Connect with us

Articles

അശ്ലീല രാഷ്ട്രീയത്തിന്റെ പെരുങ്കളിയാട്ടം

Published

|

Last Updated

രാഷ്ട്രീയ ജീര്‍ണതയുടെ മുഖം സംസ്ഥാനത്ത് ഓരോ ദിവസം കഴിയുംതോറും ബീഭത്സഭമായ വിധത്തില്‍ വെളിപ്പെട്ടു വന്നുകൊണ്ടിരിക്കുന്നു. അന്തസ്സാര ശൂന്യം, മലിനമയം, ആഭാസകരം, ഏത് വാക്കിലാണ് കേരള രാഷ്ട്രീയത്തിന്റെ ഇന്നത്തെ അപചയത്തെ വിശേഷിപ്പിക്കുക?
ബാര്‍ കോഴയ്ക്കും നിയമസഭയിലെ പേക്കൂത്തുകള്‍ക്കും ശേഷം പൊടുന്നനെ കേരള രാഷ്ട്രീയം പി സി ജോര്‍ജ് എന്ന പൂഞ്ഞാര്‍ എം എല്‍ എയുടെ അശ്ലീല രാഷ്ട്രീയാഭ്യാസങ്ങളുടെ പിന്നാലെയായിരിക്കുന്നു. കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ അശ്ലീല പദങ്ങളിലൊന്നാണ് പി സി ജോര്‍ജ്. ഈ മന്ത്രി സഭയിലെ എന്നല്ല, ഭൂരിപക്ഷം നിയമസഭാ സാമാജികരും രാഷ്ട്രീയത്തെ അശ്ലീലമാക്കി മാറ്റിയ നാടകത്തിലെ കഥാപാത്രങ്ങള്‍ തന്നെ.
ആ അപമാനഭാരത്താല്‍ സാംസ്‌കാരിക കേരളത്തിന്റെ ശിരസ്സ് അമ്പേ കുനിഞ്ഞു പോയിരിക്കുന്നു.
കഴിഞ്ഞ ദിനങ്ങളില്‍ മലയാള മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്ത വിഷയമെന്താണ്? പി സി ജോര്‍ജിന്റെ ചീഫ് വിപ്പ് സ്ഥാനം തെറിക്കുമോ, അദ്ദേഹം യു ഡി എഫില്‍ തുടരുമോ? വാസ്തവത്തില്‍ അതിനെന്താണ് പ്രസക്തി? കെ എം മാണിയും പി സി ജോര്‍ജും തമ്മിലുള്ള വ്യക്തിവിദ്വേഷം കത്തിജ്ജ്വലിപ്പിക്കാനും അതിന് എരിവും പുളിയും പകര്‍ന്നുനല്‍കാനും 24 മണിക്കൂര്‍ ചാനലുകള്‍ കാത്തുനില്‍ക്കുന്നു. പരസ്പരം ചൊരിയുന്ന തെറിയഭിഷേകങ്ങള്‍ അപ്പടി “ലൈവ്” ആയി നല്‍കി മാധ്യമങ്ങള്‍ റേറ്റിംഗ് കൂട്ടാന്‍ കിടമത്സരത്തിലഭിരമിക്കുന്നു. ഇടതു-യു ഡി എഫ് മന്ത്രിമാരും എം എല്‍ എമാരും ഈ അശ്ലീല കാണ്ഡത്തില്‍ അവരുടേതായി എളിയ സംഭാവനകള്‍ സമ്മാനിച്ച് സായൂജ്യരായി കഴിയുന്നു. എല്ലാം കാണാനും കേള്‍ക്കാനും മാത്രം വിധിക്കപ്പെട്ട കേരള ജനത നിശബ്ദമായി സഹിക്കുകയാണ്.
