Connect with us

Editorial

റിയല്‍ എസ്റ്റേറ്റ് രംഗം ശുദ്ധമാക്കാന്‍

Published

|

Last Updated

റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഡിനന്‍സിന് സംസ്ഥാന മന്ത്രി സഭ അംഗീകാരം നല്‍കിയിരിക്കുകയാണ്. വില്‍പ്പനക്കു വേണ്ടി നിര്‍മിക്കുന്ന ഗാര്‍ഹിക, വാണിജ്യ, ഓഫീസ്, ബിസിനസ് കെട്ടിടങ്ങളുടെയും സ്ഥലങ്ങളുടെയും നിര്‍മാണവും പരിപാലനവും കൈമാറ്റവും അടക്കമുള്ള കാര്യങ്ങള്‍ നിയമവിധേയമാക്കുകയും ഈ രംഗത്തെ ക്രമക്കേടുകള്‍ പരിഹരിക്കുകയുമാണ് ലക്ഷ്യം. ഉപഭോക്താക്കളുടെ താത്പര്യം സംരക്ഷിക്കുന്നതിനൊടൊപ്പം ഉടമകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള വ്യവസ്ഥകള്‍ കൂടി ബില്ലില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇത്തരമൊരു നിയമനിര്‍മാണം നടത്തുന്ന രാജ്യത്തെ രണ്ടാമത്തെ സംസ്ഥാനമാണ് കേരളം. മഹാരാഷ്ട്രയാണ് മുന്‍ഗാമി.
കുറഞ്ഞ കാലത്തിനിടെ അതിവേഗം തഴച്ചുവളര്‍ന്ന മേഖലയാണ് റിയല്‍ എസ്റ്റേറ്റ്. ഈ വളര്‍ച്ചക്കൊപ്പം തട്ടിപ്പും വഞ്ചനയും വ്യാപകമാകുകയും ചെയ്തു. നാട്ടിലെങ്ങും മുളച്ചുപൊങ്ങുന്ന റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങളില്‍ പലതും തട്ടിപ്പ് കമ്പനികളാണ്. നിക്ഷേപകരില്‍ നിന്ന് ശതകോടികള്‍ കൈക്കലാക്കിയാണ് പല കമ്പനി ഉടമകളും മുങ്ങുന്നത്. നിര്‍മാണത്തിനുള്ള ലൈസന്‍സ് പോലും എടുക്കാതെ വ്യാജ പ്രോജക്ടുകളും വ്യാജ പരസ്യവും നല്‍കി തട്ടിപ്പ് നടത്തുന്നവരുമുണ്ട്. അധികാരി വര്‍ഗത്തിന്റെ പേഴ്‌സനല്‍ സ്റ്റാഫുകള്‍ വരെയുണ്ട് തട്ടിപ്പ് വീരന്മാരുടെ പട്ടികയില്‍. നാട്ടിലേക്ക് മടങ്ങുമ്പോള്‍ സ്വന്തമായി ഭവനമെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാനുള്ള ആഗ്രഹത്തില്‍ ഫ്‌ളാറ്റുകള്‍ക്കും വില്ലകള്‍ക്കുമായി കോടികള്‍ നിക്ഷേപിച്ചു വഞ്ചിതരായ പ്രവാസികള്‍ നിരവധിയാണ്. ചങ്ങരംകുളം ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ഒരു റിയല്‍ എസ്‌റ്റേറ്റ് കമ്പനി രണ്ടായിരം കോടിയിലേറെ രൂപയാണ് ഗള്‍ഫ് മലയാളികളില്‍ നിന്നും നാട്ടിലെ നിക്ഷേപകരില്‍ നിന്നുമായി കൈക്കലാക്കിയത്. ഗുരുവായൂര്‍ ശാന്തിമഠം രാധാകൃഷ്ണന്‍ വില്ല നിര്‍മിച്ചു നല്‍കാമെന്ന വാഗ്ദാനത്തിലൂടെ സ്വരൂപിച്ചത് 600 കോടിയില്‍ പരം രൂപയാണ്. നാല് പതിറ്റാണ്ട് പഴക്കമുള്ള കൊച്ചിയിലെ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരായ മേത്തര്‍ ഗ്രപ്പിന്റെ തട്ടിപ്പിനിരയായവര്‍ക്ക് നഷ്ടമായത് 650 കോടി രൂപ വരും. ദുബൈ, കുവൈത്ത് തുടങ്ങിയ ഗള്‍ഫ് രാഷ്ട്രങ്ങളിലെയും യൂറോപ്പിലെയും മലയാളികളാണ് ഇവരുടെ പദ്ധതികളില്‍ പണം നിക്ഷേപിച്ചവരില്‍ ഏറെയും.
