കാട്ടാനശല്യം: തിരുനെല്ലിയില്‍ കര്‍ഷകര്‍ ദുരിതത്തില്‍

Posted on: April 11, 2015 5:38 am | Last updated: April 10, 2015 at 10:39 pm

തിരുനെല്ലി: ഒറ്റയായും കൂട്ടമായും എത്തുന്ന കാട്ടാനകള്‍ തിരുനെല്ലിയിലെ കര്‍ഷകരുടെ ഉറക്കം കെടുത്തുന്നു. വന്യമൃഗ ശല്ല്യത്തിന് ശാശ്വതപരിഹാരം വേണമെന്ന കര്‍ഷകരുടെ ആവശ്യത്തിന് എന്നും അവഗണനയാണുള്ളത്.
ലക്ഷക്കണക്കിന് രൂപ മുടക്കി നിര്‍മിച്ചവൈദ്യുതി കമ്പി വേലികളും കിടങ്ങുകളും നോക്കു കുത്തിയായി. വൈദ്യുതി കമ്പിവേലികള്‍ പലയിടങ്ങളിലും പൊട്ടിക്കിടക്കുകയാണ്. ശേഷിക്കുന്നവയില്‍ വൈദ്യതി കടത്തി വിടാറുമില്ല. ഇടിഞ്ഞ കിടങ്ങുകളുടെ അറ്റകുറ്റപ്പണിയെടുക്കാനും ബന്ധപ്പെട്ടവര്‍ തയാറാവുന്നില്ല. മുളങ്കൂട്ടങ്ങള്‍ പൂത്തുണങ്ങി നശിച്ചതോടെ ചക്കയും മാങ്ങയും തേടി ആനക്കൂട്ടം നാട്ടിലിറങ്ങുകയാണ്. തെങ്ങുകളും വ്യാപകമായി ആനക്കൂട്ടം നശിപ്പിക്കുന്നത്. വന്യമൃഗങ്ങള്‍ കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നെന്ന പരാതി നല്‍കിയിട്ടും കൃഷി, വനം വകുപ്പ് അധികൃതര്‍ നിസംഗത കാട്ടുകയാണെന്ന ആരോപണമുണ്ട്. ഏക്കര്‍ കണക്കിന് കൃഷി നശിപ്പിച്ചാലും നാലിലൊന്ന് തുക പോലും നഷ്ട പരിഹാരമായി ലഭിക്കുന്നില്ല. ഉപജീവനത്തിനായി കാര്‍ഷിക മേഖയെ ആശ്രയിച്ച തിരുനെല്ലിയിലെ കര്‍ഷകര്‍ ദുരിതത്തിലായിരിക്കുകയാണ്. കാളങ്കോട്, കൊല്ലിമൂല, കോളിദാര്‍, പച്ചങ്ങി, അറവനാഴി, ചേക്കോട്, വടക്കില്ലം, പോലീസ് സ്‌റ്റേഷന്‍ പരിസരം, മാന്താനം, അപ്പപ്പാറ എന്നിവിടങ്ങളിലാണ് ആനശല്യം വ്യാപകമായിട്ടുള്ളത്. കാട്ടിക്കുളം പനവല്ലി റോഡിലും ആനശല്യമുണ്ട്. പത്ര വിതരണക്കാര്‍ക്കും ഇത് വലിയ പ്രശ്‌നം സൃഷ്ടിക്കുന്നത്. പാപനാശിനി വനസംരക്ഷണ സമിതി കൊല്ലിമൂല മുതല്‍ ക്ഷേത്രപരിസരം വരെ നിര്‍മിച്ച കമ്പിവേലികളും .പോത്തുമൂല മുതല്‍ കൊല്ലിമൂല വരെ കെഎഫ്ഡിസി നിര്‍മിച്ച വൈദ്യുത കമ്പിവേലികള്‍ പ്രവര്‍ത്തന രഹിതമാണ്.