റബ്ബര്‍ വിലയില്‍ വീണ്ടും ഇടിവ്; കുരുമുളകിന് ആഭ്യന്തര ഡിമാന്‍ഡ്

Posted on: April 13, 2015 5:07 am | Last updated: April 12, 2015 at 11:10 pm

marketകൊച്ചി: പുതിയ സാമ്പത്തിക വര്‍ഷത്തിലും റബ്ബറിനു രക്ഷനേടാനായില്ല. വിഷു ആവശ്യങ്ങള്‍ മുന്‍ നിര്‍ത്തി കര്‍ഷകര്‍ നാളികേരം വില്‍പ്പനക്ക് ഇറക്കി. ഉത്തരേന്ത്യന്‍ ഡിമാന്‍ഡില്‍ കുരുമുളക് വില ഉയര്‍ന്നു. സ്വര്‍ണ വിലയിലും വര്‍ധന.
റബ്ബര്‍ വില വീണ്ടും ഇടിഞ്ഞു. പുതിയ സാമ്പത്തിക വര്‍ഷം പിറന്നതോടെ അന്തര്‍ സംസ്ഥാന വ്യാപാരികള്‍ ഷീറ്റില്‍ കൂടുതല്‍ താല്‍പര്യം കാണിക്കുമെന്ന പ്രതീക്ഷകള്‍ക്ക് വീണ്ടും തിരിച്ചടി നേരിട്ടു. ടയര്‍ കമ്പനികളും ചെറുകിട വ്യവസായികളും കൊച്ചി, േകാട്ടയം വിപണികളില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്. വാരത്തിന്റെ തുടക്കത്തില്‍ 12,300 ല്‍ നീങ്ങിയ നാലാം ഗ്രേഡ് റബ്ബര്‍ ശനിയാഴ്ച 12,000 ലേക്ക് ഇടിഞ്ഞു. അഞ്ചാം ഗ്രേഡ് 11,300 രൂപയിലാണ്.
ഉത്സവ ദിനങ്ങള്‍ മുന്‍നിര്‍ത്തി കര്‍ഷകര്‍ നാളികേരം വില്‍പ്പനക്ക് ഇറക്കി. പുതിയ കൊപ്രയും ഈ അവസരത്തില്‍ വില്‍പ്പനക്ക് എത്തി. ഗ്രാമീണ മേഖലകളിലെ ഒട്ടുമിക്ക കൊപ്രക്കളങ്ങളും സജീവമാണ്. കോഴിക്കോട് കൊപ്ര 10,050 രൂപയിലും കൊച്ചിയില്‍ 10,100 രൂപയിലുമാണ്. കൊച്ചിയില്‍ വെളിച്ചെണ്ണ 14,000 രൂപയില്‍ കൈമാറി. ശനിയാഴ്ച കോഴിക്കോട് വെളിച്ചെണ്ണ 15,300 ലേക്ക് ഉയര്‍ന്നു.
കുരുമുളകിന് വീണ്ടും ആഭ്യന്തര ഡിമാന്‍ഡ്. വിപണിയിലേക്കുള്ള കുരുമുളക് വരവ് കുറഞ്ഞത് കണ്ട് അന്തര്‍സംസ്ഥാന വ്യാപാരികള്‍ ചരക്കില്‍ പിടിമുറുക്കി. ഇത് വിലക്കയറ്റത്തിന് അവസരം ഒരുക്കി. വാരാവസാനം ഗാര്‍ബിള്‍ഡ് കുരുമുളക് 58,000 രൂപയിലാണ്. വിദേശ ഓര്‍ഡര്‍ എത്തുമെന്ന പ്രതീക്ഷയിലാണ് കയറ്റുമതി സമൂഹം. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഇന്ത്യന്‍ കുരുമുളക് വില ടണ്ണിന് 10,000 ഡോളറിനു മുകളിലാണ്. ഇതര ഉത്പാദന രാജ്യങ്ങള്‍ താഴ്ന്ന വിലക്കാണ് ചരക്ക് കയറ്റുമതി നടത്തുന്നത്.
വിളവെടുപ്പ് പൂര്‍ത്തിയായതിനാല്‍ ഏലക്ക വില ഉയരുമെന്ന പ്രതീക്ഷയിലാണ് ഉത്പാദകര്‍. നടപ്പ് സീസണില്‍ ഇതു വരെ ഏകദേശം 16,000 ടണ്‍ ഏലക്ക ലേലത്തിന് ഇറങ്ങി. അതേ സമയം തൊട്ട് മുന്‍വര്‍ഷം ഇതേ കാലയളവില്‍ വരവ് 17,600 ടണ്ണായിരുന്നു. കയറ്റുമതിക്ക് അനുയോജ്യമായ ഏലം കിലോ ഗ്രാമിന് 1,000 രൂപയിലാണ്.
സ്വര്‍ണ വില ഉയര്‍ന്നു. വാരത്തിന്റെ തുടക്കത്തില്‍ 20,000 ല്‍ നീങ്ങിയ പവന്‍ പിന്നീട് 20,200 വരെ കയറി. വെള്ളിയാഴ്ച പവന്‍ 19,960 ലേക്ക് താഴ്‌ന്നെങ്കിലും വാരാവസാനം നിരക്ക് 20,120 ലാണ്.