Connect with us

Kerala

മഅദിന്‍ വൈസനീയത്തിന് ഉജ്ജ്വല തുടക്കം

Published

|

Last Updated

 

മലപ്പുറം: പതിനേഴു വര്‍ഷം ജ്ഞാനസമൃദ്ധികൊണ്ട് വിദ്യാഭ്യാസ-കാരുണ്യ മേഖലകള്‍ക്ക് ധാര്‍മികമുഖം നല്‍കിയ മഅ്ദിന്‍ അക്കാദമിയുടെ ഇരുപതാം വാര്‍ഷികാഘോഷമായ വൈസനിയത്തിന് ഉജ്ജ്വലതുടക്കം. ഇന്നലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് രണ്ടര വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ ഉദ്ഘാടനം ചെയ്തത്.

നല്ല ലക്ഷ്യത്തോടു കൂടി തുടങ്ങിയാല്‍ ഒരുസ്ഥാപനം എങ്ങനെ വളരുമെന്നതിന് ഏറ്റവും പ്രകടമായ ഉദാഹരണമാണ് മഅ്ദിന്‍ അക്കാദമി. ഇത് നന്മയുടെ, പുരോഗതിയുടെ ലക്ഷ്യമായി മാറിയിരിക്കുന്നു. മഅ്ദിന്‍ അക്കാദമിയുടെ ചരിത്രത്തില്‍ വളര്‍ച്ചയുടെ അടയാളമാണ് വൈസനിയം. വിദ്യാഭ്യാസ രംഗത്ത് അത് വിപ്ലവങ്ങളുണ്ടാക്കും. ഇത് സംസ്ഥാനത്തിനു തന്നെ അഭിമാനകരമായ സ്ഥാപനമാണ് – മുഖ്യമന്ത്രി പറഞ്ഞു.

 

11127578_742180742566260_4645397404776568379_nവൈസനിയം ഗാനശില്‍പത്തോടെ നടന്ന ഉദ്ഘാടന ചടങ്ങില്‍ മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി മുഖ്യാതിഥിയായിരുന്നു. വൈസനിയം എറുഡൈറ്റ് അവാര്‍ഡ് ആപ്‌കോഗ്രൂപ്പ് ചെയര്‍മാന്‍ എ.പി. അബ്ദുല്‍ കരീം ഹാജിക്ക് മുഖ്യ മന്ത്രി നല്‍കി.

പി. ഉബൈദുല്ല എം.എല്‍.എ, ഡോ.കെ.ടി ജലീല്‍, ഡി.സി.സി പ്രസിഡണ്ട് ഇ. മുഹമ്മദ് കുഞ്ഞി, ട്രഷറര്‍ എം. എന്‍. കുഞ്ഞിമുഹമ്മദ് ഹാജി, സയ്യിദ് ഷറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് ഹബീബ് കോയതങ്ങള്‍, സുന്നിവിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എ.കെ അബ്ദുല്‍ ഹമീദ്, കുറ്റൂര്‍ അബ്ദുറഹിമാന്‍ ഹാജി, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി മുസ്തഫ കോഡൂര്‍, ബി.ജെ.പി ജില്ലാ പ്രസിഡണ്ട് കെ.നാരായണന്‍ മാസ്റ്റര്‍, ഹുസൈന്‍ നീബാരി, കെ.എം.എ റഹീം, ഒ.എം.എ റഷീദ്, ഹബീബുള്ള പാടന്തറ, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി പ്രസംഗിച്ചു.

വിദ്യാഭ്യാസം, മതം, സംസ്‌കാരം, സാമ്പത്തികം, ചരിത്രം, കുടുംബം, കുടിയേറ്റം, ആരോഗ്യം, പരിസ്ഥിതി, ഭാഷ തുടങ്ങിയ ഇരുപത് വിഭാഗങ്ങളില്‍ വൈസനിയത്തിന്റെ ഭാഗമായി നടക്കുന്ന വിവിധ പരിപാടികളുടെ പദ്ധതികള്‍ മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി വിശദീകരിച്ചു.

നാളെ രാവിലെ പത്തിന് സാമൂഹിക സുരക്ഷാ സംഗമം വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്യും. പി ഉബൈദുല്ല എം എല്‍ എ മുഖ്യാതിഥിയായിരിക്കും. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് അഡ്വ. ടി പി ആസഫലി ക്ലാസെടുക്കും. ടോംജോസ് പടിഞ്ഞാറേക്കര (എ ഡി ജി പി പ്രോസിക്യൂഷന്‍സ്), അഡ്വ. അബ്ദുല്‍ കരീം ഇടുക്കി (ഗവ. പ്ലീഡര്‍ കേരള ഹൈക്കോടതി), അഡ്വ. അബ്ദുല്‍ അഹമ്മദ് , ഇ സലാഹുദ്ദീന്‍, അബ്ദുര്‍റഹ്മാന്‍ നിലമ്പൂര്‍ സംബന്ധിക്കും. 14ന് നടക്കുന്ന ഇന്റര്‍നാഷനല്‍ നോളജ് റിട്രീറ്റ് മന്ത്രി എ പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. മലേഷ്യന്‍ സര്‍ക്കാറിന്റെ സാമൂഹിക – സാംസ്‌കാരിക ഉപദേഷ്ടാവും ഇന്റര്‍നാഷനല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പ്രസിഡന്റുമായ ഡോ. റഈസ് യതീം മുഖ്യാഥിതിയായിരിക്കും. 15ന് യുവ ഗവേഷക സംഗമവും 16ന് ആത്മീയ സമ്മേളനവും നടക്കും. ബ്രിട്ടന്‍, മലേഷ്യ, ഇന്തോനേഷ്യ, സഊദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ സംബന്ധിക്കുന്ന വേദിയില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. അല്‍ ഹബീബ് മുഹമ്മദ് അബ്ദുര്‍ റഹിമാന്‍ അസ്സഖാഫ് (സഊദി അറേബ്യ) ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി വൈസനിയം സന്ദേശ പ്രഭാഷണം നടത്തും. ശൈഖ് ഹബീബ് ജിന്‍ഡാന്‍ബിന്‍ നോവന്‍ ഇന്തോനേഷ്യ, ഹബീബ് ആദില്‍ ജിഫ്രി (മദീനാ മുനവ്വറ) ശൈഖ് ആദം കെല്‍വിക് (ലണ്ടന്‍), സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍, സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് എന്‍ വി അബ്ദുര്‍ റസാഖ് സഖാഫി പ്രസംഗിക്കും.

Latest