Connect with us

Kerala

സാഹചര്യം പ്രതികൂലം; ഘടകകക്ഷികളെ വിമര്‍ശിച്ച് യു ഡി എഫ് യോഗത്തില്‍ കോണ്‍ഗ്രസ്

Published

|

Last Updated

തിരുവനന്തപുരം: രാഷ്ട്രീയ സാഹചര്യം പ്രതികൂലമായെന്ന് യു ഡി എഫ് യോഗത്തില്‍ പൊതുവികാരം. മുന്നണി നേരിടുന്ന ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം ഘടകകക്ഷികളാണെന്ന വിമര്‍ശം കോണ്‍ഗ്രസില്‍ നിന്നുയര്‍ന്നു. വിവാദങ്ങള്‍ സര്‍ക്കാറിന്റെ പ്രതിച്ഛായക്ക് വലിയ കോട്ടമുണ്ടാക്കി. കോണ്‍ഗ്രസിലായിരുന്നു മുമ്പ് പ്രശ്‌നമെങ്കില്‍ ഇപ്പോള്‍ ഘടകകക്ഷികളിലാണ്. ഈ പോക്ക് പോയാല്‍ തിരിച്ചടി ശക്തമായിരിക്കും. ഇക്കാര്യത്തില്‍ അടിയന്തര നടപടികള്‍ വേണമെന്നും കോവളം ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. പി സി ജോര്‍ജിന്റെ പ്രസ്താവനകള്‍ അവഗണിക്കാനാണ് തീരുമാനം. സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശമുയര്‍ന്ന ചര്‍ച്ചകളാണ് നടന്നതെങ്കിലും തിരിച്ചുവരാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
യു ഡി എഫിന് അനുകൂലമായ അന്തരീക്ഷമാണ് നിലനിന്നിരുന്നതെങ്കില്‍ ഇപ്പോള്‍ ഇത് ഇല്ലാതായെന്ന് ചര്‍ച്ചക്കിടെ പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. യു ഡി എഫ് തന്നെയാണ് ഈ സാധ്യത ഇല്ലാതാക്കിയത്. ഇങ്ങനെ പോയാല്‍ മുന്നണിയുടെ അടിത്തറ തന്നെ ഇളകും. ആഭ്യന്തര പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കണം. ഒരു വെടിക്കെട്ട് അവസാനിച്ച പ്രതീതിയാണ് ഇപ്പോഴുള്ളത്. അതിന്റെ പൊടിപടലങ്ങള്‍ ശേഷിക്കുന്നുണ്ട്. അവയെ വകഞ്ഞുമാറ്റിയാല്‍ നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാന്‍ കഴിയുമെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. പുകപടലം മാത്രമാണെങ്കിലും പൊള്ളലേല്‍ക്കാന്‍ ഇത് മതിയെന്നായിരുന്നു കെ എം മാണിയുടെ മറുപടി. മുന്നണികളിലെ പ്രശ്‌നങ്ങള്‍ വേഗത്തില്‍ പരിഹരിക്കണമെന്നും ഇല്ലെങ്കില്‍ തിരഞ്ഞെടുപ്പിനെ നേരിടാനാകില്ലെന്നും രമേശ് ചെന്നിത്തല നിര്‍ദേശിച്ചു. സാഹചര്യങ്ങള്‍ പ്രതികൂലമാണെന്ന് പറയാന്‍ കഴിയില്ലെന്നായിരുന്നു മന്ത്രി കെ സി ജോസഫിന്റെ നിലപാട്.
