ജനസമ്പര്‍ക്കപരിപാടി: ആകെ ലഭിച്ചത് 7617 അപേക്ഷകള്‍

Posted on: April 10, 2015 9:58 am | Last updated: April 10, 2015 at 9:58 am

കല്‍പ്പറ്റ: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ പരിഗണിക്കുന്നതിനായി ലഭിച്ച അപേക്ഷകളുടെ വകുപ്പ്തല റിപ്പോര്‍ട്ട് മേധാവികള്‍ 18 നകം സമര്‍പ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ വി. കേശവേന്ദ്രകുമാര്‍ ആവശ്യപ്പെട്ടു. മെയ് നാലിന് കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂളില്‍ നടത്തുന്ന ജനസമ്പര്‍ക്ക പരിപാടിയുടെ അവലോകന യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം. ആകെ ലഭിച്ച 7617 അപേക്ഷകളും ജില്ലാതല ഓഫീസുകള്‍ക്ക് അയച്ചുകൊടുത്തിട്ടുണ്ട്. 20 ശേഷം മന്ത്രി പി.കെ. ജയലക്ഷ്മിയുടെ നേതൃത്വത്തില്‍ നടത്തുന്ന സ്‌ക്രീനിംഗ് കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ പരിശോധിക്കും.
വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുപരി ജില്ലയുടെ പൊതു പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായിരിക്കും ഇത്തവണ ജനസമ്പര്‍ക്ക പരിപാടിയില്‍ മുന്‍തൂക്കം നല്‍കുക. ഇതിനായി ജില്ല നേരിടുന്ന പ്രധാന പ്രശ്‌നങ്ങളെ കുറിച്ചും ഇവയുടെ പരിഹാരം സംബന്ധിച്ചും വിശദമായ റിപ്പോര്‍ട്ട് വകുപ്പ് മേധാവികള്‍ നല്‍കണം. ഓണ്‍ലൈനായി ലഭിച്ച അപേക്ഷകളില്‍ നിന്നും തെരഞ്ഞെടുത്ത നൂറ് പേരെ മാത്രമെ മുഖ്യമന്ത്രി ജനസമ്പര്‍ക്ക പരിപാടിയില്‍ നേരിട്ട് കാണുകയുള്ളൂ. മെയ് നാലിന് മുഖ്യമന്ത്രിയെ നേരില്‍ കാണണമെന്ന് ആഗ്രഹിക്കുന്നവര്‍ രാവിലെ വേദിയിലുള്ള കൗണ്ടറുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഇവരുടെ അപേക്ഷ അപ്പപ്പോള്‍ ഓണ്‍ലൈനിലേക്ക് മാറ്റും. ഓണ്‍ലൈനില്‍ ലഭിക്കുന്ന രജിസ്‌ട്രേഷന്‍ നമ്പര്‍ സഹിതമുള്ള അപേക്ഷകള്‍ മാത്രമേ മുഖ്യമന്ത്രി പരിശോധിക്കുകയുള്ളൂ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സഹായത്തിനും ചികിത്സാ ധനസഹായത്തിനും മറ്റും സമര്‍പ്പിക്കുന്ന അപേക്ഷകള്‍ നേരിട്ട് പരിശോധിച്ച് വിലയിരുത്തുന്നതിന് ഡോക്ടര്‍മാരടങ്ങുന്ന വിദഗ്ദ്ധ സംഘത്തെ നിയോഗിച്ചതായും അദ്ദേഹം പറഞ്ഞു. ഈ സമിതി നല്‍കുന്ന റിപ്പോര്‍ട്ട് , ഫോട്ടോ എന്നിവ പരിഗണിച്ച് മാത്രമേ ധനസഹായം നല്‍കുകയുള്ളൂ.
ജനസമ്പര്‍ക്ക പരിപാടിക്കായി നിയോഗിക്കുന്ന ജീവനക്കാര്‍ക്ക് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. ഇതിനായി ജീവനക്കാരുടെ നിയമന ഉത്തരവിന്റെ പകര്‍പ്പും, ഫോട്ടോ ഉള്‍പ്പെടെയുള്ള വ്യക്തിഗത വിവരങ്ങളും നിശ്ചിതമാതൃകയില്‍ നല്‍കണം. ഇത്തവണ ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചത് വൈത്തിരി താലൂക്ക് ഓഫീസിലാണ്. 1913 എണ്ണം. ഇതില്‍ 1625 എണ്ണവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും സഹായമാവശ്യപ്പെട്ടുള്ളതാണ്. ലഭിക്കുന്ന അപേക്ഷകളില്‍ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പരിഹരിക്കാവുന്നവ എത്രയും വേഗം തീര്‍പ്പാക്കുകയും അല്ലാത്തവ വ്യക്തമായ കാരണം സഹിതം തിരിച്ചയക്കുന്നതിനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇത്തവണത്തെ ജനസമ്പര്‍ക്ക പരിപാടിയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയായി ഡെപ്യൂട്ടി കളക്ടര്‍ (ട്രെയിനി) ഡോ. എം.സി. റെജിലിനെ നിയമിച്ചതായും അദ്ദേഹം അറിയിച്ചു.