ഒരു മിനിറ്റിനുള്ളില്‍ ചാര്‍ജ് ചെയ്യാവുന്ന ബാറ്ററിയുമായി ഗവേഷകര്‍

Posted on: April 9, 2015 6:38 pm | Last updated: April 9, 2015 at 6:38 pm

battery60 സെക്കന്റ് കൊണ്ട് ഫുള്‍ ചാര്‍ജ് ചെയ്യാവുന്ന ബാറ്ററിയുമായി സ്റ്റാന്‍ഫഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ രംഗത്ത്. കുറഞ്ഞ ചെലവില്‍ നിര്‍മിക്കാവുന്ന അലൂമിനിയം ബാറ്ററിയാണ് ഗവേഷകര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴുള്ള ലിഥിയം, ആല്‍ക്കലൈന്‍ ബാറ്ററികളെ അപേക്ഷിച്ച് കൂടുതല്‍ സുരക്ഷിതമാണ് അലൂമിനിയം ബാറ്ററിയെന്ന് സ്റ്റാന്‍ഫഡ് സര്‍വകലാശാല പ്രൊഫസര്‍ ഹോങ്‌ജെ ഡെ പറഞ്ഞു.

മുമ്പ് നിര്‍മിച്ചിട്ടുള്ള അലൂമിനിയം ബാറ്ററികള്‍ 100 തവണ ചാര്‍ജ് ചെയ്തു കഴിഞ്ഞാല്‍ ഉപയോഗശൂന്യമാവുന്നത് കണ്ടിരുന്നു. എന്നാല്‍ സ്റ്റാന്‍ഫഡില്‍ വികസിപ്പിച്ച അലൂമിനിയം ബാറ്ററി 7500 തവണ ചാര്‍ജ് ചെയ്തു കഴിഞ്ഞും തികച്ചും പ്രവര്‍ത്തനക്ഷമമായി നിലനില്‍ക്കുന്നതായും ഗവേഷകര്‍ കണ്ടെത്തി.

പുതിയ ബാറ്ററി തീപിടിക്കുകയോ പൊട്ടിത്തെറിക്കുകയോ ഇല്ല എന്ന് ഗവേഷകര്‍ പറയുന്നു. നെഗറ്റീവ് ചാര്‍ജുള്ള അലൂമിനിയം ഉപയോഗിച്ചു നിര്‍മിച്ച ആനോഡും പോസിറ്റീവ് ചാര്‍ജുള്ള ഗ്രാഫൈറ്റ് ഉപയോഗിച്ചു നിര്‍മിച്ച കാതൊഡുമാണ് പുതിയ ബാറ്ററിയിലുള്ളത്.