റിസോര്‍ട്ട് സിറ്റിയില്‍ അടുത്ത വര്‍ഷം 42 വില്ലകള്‍ പൂര്‍ത്തിയാവും

Posted on: April 11, 2015 7:55 pm | Last updated: April 11, 2015 at 7:55 pm

അജ്മാന്‍: അല്‍ സൊറാഹ് മേഖലയില്‍ റിസോര്‍ട്ട് സിറ്റിയില്‍ അടുത്ത വര്‍ഷം വില്ലകള്‍ യാഥാര്‍ഥ്യമാവുമെന്ന് അധികൃതര്‍ വ്യക്തമാക്കി. അജ്മാന്‍ ക്രീക്കിനോട് ചേര്‍ന്നാണ് പ്രകൃതിരമണീയമായ മേഖലയില്‍ എല്ലാ അത്യാധുനിക സൗകര്യങ്ങളും സമ്മേളിക്കുന്ന ആഡംബര റിസോര്‍ട്ട് സിറ്റി യാഥാര്‍ഥ്യമാക്കുക.
54 ലക്ഷം ചതുരശ്ര മീറ്ററിലാണ് വിശാലമായ റിസോര്‍ട്ട് സിറ്റിയുടെ പണിപുരോഗമിക്കുന്നത്. അജ്മാന്‍ ക്രീക്കിനും കടലിനും ഇടയിലായി പണിയുന്ന ഈ റിസോര്‍ട്ടില്‍ 42 വില്ലകളാണ് ആദ്യ ഘട്ടത്തില്‍ പൂര്‍ത്തിയാവുക. കഴിഞ്ഞ ആറു വര്‍ഷമായി ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ഇവിടെ പണിയുന്ന 42 വില്ലകളും ഇപ്പോള്‍ തന്നെ വിറ്റുപോയിട്ടുണ്ട്. രണ്ടാം ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളും അധികം വൈകാതെ ആരംഭിക്കും. സിറ്റി സ്‌കേപ്പ് ഗ്ലോബല്‍ എന്ന പേരിലാവും ഇത് അറിയപ്പെടുക. അല്‍ സൊറാഹ് ഡെവലപ്‌മെന്റ് കമ്പനിയാണ് എമിറേറ്റിലെ ഏറ്റവും വലിയ ആഡംബരവില്ല നിര്‍മാണത്തിന് ചുക്കാന്‍ പിടിക്കുന്നത്.
ജാക്ക് നിക്കോളാസ് ആണ് പദ്ധതിയുടെ രൂപകല്‍പന നിര്‍വഹിച്ചിരിക്കുന്നത്. ഇതോടനുബന്ധിച്ച് ഗോള്‍ഫ് കളിക്കുള്ള സൗകര്യവും ഒരുക്കുന്നുണ്ട്. അജ്മാന്‍ സര്‍ക്കാറും ലബനോന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന നിര്‍മാണ കമ്പനിയായ സോള്‍ ഡീറെയുടെയും സംയുക്ത സംരംഭമാണ് അല്‍ സൊറാഹ്.
ആറു ആഢംബര ഹോട്ടലുകളും ആയിരക്കണക്കിന് വില്ലകളും അജ്മാനില്‍ അല്‍ സൊറാഹിന് കീഴില്‍ പണിതിട്ടുണ്ട്. ദുബൈയുടെ ആഡംബര വില്ലകളോട് എല്ലാ അര്‍ഥത്തിലും കിടപിടിക്കുന്നതാണ് ഈ വില്ലകള്‍.
2008ലാണ് പദ്ധതിക്ക് തുടക്കമിട്ടതെന്ന് അല്‍ സൊറാഹ് ചീഫ് എക്‌സിക്യൂട്ടീവ് ഇമാദ് ദാന വ്യക്തമാക്കി.