Kerala
സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ്

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിനും കോണ്‍ഗ്രസിനുമെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനകമ്മിറ്റിയില്‍ വിമര്‍ശനം. സംസ്ഥാനസമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനത്തിന് ശേഷം കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന സംസ്ഥാനകമ്മിറ്റിയിലാണ് ഐ വിഭാഗം നേതാക്കള്‍ സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. സംസ്ഥാനസമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി ഉദ്ഘാടനം ചെയ്ത് മടങ്ങിയതിന് ശേഷം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയിലായിരുന്നു എ, ഐ വിഭാഗങ്ങളുടെ വാക്‌പോര് നടന്നത്.
തനിക്ക് ശേഷം പ്രളയമെന്നാണ് ചില കോണ്‍ഗ്രസ് നേതാക്കളുടെ മനോഭാവമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് സി ആര്‍ മഹേഷ് പറഞ്ഞു. കോഴിക്കോട് നടക്കാനിരിക്കുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനസമ്മേളനം പാര്‍ട്ടിയുടേയും നേതാക്കളുടേയും സ്തുതിപാടകരുടേതാവരുത്, തിരുത്തല്‍ ശക്തികളുടേതാവണം. യുപിഎ സര്‍ക്കാരിനെ തകര്‍ത്ത എ രാജയെപ്പോലുള്ളവര്‍ സംസ്ഥാന സര്‍ക്കാരിലുമുണ്ട്. കോണ്‍ഗ്രസിന്റെ ശത്രുക്കള്‍ ബിജെപിയും സിപിഎമ്മുമാണ് ജനങ്ങളല്ല. പിസി ജോര്‍ജ്ജ്, കെ എം മാണിക്കുനേരെ എറിയുന്ന ഓരോ കല്ലും കോണ്‍ഗ്രസിനാണ് വന്നുകൊള്ളുന്നത്. പി സി ജോര്‍ജ്ജിനെ ഉടനടി പുറത്താക്കണം എന്നിങ്ങനെയായിരുന്നു വിമര്‍ശനങ്ങള്‍.
ഭരണവും ഭരണത്തുടര്‍ച്ചയുമല്ല പാര്‍ട്ടിയാണ് വലുതെന്ന് നേതാക്കള്‍ തിരിച്ചറിയണം എന്ന് സംസ്ഥാന സെക്രട്ടറി ഷെറിന്‍ വര്‍ഗ്ഗീസ് പറഞ്ഞു.