പാഠ ഭാഗങ്ങള്‍ അറബിയില്‍ പഠിപ്പിക്കണമെന്ന് എ ഡി യു വിദ്യാര്‍ഥികള്‍

Posted on: April 11, 2015 8:40 pm | Last updated: April 11, 2015 at 8:40 pm
SHARE

അബുദാബി: പാഠങ്ങള്‍ അറബി ഭാഷയില്‍ പഠിപ്പിക്കണമെന്ന് അബുദാബി യൂണിവേഴ്‌സിറ്റി (എ ഡി യു) വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളുടെ ആവശ്യം രാജ്യത്ത് വലിയ ചര്‍ച്ചക്ക് വഴിതുറന്നിരിക്കയാണ്. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ യൂണിവേഴ്‌സിറ്റിയായ എ ഡി യുവില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിയമങ്ങള്‍ക്ക് അനുസൃതമായി പാഠങ്ങള്‍ നിലവില്‍ ഇംഗ്ലീഷിലാണ് പഠിപ്പിക്കുന്നത്.

കഴിഞ്ഞ രണ്ടു വര്‍ഷമായി പാഠങ്ങള്‍ ഇംഗ്ലീഷിലാണ് പഠിപ്പിക്കുന്നതെന്നും ഇപ്പോള്‍ വിദ്യാര്‍ഥികള്‍ പാഠഭാഗങ്ങള്‍ അറബി ഭാഷയില്‍ പഠിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കയാണെന്നും സര്‍വകലാശാലയുടെ ചാന്‍സിലര്‍ ഡോ. നബീല്‍ ഇബ്‌റാഹീം വ്യക്തമാക്കി. രാജ്യത്ത് ഇറങ്ങുന്ന പ്രസിദ്ധീകരണങ്ങളില്‍ ബഹുഭൂരിപക്ഷവും അറബി ഭാഷയില്‍ ആയതും ജോലി ലഭിക്കാന്‍ കൂടുതല്‍ സാധ്യത അറഭി ഭാഷയിലുള്ള ബിരുദത്തിനാണെന്നതും കണക്കിലെടുത്താണ് വിദ്യാര്‍ഥികള്‍ ഇത്തരം ഒരു ആവശ്യം മുന്നോട്ടുവെച്ചിരിക്കുന്നത്. അബുദാബിയുടെ അവസ്ഥയാണ് ഇതെന്നും ദുബൈയിലെ സാഹചര്യം മറ്റൊന്നാണെന്നും ഡോ. നബീല്‍ വിശദീകരിച്ചു.
ഏതെങ്കിലും ഒരു പ്രത്യേക കോഴ്‌സിന്റെ പഠന മാധ്യമം മാത്രമല്ല അറബി ഭാഷയില്‍ വേണമെന്നു വിദ്യാര്‍ഥികള്‍ പറയുന്നത്. എല്ലാ കോഴ്‌സുകള്‍ക്കും ഇത് ബാധകമാക്കണമെന്നാണ് ആവശ്യപ്പെടുന്നത്. രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ ബഹുഭൂരിപക്ഷവും ഉപയോഗിക്കുന്നത് അറബി ഭാഷയാണെന്നതും ഇത്തരം ഒരു ആവശ്യത്തിന് ബലം നല്‍കുന്നുണ്ട്.
മാസ് കമ്യൂണിക്കേഷന്‍ പോലുള്ള കോഴ്‌സുകള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് അറബിയും ഇംഗ്ലീഷും അറിയല്‍ അത്യാവശ്യമാണെന്ന് വിദ്യാര്‍ഥിയായ ഷമി വ്യക്തമാക്കി. ദുബൈ എക്‌സ്‌പോ 2020ന്റെ പശ്ചാത്തലത്തില്‍ ഇത് ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന കാര്യമാണെന്നും അവര്‍ പറഞ്ഞു.