്പതിനാണ് നിയമം പ്രാബല്യത്തില്‍ വന്നത്. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ നിയമം നടപ്പാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഗുരുതര വീഴ്ച വരുത്തുകയാണ്. സുപ്രീംകോടതിയുടെ പുതിയ നിര്‍ദേശം നടപ്പാകുന്നതിലൂടെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മുതല്‍ വീട്ടുജോലികളില്‍ വരെ സ്ത്രീകള്‍ക്ക് സംരക്ഷണം ലഭിക്കും. സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖല സ്ഥാപനങ്ങള്‍, ആശുപത്രികള്‍, കളിസ്ഥലങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ തുടങ്ങി സ്ത്രീകള്‍ ജോലി ചെയ്യുന്ന എല്ലായിടങ്ങളും നിയമത്തിന്റെ പരിധിയില്‍ വരും. ഇന്റേണല്‍ കംപ്ലെയ്ന്റ് കമ്മിറ്റി നിലവിലില്ലാത്ത ചെറിയ സ്ഥപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ജില്ലാ മോണിറ്ററിംഗ് സെല്ലില്‍ നേരിട്ട് പരാതി സമര്‍പ്പിക്കാനാകും. നിയമം വൈകുന്തോറും സത്രീകളുടെ സുരക്ഷിതമായി ജോലി ചെയ്യാനുള്ള അവസരമാണ് നഷ്ടമാകുന്നത്. അതേസമയം, സുപ്രീം കോടതി നിര്‍ദേശം യാഥാര്‍ഥ്യമാക്കാന്‍ വനിതാ കമ്മീഷന്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ജോലിസ്ഥലത്തെ സ്ത്രീകളുടെ സംരക്ഷണം നടപ്പാക്കുന്നതിനൊപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പെണ്‍കുട്ടികളുടെ സംരക്ഷണവും നടപ്പാക്കാന്‍ സംവിധാനമൊരുക്കുന്നതിനുള്ള ശ്രമവും വനിതാകമ്മിഷന്‍ നടത്തുന്നുണ്ട്.