Connect with us

Kerala

സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനിക്ക് സര്‍ക്കാറിന്റെ വഴിവിട്ട സഹായം

Published

|

Last Updated

തിരുവനന്തപുരം: സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനിയായ റിലയന്‍സ് ജനറല്‍ ഇന്‍ഷ്വറന്‍സ് കമ്പനി ലിമിറ്റഡിന് (ആര്‍ ജി ഐ എല്‍) സര്‍ക്കാര്‍ ഏജന്‍സിയായ ചിയാകിന്റെ വഴിവിട്ട സഹായം. സംസ്ഥാനത്ത് 2014-15 വര്‍ഷത്തേക്ക് ആര്‍ എസ് ബി വൈ, ചിസ് എന്നിവയുടെ ഇന്‍ഷ്വറന്‍സ് കരാര്‍ നീട്ടിക്കൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇന്‍ഷ്വറന്‍സ് കമ്പനിയെ ചിയാക് വഴിവിട്ട് സഹായിച്ചത്. കരാര്‍ നീട്ടിക്കൊടുക്കേണ്ടതിന് ആവശ്യമായ യോഗ്യതകളില്ലാതിരുന്ന ആര്‍ ഡി ഐ എല്ലിന് മാനദണ്ഡങ്ങള്‍ നോക്കാതെയാണ് ചിയാക് കരാര്‍ നീട്ടിനല്‍കിയത്. ടെന്‍ഡര്‍ പ്രകാരം മൂന്നു വര്‍ഷമാണ് ആര്‍ എസ് ബി ഐ, ചിസ് ഇന്‍ഷ്വറന്‍സിനുള്ള കരാര്‍ കാലാവധി. ചിയാക് നിശ്ചയിച്ച മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് കരാര്‍ പുതുക്കി നല്‍കുന്നത്.
2014-15 വര്‍ഷത്തേക്കുള്ള കരാര്‍ പുതുക്കുന്നതിന് മുമ്പ് ആര്‍ ജി ഐ എല്ലിന്റെ പ്രവര്‍ത്തനം ചിയാക് വിലയിരുത്തേണ്ടിയിരുന്നു. കരാര്‍ കാലാവധി നീട്ടിക്കിട്ടാനുള്ള യോഗ്യതക്കായി ചിയാക് തയ്യാറാക്കുന്ന സൂചകങ്ങളില്‍ 80ല്‍ 50 മാര്‍ക്കെങ്കിലും ആര്‍ ജി ഐ എല്‍ നേടിയാല്‍ മാത്രമേ കരാര്‍ പുതുക്കി നല്‍കാവൂ എന്നതാണ് വ്യവസ്ഥ. ഓരോ ജില്ലയിലും ആര്‍ എസ് ബി വൈ മാനദണ്ഡങ്ങള്‍ അനുസരിച്ച് അര്‍ഹരായ സ്വകാര്യ ആരോഗ്യ സംരക്ഷണ ദാതാക്കളുടെ 50 ശതമാനമെങ്കിലും എംപാനല്‍ ചെയ്യുക, കുറഞ്ഞത് 75 ശതമാനം ക്ലെയിമുകളെങ്കിലും അവ ലഭിച്ച് 21 ദിവസത്തിനകം ഇന്‍ഷ്വര്‍ തീര്‍പ്പാക്കുക എന്നീ രണ്ട് സൂചകങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ചിയാക് മാര്‍ക്ക് നല്‍കേണ്ടിയിരുന്നത്.
അര്‍ഹരായ ആരോഗ്യ സംരക്ഷണ ദാതാക്കളുടെ 50 ശതമാനമെങ്കിലും ഇന്‍ഷ്വര്‍ ചെയ്യുന്നതിന് ഇന്‍ഷ്വറന്‍സ് സ്ഥാപനത്തിന് അഞ്ച് മാര്‍ക്കാണ് നല്‍കേണ്ടത്. 21 ദിവസത്തിനകം 75 ശതമാനം ക്ലെയിമുകളെങ്കിലും തീര്‍പ്പാക്കുന്ന കാര്യത്തില്‍ ആറ് മാര്‍ക്കും നല്‍കണം.
എന്നാല്‍, ചിയാക് നല്‍കുന്ന വിവരങ്ങള്‍ പ്രകാരം 2013-14 കാലയളവില്‍ ഇന്‍ഷ്വറന്‍സ് കമ്പനി 16 ശതമാനം സ്വകാര്യ ആശുപത്രികള്‍ മാത്രമാണ് എംപാനല്‍ ചെയ്തതെന്നും ക്ലെയിമുകള്‍ ലഭിച്ച് 21 ദിവസത്തിനകം തീര്‍പ്പാക്കിയവ 55 ശതമാനം മാത്രമാണെന്നുമാണ്. അവരുടെ പ്രകടനം മാനദണ്ഡങ്ങള്‍ അനുസരിച്ചല്ലാത്തതിനാല്‍ ഒരു മാര്‍ക്കും നേടാന്‍ കമ്പനിക്ക് യോഗ്യതയില്ലായിരുന്നു.