തകര്‍ന്നടിഞ്ഞ ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങളില്‍ ഒന്നു പോലും മാധ്യമങ്ങള്‍ ചര്‍ച്ചക്കെടുക്കുന്നില്ല. ഇടതും വലതും ജനദ്രോഹത്തിന്റെ വ്യത്യസ്ത മുഖങ്ങള്‍ മാത്രമായി പരിണമിച്ച് പരസ്പരം പോരടിക്കുമ്പോള്‍, വിലക്കയറ്റത്താല്‍ ദുരിതപര്‍വങ്ങള്‍ താണ്ടിയലയുകയാണ് സാധാരണ ജനങ്ങള്‍. അരി വില കൂട്ടുന്ന ബജറ്റാണ് കടിപിടികള്‍ക്കിടയില്‍, കെ എം മാണി നിയമസഭയില്‍ അവതരിപ്പിച്ച് പാസ്സാക്കിയത്. റേഷന്‍ കടകളിലൂടെ വിതരണം ചെയ്തിരുന്ന അരിയുടെ അളവ് പകുതിയാക്കി കുറച്ചുകഴിഞ്ഞു. ഗോതമ്പ് വിതരണം പൂര്‍ണമായി നിലച്ചമട്ടാണ്. ന്യായവില നല്‍കി നെല്ല് സംഭരിക്കാതെ കര്‍ഷകരെ വലയ്ക്കുന്ന നയങ്ങള്‍ തുടരുകയാണ്.
സംസ്ഥാനത്തിന്റെ ഏറ്റവും ഹൃദയഭേദകമായ അവസ്ഥ നാം കാണേണ്ടി വന്നിരിക്കുന്നത് സാംസ്‌കാരിക രംഗത്താണ്. ബാര്‍ അനുവദിക്കുന്നതിനും അടച്ചു പൂട്ടുന്നതിനും പിന്നെ തുറക്കുന്നതിനുമൊക്കെ മന്ത്രിമാര്‍ മാറിമാറി കോടികള്‍ കോഴ വാങ്ങി കളിക്കുമ്പോള്‍, മദ്യനയം മൂലം പതിനായിരക്കണക്കിന് കുടുംബങ്ങള്‍ ശിഥിലമായി അവസാനിക്കുന്ന കാഴ്ചയാണുള്ളത്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ അന്തമില്ലാതെ തുടരുന്നു. കുട്ടികള്‍ മദ്യത്തിനും മയക്കുമരുന്നിനും കുറ്റകൃത്യങ്ങള്‍ക്കും ഇരകളാകുന്നു. കെ എസ് ആര്‍ ടിസിയിലെ തൊഴിലാളികള്‍ക്കു ശമ്പളമോ പെന്‍ഷനോ പോലും നല്‍കാതെ അതിനെ ശ്വാസം മുട്ടിച്ചു കൊല്ലാന്‍ ഭരണപക്ഷം മൃഗീയമായി ശ്രമിച്ചുകൊണ്ടിരിക്കുന്നു. പെന്‍ഷന്‍ എന്നു നല്‍കുമെന്നു പോലും പറയാന്‍ മന്ത്രിമാര്‍ തയ്യാറല്ല. പ്രതിപക്ഷത്തിന്റെ മൗനാനുവാദം എല്ലാറ്റിനുമുണ്ട്. അവര്‍ ചടങ്ങു സമരങ്ങള്‍ മാത്രം നടത്തി മാറി നിന്ന് കണ്ടാസ്വാദിക്കുകയാണ്. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളുടെ കാര്യം വിവരിക്കുന്നില്ല. എത്ര ശോചനീയമാണ് ആ രംഗങ്ങള്‍ എന്ന കാര്യം ഏവരും അനുഭവിച്ചു കൊണ്ടിരിക്കുകയാണല്ലോ.
ജനവിരുദ്ധ ഭരണത്തിന് നേതൃത്വം നല്‍കുന്ന യു ഡി എഫ് സര്‍ക്കാറിനെതിരെ ഉയരുന്ന പ്രതിഷേധത്തെയും അസംതൃപ്തിയേയും വോട്ട് രാഷ്ട്രീയത്തിനായി ഉപയോഗപ്പെടുത്തുക എന്ന ഒരേയൊരു അജന്‍ഡ മാത്രമേ സി പി എം നയിക്കുന്ന ഇടതുമുന്നണിക്കുള്ളൂ എന്നത് പകല്‍ പോലെ വ്യക്തമാണ്. ജനകീയ പ്രശ്‌നങ്ങള്‍ മനപൂര്‍വം ഏറ്റെടുക്കാതിരിക്കുക എന്ന നയമാണ് പ്രതിപക്ഷത്തിന്റേത്. അവര്‍ കുറേക്കാലം സരിതയുടെ പുറകെ ആയിരുന്നു. സോളാര്‍ പ്രശ്‌നം നാണം കെട്ട രാഷ്ട്രീയ സമവായത്തില്‍, “അഡ്ജസ്റ്റ്‌മെന്റ് സമര”ത്തില്‍ അവസാനിപ്പിച്ചതിന് ശേഷവും ഒരു മാറ്റവും വന്നിട്ടില്ല എന്നതിന്റെ തെളിവാണ് തുടര്‍ന്നു നടന്ന മാണിക്കെതിരായ നിയമസഭയിലെ കോപ്രായങ്ങള്‍.
