Connect with us

Wayanad

കുറുവദ്വീപില്‍ ഒരേജോലിക്ക് രണ്ട് കൂലി: തൊഴിലാളികള്‍ പ്രക്ഷോഭത്തിലേക്ക്

Published

|

Last Updated

പുല്‍പ്പള്ളി: വയനാട്ടിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നായ കുറവ ദ്വീപില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് രണ്ട് തരത്തില്‍ കൂലി നല്‍കുന്നത് വന്‍ പ്രതിഷേധത്തിന് കാരണമായി. ഒരേ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കാണ് അധികൃതര്‍ രണ്ട് തരത്തില്‍ കൂലി നല്‍കുന്നത്. പ്രധാനമായും രണ്ടിടങ്ങളില്‍ നിന്നാണ് കുറുവദ്വീപിലേക്ക് വിനോദസഞ്ചാരികളെ കടത്തിവിടുന്നത്. പുല്‍പ്പള്ളി ചെറിയാമല ഭാഗത്തുനിന്ന് വനംവകുപ്പ് അധികൃതരും കാര്‍ട്ടിക്കുളം ഭാഗത്തുനിന്ന് ടൂറിസം പ്രമോഷന്‍ കൗണ്‍സിലുമാണ് സഞ്ചാരികളെ ദ്വീപിലേക്ക് എത്തിക്കുന്നത്. ടിക്കറ്റ് കൗണ്ടറുകളില്‍ ടിക്കറ്റ് വില്‍ക്കുക, സഞ്ചാരികളെ ചങ്ങാടത്തിലും വള്ളത്തിലും കയറ്റി ദ്വീപിലെത്തിക്കുക, അവര്‍ക്ക് ആവശ്യമായ മുന്‍കരുതലുകളും മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കുക പരിസരം വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയ ജോലികള്‍ ചെയ്യുന്നതിനായി രണ്ട് ഇടങ്ങളിലും തൊഴിലാളികളെ നിയോഗിച്ചിട്ടുണ്ട്. പുല്‍പ്പള്ളി ചെറിയാമല ഭാഗത്തുമാത്രം 47 തൊഴിലാളികളുണ്ട്. ഈ തൊഴിലാളികള്‍ക്കാണ് അധികൃതര്‍ രണ്ട് തരത്തില്‍ കൂലി നല്‍കുന്നത്. വനംവകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള പുല്‍പ്പള്ളി, ചെറിയാമല ഭാഗത്തെ തൊഴിലാളികള്‍ക്ക് 300 രൂപയാണ് ഒരു ദിവസം കൂലി. ഇവര്‍ക്ക് മറ്റ് ആനുകൂല്യങ്ങളോ വരുമാനമോ ഇല്ല. എന്നാല്‍ ഡിടിപിസിയുടെ ആഭിമുഖ്യത്തിലുള്ള പ്രവേശന കവാടത്തിലെ തൊഴിലാളികള്‍ക്ക് 10500 രൂപയോളമാണ് ശമ്പളം. അതിന് പുറമെ എല്ലാവിധ ആനുകൂല്യങ്ങളും തൊഴിലാളികള്‍ക്ക് ലഭിക്കുന്നുമുണ്ട്. അതുംകൂടാതെ ഒരു ദിവസത്തെ ആകെ വരുമാനത്തിന്റെ 15 ശതമാനവും തൊഴിലാളികള്‍ക്ക് ബോണസായി നല്‍കും. എല്ലാംകൂടി കണക്ക് കൂട്ടുമ്പോള്‍ 16000 രൂപയിലധികം ഈ തൊഴിലാളികള്‍ക്ക് മാസവരുമാനമായി ലഭിക്കും. എന്നാല്‍ വനംവകുപ്പിന്റെ തൊഴിലാളികള്‍ക്ക് 9000 രൂപ മാത്രമാണ് മാസവരുമാനം. ഒരേതരം ജോലി ചെയ്യുന്നവര്‍ക്കാണ് ഒരു സ്ഥലത്തുതന്നെ രണ്ട് തരത്തില്‍ കൂലി നല്‍കുന്നത്. അധികൃതരുടെ ഇത്തരത്തിലുള്ള അവഗണനയ്ക്കും വേര്‍തിരിവിനുമെതിരെ ശക്തമായ സമരപരിപാടികളാവിഷ്‌ക്കരിക്കാനാണ് തൊഴിലാളികളുടെ തീരുമാനം.

Latest