Connect with us

Kerala

അനാഥലയങ്ങളിലെ അന്യസംസ്ഥാനകുട്ടികള്‍ മനുഷ്യാവകാശ ധ്വംസനമില്ല

Published

|

Last Updated

തിരുവനന്തപുരം: കേരളത്തിലെ ഭൂരിഭാഗം അനാഥാലയങ്ങളും രജിസ്‌ട്രേഷനോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അന്യസംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ കൊണ്ടുവരുന്ന നടപടിക്രമങ്ങളില്‍ ചിലയിടങ്ങളില്‍ വീഴ്ച്ച സംഭവിച്ചിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍. മുക്കത്തെ അനാഥലയത്തിലേക്ക് അന്യസംസ്ഥാനത്ത് നിന്നെത്തിച്ച കുട്ടികള്‍ മനുഷ്യാവകാശധ്വംസനത്തിന് വിധേയരായിട്ടില്ലെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിംഗില്‍ സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. സാമൂഹിക നീതി വകുപ്പ് ഉദ്യോഗസ്ഥരും പോലീസുമാണ് കമ്മീഷന് മുന്നില്‍ ഹാജരായത്. അന്യസംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന കുട്ടികള്‍ക്ക് മനുഷ്യാവകാശം ലഭിക്കുന്നുണ്ടോ എന്നുറപ്പാക്കാന്‍ എന്ത് സംവിധാനമാണുള്ളതെന്ന് കമീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍ ആരാഞ്ഞു. ഇതിനു കൃത്യമായ മറുപടി നല്‍കാന്‍ അധികൃതര്‍ക്കായില്ല. വിദേശത്ത് നിന്ന് ലഭ്യമാകുന്ന ഫണ്ട് കുട്ടികള്‍ക്കായി വിനിയോഗിക്കാതെ വകമാറ്റുന്ന സംഭവം കമീഷന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതു മനുഷ്യാവകാശധ്വംസനമല്ലേയെന്നും ചെയര്‍മാന്‍ ആരാഞ്ഞു. അനാഥാലയങ്ങള്‍ക്ക് സര്‍ക്കാറില്‍ നിന്നും വിദേശ ഏജന്‍സികളില്‍ നിന്നും ഫണ്ട് ലഭിക്കുന്നുണ്ട്. കുട്ടികളുടെ എണ്ണത്തില്‍ കുറവുണ്ടായാല്‍ ഫണ്ട് കുറയാന്‍ സാധ്യതയുണ്ട്. ചിലര്‍ ഈ സാഹചര്യം ഒഴിവാക്കാന്‍ പുറത്തുനിന്ന് കുട്ടികളെ എത്തിക്കാറുണ്ട്. കുട്ടികളുടെ രക്ഷിതാക്കളുടെ സമ്മത പത്രവും എവിടെ നിന്നാണോ കൊണ്ടുവരുന്നത് അവിടത്തെ റവന്യൂ അധികൃതരുടെ സാക്ഷ്യപത്രവും ഉണ്ടെങ്കില്‍ മാത്രമേ ഇതിനു നിയമസാധുത കൈവരൂ. ഇക്കാര്യം വ്യക്തമാക്കി ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് അനാഥാലയ നടത്തിപ്പുകാര്‍ക്ക് സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ടെന്നും സാമൂഹിക നീതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൊണ്ടുവരുന്ന കുട്ടികള്‍ക്ക് മതിയായ വിദ്യാഭ്യാസവും, വിദ്യാഭ്യാസ ശേഷം തൊഴില്‍ സാഹചര്യവും ഒരുക്കുന്നുണ്ട്.
കുട്ടികളെ കൊണ്ടുവന്നതുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം പത്ത് മാസമായിട്ടും പൂര്‍ത്തിയാക്കാത്തതിനെയും കമ്മീഷന്‍ വിമര്‍ശിച്ചു. എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കണമെന്നു പറഞ്ഞ കമീഷന്‍ അനാഥാലയങ്ങളുടെ നടത്തിപ്പിന് വ്യക്തമായ നയരൂപവത്കരണം നടത്തേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു.

Latest