പണത്തിന്റെ സ്വാധീനത്താല്‍ രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥ പ്രമുഖരെയും വശത്താക്കുന്ന ഈ മാഫിയകള്‍ നിയമ നടപടികളെ അഭിമുഖീകരിക്കേണ്ടിവരുമ്പോള്‍ അവരുടെ സഹായത്തോടെ രക്ഷപ്പെടുന്നു. അങ്ങനെ അന്വേഷണങ്ങള്‍ അട്ടിമറിക്കപ്പെടുകയും തട്ടിപ്പിനിരയായവര്‍ക്ക് നീതി നിഷേധിക്കപ്പെടുകയുമാണ് പതിവ്. സംസ്ഥാനത്ത് നടന്ന ബഹുഭൂരിഭാഗം റിയല്‍ എസ്റ്റേറ്റ് തട്ടിപ്പുകളെയും സംബന്ധിച്ച അന്വേഷണങ്ങള്‍ എങ്ങുമെത്താതെ വഴിമുട്ടി നില്‍ക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് ഈ മേഖലയിലെ നിക്ഷേപകരെ സംരക്ഷിക്കുന്നതിനുള്ള നിയമനിര്‍മാണത്തിന് സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയത്. കെട്ടിടം, ഫഌറ്റ് തുടങ്ങിയവയുടെ ആവശ്യക്കാരില്‍ നിന്നും റിയല്‍ എസ്റ്റേറ്റുകാര്‍ മുന്‍കൂര്‍ വാങ്ങുന്ന തുകയുടെ 70 ശതമാനത്തില്‍ കുറയാത്ത തുകയോ സര്‍ക്കാര്‍ നിശ്ചയിക്കുന്ന തുകയോ ഒരു ഷെഡ്യൂള്‍ഡ് ബാങ്കില്‍ നിക്ഷേപിക്കണമെന്നതാണ് നിയമത്തിലെ ഒരു വ്യവസ്ഥ. ഈ തുക പ്രസ്തുത കെട്ടിടത്തിന്റെ ആവശ്യത്തിനു മാത്രമേ ഉപയോഗിക്കാവൂ. റിയല്‍ എസ്‌റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി, റിയല്‍ എസ്‌റ്റേറ്റ് അപ്പലേറ്റ് അതോറിറ്റി എന്നങ്ങനെ രണ്ട് സ്ഥാപനങ്ങള്‍ രൂപവത്കരിക്കുന്നതിനും വ്യവസ്ഥയുണ്ട്. ചെയര്‍മാനും രണ്ട് അംഗങ്ങളുമടങ്ങുന്ന അതോറിറ്റിക്ക് സിവില്‍ കോടതിയുടെ അധികാരമുണ്ടായിരിക്കും. അതോറിറ്റിയുടെ ഉത്തരവ് ഹൈക്കോടതിയിലേ ചോദ്യം ചെയ്യാനാകൂ. കെട്ടിടങ്ങളുടെ പണികള്‍ മനഃപൂര്‍വം നടത്താതിരിക്കുകയോ ഗുണനിലവാരമില്ലാത്ത സാമഗ്രികള്‍ ഉപയോഗിക്കുകയോ ഉടമ്പടിയിലെ നിബന്ധനകള്‍ പാലിക്കാതിരിക്കുകയോ ചെയ്താല്‍ ഉപഭോക്താവിന് അതോറിറ്റിയെ സമീപിച്ചു പരിഹാരം തേടാം. ഫഌറ്റുകളും വില്ലകളും നിര്‍മിക്കും മുമ്പ് അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം.അല്ലാതെയുള്ള വില്‍പനയോ പരസ്യമോ പാടില്ല. അതോറിറ്റിയില്‍ രജിസ്സ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് വിലയുടെ 10 ശതമാനത്തില്‍ കൂടിയ തുക അഡ്വാന്‍സ് വാങ്ങുന്നതും വിലക്കിയിട്ടുണ്ട്. നിര്‍ദിഷ്ട സമയത്ത് കെട്ടിടം കൈമാറ്റം ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ തുക പലിശ സഹിതം തിരിച്ചു നല്‍കണമെന്നും നിയമം അനുശാസിക്കുന്നു. ഫഌറ്റുകളുടെയും വില്ലകളുടെയും പേരില്‍ ഉപോഭോക്താക്കളില്‍ നിന്ന് വന്‍തുക വാങ്ങി മുങ്ങുകയോ യഥാസമയം അവ നിര്‍മിച്ചു നല്‍കാതെ വഞ്ചിക്കുകയോ ചെയ്യുന്ന പ്രവണതക്ക് തടയിടാന്‍ നിയമം ഏറെക്കുറെ സഹായകമാകുമെന്നാണ് പ്രതീക്ഷ. പക്ഷേ, വ്യവസ്ഥകള്‍ എത്ര കര്‍ശനമാണെങ്കിലും പഴുതുകള്‍ സ്വാഭാവികമാണ്. രാഷ്ട്രീയ, സാമ്പത്തിക സ്വാധീനത്താല്‍ നിയമത്തെ നോക്കുകുത്തിയാക്കാന്‍ മിടുക്കുള്ളവരാണ് ഇത്തരം മേഖലകളിലേക്ക് കടന്നുവരുന്നവരില്‍ പലരുമെന്ന കാര്യവും വിസ്മരിക്കാവതല്ല.