Gulf
ഗവ. എക്‌സ്‌ലന്‍സ് സംവിധാനം: നാലാം തലമുറ നടപ്പാക്കാന്‍ ശൈഖ് ഹംദാന്‍ നിര്‍ദേശിച്ചു
ദുബൈ: ദുബൈയെ ലോകത്തിലെ ഏറ്റവും മികച്ച സ്മാര്‍ട് നഗരമാക്കുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന ഗവ. എക്‌സലന്‍സ് സംവിധാനത്തിന്റെ നാലാം തലമുറ പരിഷ്‌കരണങ്ങള്‍ നടപ്പാക്കാന്‍ ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം നിര്‍ദേശിച്ചു.
സര്‍ക്കാര്‍ സേവനങ്ങളെ കൂടുതല്‍ മികച്ചതാക്കാന്‍ ലക്ഷ്യമിട്ടാണ് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഈ ലക്ഷ്യത്തിനായി നാലം തലമുറ സംവിധാനം ഉദ്ഘാടനം ചെയ്തിരുന്നു. പൊതുജനങ്ങള്‍ക്ക് പരമാവധി സംതൃപ്തി നല്‍കുന്ന സേവനം ലഭ്യമാക്കാനാണ് ഇതിലൂടെ ദുബൈ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ ജനറല്‍ സെക്രട്ടറിയേറ്റിനോട് ഗവ. എക്‌സലന്‍സ് സംവിധാനത്തിന്റെ നാലാം തലമുറ നടപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ശൈഖ് ഹംദാന്‍ വ്യക്തമാക്കി.
ഇതിനുള്ള മാനദണ്ഡവും ഗുണനിലവാരവും ലക്ഷ്യവും പഠന വിധേയമാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ മികച്ച സേവനം ലക്ഷ്യമാക്കിയാണ് ദുബൈ പ്ലാന്‍ 2021ന്റെ ഭാഗമായി ഗവ. എക്‌സലന്‍സ് സംവിധാനം നടപ്പാക്കാന്‍ ഒരുങ്ങുന്നതെന്നും ശൈഖ് ഹംദാന്‍ പറഞ്ഞു.





