ഗ്രീന്‍ പീസ് ഇന്ത്യക്ക് വിദേശ ഫണ്ട് സ്വീകരിക്കാനുള്ള രജിസ്‌ട്രേഷന്‍ റദ്ദാക്കി

Posted on: April 9, 2015 6:14 pm | Last updated: April 10, 2015 at 12:04 am

green peace

ന്യൂഡല്‍ഹി: ഗ്രീന്‍ പീസ് ഇന്ത്യയുടെ വിദേശ ഫണ്ട് സ്വീകരിക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. സംഘടനയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്നു കാണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഗ്രീന്‍ പീസ് അധികൃതര്‍ക്ക് കത്തയച്ചു.

രാജ്യത്ത് വികസന വിരുദ്ധ മനോഭാവം സൃഷ്ടിക്കാന്‍ ഗ്രീന്‍ പീസ് ഇന്ത്യ ശ്രമിക്കുന്നുവെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സംഘടനക്കെതിരെ ഉന്നയിക്കുന്ന ആരോപണം. രജിസ്‌ട്രേഷന്‍ റദ്ദായതിനെ തുടര്‍ന്ന് ഐ ഡി ബി ഐ, ഐ സി ഐ സി ഐ, യെസ് ബാങ്ക് തുടങ്ങിയവയില്‍ ഉണ്ടായിരുന്ന സംഘടനയുടെ ഏഴ് അക്കൗണ്ടുകളും മരവിപ്പിച്ചു. ചെന്നൈയിലാണ് സംഘടനയുടെ ഇന്ത്യയിലെ ആസ്ഥാനം.

ഗ്രീന്‍ പീസ് ഇന്റര്‍ നാഷണലില്‍ നിന്ന് ഗ്രീന്‍ പീസ് ഇന്ത്യ ഫണ്ട് സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്ന് ഡല്‍ഹി ഹൈക്കോടതി ജനുവരിയില്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര നീക്കത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഗ്രീന്‍ പീസ് ഇന്ത്യ അധികൃതര്‍ പറഞ്ഞു.