ഇപ്പോള്‍, വീണ്ടും പി സി ജോര്‍ജ് എന്ന രാഷ്ട്രീയ അശ്ലീലം സരിതയെ ഉപയോഗിച്ച് കേരള രാഷ്ട്രീയത്തെ മലിനമാക്കാന്‍ ഒരുങ്ങുമ്പോള്‍, അതില്‍ നിന്നും രാഷ്ട്രീയലാഭം കൊയ്യാന്‍ എന്തുണ്ട് എന്നാണ് പ്രതിപക്ഷം ആലോചിക്കുന്നത്. സമകാലിക രാഷ്ട്രീയ വിവാദങ്ങളിലെല്ലാം സദാചാര അപഭ്രംശത്തിന്റെ മുഖം കൂടിയുണ്ട് എന്നതാണ് ഏറ്റവും ഞെട്ടിപ്പിക്കുന്ന കാര്യം. പി സി ജോര്‍ജിന്റെ ചീഫ് വിപ്പ് സ്ഥാനസംരക്ഷണത്തിനും അഴുകി നാറിയ സരിതയുടെ മഞ്ഞക്കടലാസുകള്‍ അപസര്‍പ്പക കഥയുടേതുമാതിരിയുള്ള വീര്യം പകര്‍ന്നു കൊടുക്കുന്ന കാഴ്ച കാണേണ്ടിവന്നതു സാംസ്‌കാരിക തകര്‍ച്ചയുടെ പ്രതിഫലനമാണ്. രാഷ്ട്രീയത്തില്‍ നിന്ന് സംസ്‌കാരം പൂര്‍ണമായി വിട പറയുന്നോ? ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ സാംസ്‌കാരിക മുഖം എത്രത്തോളം വികൃതമായിരിക്കുന്നുവെന്നതിന് ഇന്നത്തെ കേരള രാഷ്ട്രീയ രംഗം ഏറ്റവും വലിയ ഉദാഹരണമായി മാറിയിട്ടുണ്ട്.
സാംസ്‌കാരിക നിലവാരം നഷ്ടപ്പെട്ടാല്‍ പിന്നെ രാഷ്ട്രീയ മേഖല കഴമ്പുകെട്ടതും ഹീനവുമായ ഒരേര്‍പ്പാടായി തീരുമെന്ന പാഠം വ്യക്തമായി ഓര്‍ക്കേണ്ടതുണ്ട്. അത് സമൂഹത്തിന്റെ മറ്റെല്ലാ രംഗങ്ങളിലും ജീര്‍ണതപടര്‍ത്തും, നിരാശ വളര്‍ത്തും. അഴിമതിക്കാരും അവസരവാദികളുമാണ് രാഷ്ട്രീയക്കാര്‍ എന്ന തിരിച്ചറിവ് പൊതുസമൂഹത്തിലുണ്ടാക്കാന്‍ പോകുന്ന മലിനീകരണം സാമൂഹിക-സാംസ്‌കാരിക മണ്ഡലങ്ങളെ ജീര്‍ണതയിലാഴ്ത്തും. പൊതു നന്മ സമൂഹത്തില്‍ നിന്ന് അപ്രത്യക്ഷമാകും. കുത്തഴിഞ്ഞ ഒരു സാമൂഹികക്രമമാണ് നമ്മെ കാത്തിരിക്കുന്നതെന്ന് സമീപകാല കേരള രാഷ്ട്രീയം വീണ്ടും ഓര്‍മപ്പെടുത്തുന്നു. ഒരു പുതിയ മുന്നേറ്റം എത്രയും വേഗം ആരംഭിക്കാവുന്നില്ലെങ്കില്‍ സാംസ്‌കാരിക കേരളം ഒരു പഴങ്കഥ മാത്രമായി തീരുവാന്‍ ഇനി അധികം സമയമാവശ്യമില്ല.

Latest