Connect with us

Malappuram

ആഘോഷം പൊടിക്കാന്‍ അനധികൃത പടക്ക വില്‍പന ശാലകള്‍

Published

|

Last Updated

മലപ്പുറം: ആഘോഷ വിപണി ലക്ഷ്യമിട്ട് ജില്ലയില്‍ അനധികൃത പടക്ക വില്‍പ്പന വര്‍ധിക്കുന്നു. പ്രത്യേക അനുമതി നിര്‍ബന്ധമാണെങ്കിലും ആര്‍ക്കും എപ്പോഴും ചെറുകിട രീതിയില്‍ പടക്കം വില്‍ക്കാമെന്നാണ് ഇപ്പോഴത്തെ സ്ഥിതി.
ജില്ലയില്‍ ആകെ പടക്ക വില്‍പ്പനക്ക് അനുമതി ലഭിച്ചിട്ടുള്ളത് 75 ഏജന്‍സികള്‍ക്കാണ്. എന്നാല്‍ ആഘോഷ അവസരങ്ങളില്‍ പടക്ക വില്‍പന കടകളും തെരുവോര പടക്ക വില്‍പ്പനയും നാട്ടിലെങ്ങും ദൃശ്യമാകുന്നത് പതിവാണ്. കൂടാതെ, ലൈസന്‍സുള്ള പടക്ക വ്യാപാരികള്‍ അനുമതിയുളളതില്‍ കൂടുതല്‍ പടക്കങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്. അഞ്ഞൂറ് കിലോ ചൈനീസ് പടക്കങ്ങളും 100 കിലോ സാധാരണ പടക്കങ്ങളും സൂക്ഷിക്കാനാണ് അനുമതിയുളളത്. എന്നാല്‍ ഇതിലും എത്രയോ കൂടുതലാണ് പല വ്യാപാരികളും വില്‍പനക്കായി വാങ്ങുന്നത്.
സംസ്ഥാനത്ത് പടക്ക നിര്‍മാണം വേണ്ടത്രയില്ലാത്തതിനാല്‍ തമിഴ്‌നാട്ടിലെ ശിവകാശിയില്‍ നിന്നാണ് പടക്കമെത്തുന്നത്. കുറഞ്ഞ വിലയില്‍ വാങ്ങി വന്‍ലാഭത്തിനാണ് ജില്ലയില്‍ ഇവ വിറ്റഴിക്കുന്നത് എന്നതിനാല്‍ കൂടുതല്‍ വാങ്ങി സൂക്ഷിക്കുകയാണ് വ്യാപാരികള്‍ ചെയ്യുന്നത്.
വില്‍പ്പന നടത്താന്‍ കൃത്യമായ മാനദണ്ഡങ്ങളുണ്ടെങ്കിലും പല വ്യാപാരികളും ഇത് പാലിക്കാതെയാണ് കച്ചവടം നടത്തുന്നത്. കെട്ടിടങ്ങളുടെ അണ്ടര്‍ ഗ്രൗണ്ടിലും മുകള്‍ നിലയിലും കച്ചവടം നടത്തുന്നതും സംഭരിച്ച് വെക്കുന്നതും നിയമ വിരുദ്ധമാണ്. ലിഫ്റ്റ്, ഗോവണി എന്നിവയുള്ളിടത്തും ഇവ അനുവദിക്കുന്നില്ല.
15മീറ്റര്‍ ചുറ്റളവില്‍ അഗ്നിബാധയുണ്ടാകാന്‍ സാധ്യതയുള്ള തരത്തിലുളള സ്ഥാപനങ്ങളുള്ളിടത്തും പടക്കനിര്‍മാണവും വില്‍പനയും സംഭരണവുമെല്ലാം നിരോധിച്ചിട്ടുണ്ട്. ജില്ലയില്‍ മൂന്ന് പേര്‍ക്ക് മാത്രമാണ് പടക്ക നിര്‍മാണത്തിന് അനുമതിയുള്ളത്. വള്ളിക്കുന്ന്, പൂക്കോട്ടൂര്‍, കോട്ടക്കല്‍ എന്നിവിടങ്ങളിലാണിവ. അനധികൃത കച്ചവടക്കാര്‍ വിഷു ആഘോഷം മുന്നില്‍ കണ്ട് കൂടുതല്‍ പടക്കങ്ങള്‍ വാങ്ങിക്കൂട്ടുകയും സംഭരിക്കുകയും ചെയ്യുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

Latest