Connect with us

Palakkad

കാഞ്ഞിരപ്പുഴ ജലവിതരണ വഴികളില്‍ വ്യാപകകൈയേറ്റം

Published

|

Last Updated

കല്ലടിക്കോട്: കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ കനാല്‍ പ്രദേശങ്ങളിലും ജലവിതരണ വഴികളിലും വ്യാപക കയ്യേറ്റം. പ്രധാന ഇടത് കനാലിന്റെ തുടക്കം മുതല്‍ തന്നെ ഇരുകരകളിലും വ്യാപകമായി കയ്യേറ്റം നടന്നിട്ടും അധികൃതര്‍ക്ക് അനക്കമില്ല. കാഞ്ഞിരപ്പുഴ കാര്‍ഷിക ജലസേചന പദ്ധതിക്കായി ഏറ്റെടുത്ത കാഞ്ഞിരപ്പുഴ മുതല്‍ ചളവറവരെ നീണ്ടുകിടക്കുന്ന പ്രധാന കനാലും അതില്‍ നിന്നുള്ള കൈ കനാലുകളിലുമാണു കയ്യേറ്റം.
കനാലും ഇരുവശത്ത് സഞ്ചാരത്തിനായി റോഡിലുള്ള സ്ഥലവും മണ്ണ് ആവശ്യമായി വന്നാല്‍ എടുക്കാനും നിക്ഷേപിക്കാനും ഉള്ള സ്ഥലവുമെല്ലാം വിലയിരുത്തിയാണു സ്ഥലം ഏറ്റെടുത്തത്. ഇതിനാല്‍ തന്നെ കനാലിന്റെ ഏറെ സ്ഥലം ഉപയോഗശൂന്യമായി കിടക്കുന്നുണ്ട്. ഇത്തരത്തിലുള്ള സ്ഥലവും ഇവിടങ്ങളിലെ മരങ്ങളുമാണു നഷ്ടപ്പെടുന്നത്.
വ്യക്തമായി കനാല്‍ അതിരുകള്‍ നിശ്ചയിക്കാത്തതിനാല്‍ കനാല്‍ സ്ഥലത്തെ ലക്ഷങ്ങള്‍ വിലവരുന്ന മരങ്ങള്‍ പോലും സംരക്ഷിക്കാന്‍ കഴിയുന്നില്ല. കനാല്‍ സ്ഥലങ്ങളിലെ മരങ്ങള്‍ മുറിച്ച് കടത്താന്‍ ഉദ്യോഗസ്ഥര്‍ തന്നെ കൂട്ടുനിന്ന സം‘വങ്ങളും ഏറെയാണ്. മരങ്ങള്‍ മുറിക്കുമ്പോള്‍ പരാതിയുണ്ടായാല്‍ പോലും ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്താറില്ലെന്നും പറയുന്നു. കനാല്‍ പുനരുദ്ധാരണത്തിനായി ഒഴുകിയെത്തുന്ന കോടികള്‍ ഒട്ടും പ്രയോജനപ്പെടാത്തതും അശാസ്ത്രീയവുമായി ചെലവഴിക്കുമ്പോഴും കനാല്‍ കയ്യേറ്റം ഒഴിപ്പിച്ച് സംരക്ഷിക്കാന്‍ നടപടികള്‍ ഇല്ല.
കൈ കനാലുകള്‍ ചിലയിടങ്ങളില്‍ പൂര്‍ണ്ണമായും സ്വകാര്യവ്യക്തികളുടെ നിയന്ത്രണത്തിലായി. ചിലയിടങ്ങളില്‍ കൈ കനാലുകള്‍ മൂടി റോഡാക്കി മാറ്റി. കൂടാതെ കനാല്‍ റോഡില്‍നിന്നും സ്വകാര്യകൃഷിയിടങ്ങളിലേക്ക് റോഡ് വെട്ടിയിറക്കുകയും പിന്നീട് മണ്ണിട്ട് നികത്തി വന്‍ തുകയ്ക്ക് മറിച്ച് വില്‍ക്കുന്നുമുണ്ട്.
നിരവധി ആരോപണങ്ങള്‍ നിലനില്‍ക്കെയാണു കാഞ്ഞിരപ്പുഴ ജലസേചനവകുപ്പിന്റെ അനാസ്ഥമൂലം കനാലിന്റെ നിലനില്‍പ്പ് തന്നെ ഭീഷണിയാകുന്നത്.

Latest