ഭാര്യമാര്‍ വൃക്കകള്‍ പരസ്പരം കൈമാറി, ഇസ്മാഈലിനും സത്യനും പുതുജീവന്‍

Posted on: April 10, 2015 10:12 am | Last updated: April 10, 2015 at 10:12 am

തിരൂരങ്ങാടി: വൃക്കരോഗികളായ യുവാക്കളുടെ ഭാര്യമാര്‍ തങ്ങളുടെ വൃക്കകള്‍ പരസ്പരം കൈമാറിയതോടെ രണ്ട് കുടുംബനാഥര്‍ക്ക് പുതുജീവന്‍.
പന്താരങ്ങാടി തൃക്കുളം അട്ടക്കുളങ്ങര കാട്ടില്‍ ഇസ്മാഈല്‍ (30)ന്റെ ഭാര്യ നജ്മത്ത് തന്റെ വൃക്ക കണ്ണൂര്‍ തലശേരി സ്വദേശിയായ സത്യന്‍ (45)നും സത്യന്റെ ഭാര്യ സോന തന്റെ വൃക്ക ഇസ്മാഈലിനും കൈമാറിയാണ് ഇരുവര്‍ക്കും ജീവിതത്തിലേക്ക് തിരിച്ചുവരാനായത്.
ഗള്‍ഫില്‍ ജോലിചെയ്തിരുന്ന ഇസ്മാഈല്‍ അസുഖം കാരണം നാല് വര്‍ഷം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്. പിന്നീട് ഓട്ടോറിക്ഷ ഓടിച്ചാണ് ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബം പോറ്റിയിരുന്നത്. ഇരുവൃക്കകളും തകരാറിലാവുകയും ആഴ്ചയില്‍ മൂന്ന് തവണ ഡയാലീസ് ചെയ്യേണ്ടിവരികയും വന്നതോടെ ജോലി ഉപേക്ഷിക്കുകയും ഈ കുടുംബം കഷ്ടപ്പാടിലാവുകയും ചെയ്തു. വൃക്ക മാറ്റിവെച്ചാല്‍ അസുഖം മാറുമെന്ന് വിദഗ്ധ ഡോക്ടര്‍മാര്‍ അറിയിച്ചു വെങ്കിലും ഭീമമായ തുക കണ്ടെത്താനാവാതെ ഇസ്മാഈല്‍ പ്രയാസപ്പെട്ടു. അതിനിടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ ഫിറോസിന്റെ സഹായത്തോടെയാണ് വൃക്കരോഗിയായ തലശ്ശേരിയിലെ സത്യനെ പരിചയപ്പെടുന്നത്. സത്യന്റെ ഭാര്യ സോനയുടെ വൃക്ക ഇസ്മാഈലിനും ഇസ്മാഈലിന്റെ ഭാര്യ നജ്മത്തിന്റെ വൃക്ക സത്യനും മാറ്റിവെക്കാന്‍ കഴിയുമെന്ന് കണ്ടെത്തി. ഇരുവരും വൃക്ക ദാനം ചെയ്യാന്‍ സന്നദ്ധരാവുകയും ചെയ്തു.
നിര്‍ധനനായ ഇസ്മാഈലിന്റെ ചികിത്സക്കും മറ്റും സഹായിക്കാനായി എം സി ഹസന്‍കുട്ടി ഹാജി ചെയര്‍മാനും എം ഇസ്മാഈല്‍ കണ്‍വീനറുമായി നാട്ടുകാര്‍ സഹായ കമ്മിറ്റി രൂപവത്കരിച്ചു. കഴിഞ്ഞ ദിവസം ഓപ്പറേഷന്‍ വിജയകരമായി നടന്നു. അഞ്ച് ലക്ഷം രൂപയാണ് ഇതിനകം സഹായ കമ്മിറ്റി സ്വരൂപിച്ച് നല്‍കിയത്. രണ്ടാഴ്ച ആശുപത്രിയിലും രണ്ട് മാസം ഡോക്ടറുടെ പ്രത്യേക നിരീക്ഷണത്തിലും ചികിത്സ നടക്കണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. വീട്പണി പാതിവഴിയില്‍ കിടക്കുന്ന ഈ വീട്ടിലേക്ക് വന്നാല്‍ അണുബാധ ഏല്‍ക്കുമെന്നത് കൊണ്ട് ആശുപത്രിക്ക് സമീപം വീട് വാടകക്കെടുത്ത് കഴിയണമെന്നാണ് ഉദ്ദേശിക്കുന്നത്. ഇസ്മാഈലിന്റെ തുടര്‍ചികിത്സക്കും മറ്റുമായി ഫെഡറല്‍ ബേങ്കിന്റെ ചെമ്മാട് ബ്രാഞ്ചില്‍ എസി 15720100107073 (ഐഎഫ്‌സി കോഡ്) എഫ്ഡിആര്‍എല്‍ 0001522 നമ്പര്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്.