സര്‍ക്കാറിന്റെയും മുന്നണിയുടെയും ഇപ്പോഴത്തെ പ്രവര്‍ത്തനം വളരെ മോശമാണെന്ന് വി ഡി സതീശന്‍ ചൂണ്ടിക്കാട്ടി. ഈ രീതിയുമായി മുന്നോട്ടുപോയാല്‍ ഇനി പച്ചതൊടില്ല. യു ഡി എഫിന് അനുകൂല സാഹചര്യം നഷ്ടപ്പെട്ടില്ലെന്ന് വാദിച്ച മന്ത്രി കെ സി ജോസഫിനെയും സതീശന്‍ വിമര്‍ശിച്ചു. ഈ സാഹചര്യത്തിലും ഒരു മന്ത്രി ഇങ്ങനെ പറയുന്നത് ജനങ്ങളുമായി ബന്ധമില്ലാത്തതുകൊണ്ടാണെന്ന് സതീശന്‍ കുറ്റപ്പെടുത്തി. ജനങ്ങള്‍ക്കിടയില്‍ നിന്ന് മുന്നണി അകന്നെന്ന് എന്‍ കെ പ്രേമചന്ദ്രനും സി പി ജോണും വിമര്‍ശിച്ചു. ജനങ്ങളില്‍ നിന്ന് മുന്നണി അകലുകയാണെന്ന് ജോണി നെല്ലൂരും അനൂപ് ജേക്കബും ആരോപിച്ചു.
അരുവിക്കര തിരഞ്ഞെടുപ്പില്‍ വോട്ട് ചോദിച്ച് ചെല്ലണമെങ്കില്‍ കെ എസ് ആര്‍ ടി സി പെന്‍ഷനടക്കമുള്ള ക്ഷേമ പെന്‍ഷനുകളുടെ കുടിശ്ശിക കൊടുത്തുതീര്‍ക്കണമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷണന്‍ പറഞ്ഞു. ജനങ്ങള്‍ക്കിടയില്‍ യു ഡി എഫിന് വിശ്വാസക്കുറവ് വന്നിട്ടുണ്ടെന്നും അത് പരിഹരിക്കാന്‍ നടപടികളെടുക്കണമെന്നും കെ പി സിസി പ്രസിഡന്റ് സുധീരനും ആവശ്യപ്പെട്ടു.
കെ എം മാണിക്കും മകന്‍ ജോസ് കെ മാണിക്കുമെതിരെ ഗുരുതര അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രിക്ക് പി സി ജോര്‍ജ് നല്‍കിയ കത്ത് യു ഡി എഫ് യോഗം തള്ളി. ഈ കത്ത് പരിഗണനക്ക് പോലും അര്‍ഹമല്ലെന്ന് യോഗം വിലയിരുത്തിയതായി മുന്നണി കണ്‍വീനര്‍ പി പി തങ്കച്ചന്‍ പറഞ്ഞു. ധനമന്ത്രിക്കെതിരെ പി സി ജോര്‍ജ് ഉയര്‍ത്തിയ ആരോപണങ്ങളില്‍ കഴമ്പില്ലെന്നും പലവട്ടം ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ ഇപ്പോള്‍ ആവര്‍ത്തിക്കുകയാണെന്നും അതിനാല്‍ ഗൗരവത്തോടെ എടുക്കേണ്ടതില്ലെന്നുമാണ് മുന്നണിയുടെ നിലപാട്.
അഭിപ്രായവ്യത്യാസമില്ലാതെ യു ഡി എഫ് ഒറ്റക്കെട്ടായി മുന്നോട്ടുപോകും. പി സി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് ഒഴിവാക്കാന്‍ കേരള കോണ്‍ഗ്രസ് എം ആവശ്യപ്പെട്ടതും പുതിയ ചീഫ് വിപ്പായി തോമസ് ഉണ്ണിയാടനെ നിയമിച്ചതും അംഗീകരിച്ചു. സ്ഥാനമാനങ്ങള്‍ ഓരോ കക്ഷികള്‍ക്കാണ് നല്‍കുന്നത്. അവര്‍ ആ സ്ഥാനങ്ങളില്‍ തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം അതാത് പാര്‍ട്ടികള്‍ക്കാണ്. ഇക്കാര്യത്തില്‍ യാതൊരു ചര്‍ച്ചയുടെയും ആവശ്യമില്ലെന്നും തങ്കച്ചന്‍ പറഞ്ഞു.

Latest