എന്നാല്‍, ആശുപത്രികള്‍ എംപാനല്‍ ചെയ്യുന്നതിന് ഏഴ് മാര്‍ക്കും ക്ലെയിം തീര്‍പ്പാക്കലിന് അഞ്ച് മാര്‍ക്കും ചിയാക് കമ്പനിക്ക് നല്‍കി വഴിവിട്ട് സഹായിച്ചു. ചിയാക് നടത്തിയ വിശകലനത്തിന്റെ അടിസ്ഥാനത്തില്‍ കമ്പനിക്ക് 56 മാര്‍ക്ക് ലഭിക്കുകയും 2014-15ലേക്കുള്ള കരാര്‍ നേടുകയുമാണ് ചെയ്തിരിക്കുന്നത്. 44 മാര്‍ക്ക് മാത്രം ലഭിക്കേണ്ടിയിരുന്ന റിലയന്‍സ് ഇന്‍ഷ്വറന്‍സ് കമ്പനിക്ക് 56 മാര്‍ക്ക് ലഭിക്കാനിടയായത് ചിയാകിന്റെ ന്യൂനതയുള്ള മൂല്യ നിര്‍ണയത്തിലൂടെയാണ്. പദ്ധതികള്‍ക്കായി വാഗ്ദാനം ചെയ്ത പാക്കേജ് നിരക്ക് കുറവായത് കാരണം പദ്ധതിയില്‍ ചേരാന്‍ ആശുപത്രികള്‍ വിസമ്മതിച്ചുവെന്ന് 2008-10 കാലയളവില്‍ സ്വകാര്യ ആശുപത്രികളില്‍ നടത്തിയ സന്ദര്‍ശനങ്ങളില്‍ വെളിപ്പെട്ടതായി ചിയാക് പ്രസ്താവിച്ചു. മൂല്യ നിര്‍ണയ ക്രമത്തില്‍ പറയുന്നത് പോലെ നിഷ്‌കര്‍ഷിച്ചിട്ടുള്ള സൗകര്യമുള്ള ആശുപത്രികളുടെ എണ്ണത്തിന് അനുസൃതമായി മാര്‍ക്ക് നല്‍കുന്നതിന് പകരം താത്പര്യമുള്ള ആശുപത്രികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് മാര്‍ക്ക് നല്‍കിയതെന്നും ചിയാക് പറഞ്ഞു.
പദ്ധതിയില്‍നിന്ന് പ്രമുഖ സ്വകാര്യ ആശുപത്രികള്‍ വിട്ടുനിന്നതിനാല്‍ എം പാനല്‍മെന്റിനുള്ള മാര്‍ക്ക് സംസ്ഥാനത്തുള്ള മൊത്തം ആശുപത്രികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കുന്നതിന് പകരം ചിയാക് ശിപാര്‍ശ ചെയ്ത ആശുപത്രികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലായിരുന്നെന്നാണ് സര്‍ക്കാര്‍ പ്രസ്താവിക്കുന്നത്.
ജില്ലാ ഭരണകൂടം സമര്‍പ്പിക്കുന്ന ആശുപത്രികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ചിയാക് മാര്‍ക്ക് നല്‍കേണ്ടിയിരുന്നതെന്ന് നോട്ടീസ് ഇന്‍വൈറ്റിംഗ് ടെന്‍ഡര്‍ ആവശ്യപ്പെടുന്ന നിലയില്‍ ക്ലെയിം തീര്‍പ്പാക്കല്‍ സംബന്ധിച്ച് സര്‍ക്കാര്‍ വാദം നിലനില്‍ക്കുന്നതല്ല. അടിസ്ഥാന സൂചകങ്ങളെ തള്ളിക്കളഞ്ഞ് ഏകപക്ഷീയ രീതിയിലാണ് ചിയാകും സംസ്ഥാനതല നിരീക്ഷണ സമിതിയും മൂല്യ നിര്‍ണയ സൂചകങ്ങളില്‍ വെള്ളംചേര്‍ത്ത് 2014-15 വര്‍ഷത്തേക്ക് കരാര്‍ നീട്ടിക്കിട്ടുന്നതിന് റിലയന്‍സ് ഇന്‍ഷ്വറന്‍സ് കമ്പനിക്ക് സൗകര്യമൊരുക്കിയത്. മത്സരാധിഷ്ഠിത ലേലമില്ലാതിരുന്നതിനാല്‍ ഇതുകാരണം മറ്റ് ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്ക് സുതാര്യമായി ലേല നടപടിയില്‍ പങ്കെടുക്കാനുമായില്ല.

Latest