ഗ്രീന്‍പീസ് ഇന്ത്യന്‍ തേയില വ്യവസായത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്നു: ആഭ്യന്തര മന്ത്രാലയം

Posted on: April 13, 2015 4:09 am | Last updated: April 13, 2015 at 12:10 am

green peaceന്യൂഡല്‍ഹി: ഗ്രീന്‍പീസ് ഇന്ത്യന്‍ തേയില വ്യവസായത്തെ നശിപ്പിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഗ്രീന്‍പീസ് ഇന്ത്യയുടെ വിദേശ സംഭാവനകള്‍ സ്വീകരിക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ മരവിപ്പിച്ചതിന് പിന്നാലെയാണ് ഗ്രീന്‍പീസിനെതിരെ ആരോപണവുമായി മന്ത്രാലയം രംഗത്ത് വന്നിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള തേയിലയില്‍ വന്‍തോതില്‍ കീടനാശിനി അടങ്ങിയിട്ടുണ്ടെന്നാണ് ഗ്രീന്‍പീസിന്റെ കണ്ടെത്തലെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. ഫോറന്‍സിക് പരിശോധനയുടെ അടിസ്ഥാനത്തിലല്ല ഈ കണ്ടെത്തല്‍. യൂറോപ്പിലെ ചില സ്വകാര്യ ലബോറട്ടറികളില്‍ നടത്തിയ പരിശോധനാ റിപ്പോര്‍ട്ട് മാത്രമാണ് ഈ പ്രചാരണത്തിനാധാരമെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. എന്നാല്‍ ഗ്രീന്‍പീസിന്റെ ആരോപണത്തെ ഇന്ത്യന്‍ ടീ ബോര്‍ഡ് നിഷേധിച്ചിട്ടുണ്ട്. ഇന്ത്യന്‍ തേയില വ്യവസായത്തെ നശിപ്പിക്കാനുദ്ദേശിച്ചുള്ളതാണ് ആരോപണങ്ങളെന്ന് ടീ ബോര്‍ഡ് വ്യക്തമാക്കി.
ഇന്ത്യന്‍ തേയിലയിലെ കീടനാശിനി അംശങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന് സമാനമായി ചൈനീസ് തേയിലയിലും വിശാംശങ്ങളുണ്ടെന്ന് ഗ്രീന്‍പീസ് ചൂണ്ടിക്കാട്ടിയിരുന്നു. 18 തേയില സാമ്പിളുകള്‍ പരിശോധിച്ചവയില്‍ നിന്നും 29 തരത്തിലുള്ള കീടനാശിനികള്‍ ഉണ്ടെന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ട് പറയുന്നു. ലോകത്തെ ഏറ്റവും വലിയ തേയില ഉത്പാദക രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ലോകത്തെ ഏറ്റവും മികച്ച തേയിലയാണ് ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അസാമിലെ ഡാര്‍ജിലിംഗ്, പശ്ചിമബാംഗാളിലെ ദൂര്‍സ്, ഉത്തരേന്ത്യയിലെ നീലഗിരി എന്നിവിടങ്ങളിലാണ് പ്രധാനമായും ഇന്ത്യില്‍ തേയില ഉത്പാദിപ്പിക്കുന്നത്. തേയില ഉത്പാദന മേഖലയില്‍ 35 ലക്ഷം തൊഴിലാളികളാണ് ജോലിയെടുക്കുന്നത്. റഷ്യ, യു കെ, യു എ ഇ, ഇറാന്‍, കസാക്കിസ്ഥാന്‍, പാക്കിസ്ഥാന്‍, ജര്‍മനി, ആസ്‌ട്രേലിയ, ജപ്പാന്‍, നെതര്‍ലാന്‍ഡ്, അയര്‍ലാന്‍ഡ്, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഇന്ത്യ തേയില കയറ്റുമതി ചെയ്യുന്നത്.