യുവാക്കളെ കള്ളക്കേസില്‍ കുടുക്കാന്‍ ഓട്ടോറിക്ഷക്ക് തീവെച്ച ഡ്രൈവര്‍ അറസ്റ്റില്‍

Posted on: April 10, 2015 5:41 am | Last updated: April 9, 2015 at 9:41 pm

ചിറ്റാരിക്കാല്‍: മൂന്ന് യുവാക്കളെ കേസില്‍ കുടുക്കാന്‍ സ്വന്തം ഓട്ടോറിക്ഷയ്ക്ക് തീവെച്ച ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. കമ്പല്ലൂര്‍ കൊല്ലാടയിലെ രാകേഷിനെയാണ്(30) ചിറ്റാരിക്കാല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് രാകേഷിന്റെ ഓട്ടോ കൊല്ലാടയില്‍ തീവെച്ച് നശിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്ന് യുവാക്കള്‍ തന്നെ തടഞ്ഞ് നിര്‍ത്തി മര്‍ദിക്കുകയും ഓട്ടോറിക്ഷ തീവെച്ച് നശിപ്പിക്കുകയും ചെയ്തുവെന്നും പ്രാണരക്ഷാര്‍ഥം താന്‍ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നുമാണ് രാകേഷ് പോലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയത്.
നേരത്തെ ഒരു സംഘംതന്നെ ഓട്ടോയില്‍ നിന്ന് വലിച്ചിറക്കി മര്‍ദ്ദിച്ചിരുന്നുവെന്നും ഇതേ തുടര്‍ന്ന് നിയന്ത്രണം വിട്ട ഓട്ടോ കുഴിയില്‍ മറിയുകയായിരുന്നുവെന്നും വാഹനം എടുക്കാന്‍ ചെന്നപ്പോഴാണ് മൂന്നംഗ സംഘം ഓട്ടോക്ക് തീയിട്ടതെന്നുമാണ് രാകേഷിന്റെ പരാതിയില്‍ ഉണ്ടായിരുന്നത്.
തുടര്‍ന്ന് പരാതിയില്‍ സൂചിപ്പിച്ച മൂന്ന് പേര്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍ രാകേഷിന്റെ പരാതി വ്യാജമാണെന്നും മൂന്ന്‌പേരെ കേസില്‍ കുടുക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നും തെളിഞ്ഞു.