തോടുകളിലെ വെള്ളം വറ്റി; 12 ഏക്കര്‍ നെല്‍കൃഷി നശിക്കുന്നു

Posted on: April 11, 2015 5:57 am | Last updated: April 10, 2015 at 11:57 pm

പുന്നയൂര്‍: തോടുകളിലെ വെള്ളം വറ്റി വരണ്ടതിനാല്‍ 12 ഏക്കര്‍ കൊയ്യാന്‍ പാകമായ നെല്‍ കൃഷി നശിക്കുന്നു.
അടുത്ത മാസം ആദ്യത്തോടുക്കൂടി കൊയ്യാനിരുന്ന കൃഷിയാണ് നശിക്കുന്നത്. എടക്കര കുട്ടാടന്‍ പാടശേഖരത്തില്‍പ്പെടുന്ന , രാജീവ്എടക്കര, ഉമ ചന്ദ്രന്‍, കുമാരന്‍ എടക്കാട്ട് എന്നിവരൂടെ കൃഷിയാണ് നശിച്ചത്. 30 വര്‍ഷത്തോളമായി വെള്ളമില്ലാത്തതിനാല്‍ ഈ മേഖലകളില്‍ കൃഷി ചെയ്തിരുന്നില്ല.
കഴിഞ്ഞ വര്‍ഷം ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് തോടിന്റെ ആഴം കൂട്ടിയ ശേഷമാണ് കൃഷി ഇറക്കിയത്. മൂന്ന് ഏക്കറോളംകൃഷി ഇറക്കിയിരുന്നു, ഇതു വിജയിച്ചതിന്റെ അടിസ്ഥനത്തിലാണ് ഇത്തവണ 12 ഏക്കര്‍ കൃഷി ഇറക്കിയത്.
എന്നാല്‍ കൃഷി ഇറക്കി രണ്ട് മാസം കഴിഞ്ഞപ്പോഴേക്കും തോടിലെ വെള്ളം വറ്റിയത് കര്‍ഷകര്‍ക്ക് കനത്ത ആഘാതമായിരിക്കുകയാണ്.
നിലവിലെ പ്രശ്‌നം പരിഹരിക്കണമെങ്കില്‍ സമീപത്തുള്ള ആലാപാലം തോടിലുള്ള വെള്ളം എത്തിച്ചാല്‍ പ്രതിസന്ധി പരിഹരിക്കാനാവുമെന്ന് കര്‍ഷകര്‍ പറയുന്നു. പഞ്ചായത്തിലും കൃഷി ഭവനിലും പരാതി നല്‍കിയ കര്‍ഷകര്‍ എത്രയും പെട്ടെന്ന് പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.